തിരുവനന്തപുരം ● ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര മത്സരവും ഐ.പി.എല്‍ മത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയായേക്കും. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്തതോടെയാണിത്. കൊച്ചി ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം 2017 വരെ ഫുട്ബോളിനു വിട്ടുനൽകേണ്ടിവന്നതിനാലാണ് കെ.സി.എ തിരുവനന്തപുരം സ്റ്റേഡിയം ഏറ്റെടുക്കുന്നത്. അതിനാല്‍ ഇനി കെസിഎയ്ക്ക് അനുവദിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരവും അടുത്ത സീസണിൽ കേരളത്തിനു ലഭിക്കാൻ ഇടയുള്ള ഐപിഎൽ മൽസരങ്ങളും അരങ്ങേറുക കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും.
കാര്യവട്ടം സ്റ്റേഡിയം അധികൃതരുമായി പ്രാഥമിക ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. വരുമാനം പങ്കുവയ്ക്കുന്നതിന്റെ രീതിയും മറ്റു നടപടിക്രമങ്ങളുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡു (കെഎസ്എഫ്എൽ)മായി ധാരണാപത്രം ഉടനെ ഒപ്പിടുമെന്നും ടി.സി.മാത്യു വ്യക്തമാക്കി. ഒപ്പം പുതിയ സര്‍ക്കാര്‍ അധികരണത്തില്‍ വന്ന സാഹചര്യത്തില്‍ ഇടക്കൊച്ചി സ്റ്റേഡിയം പദ്ധതി വീണ്ടും സജീവമാക്കാനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments