ടോക്കിയോ●എഞ്ചിന് തീപിടിച്ചതിനെത്തുടര്‍ന്ന് കൊറിയന്‍ എയര്‍ വിമാനത്തില്‍ നിന്ന് 300 ഓളം യാത്രക്കാരേയും ജീവനക്കാരെയും ഒഴിപ്പിച്ചു. ജപ്പാന് തലസ്ഥാനമായ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തില്‍ വച്ച് കൊറിയന്‍ എയറിന്റെ ബോയിംഗ് 777 വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിന് തീപിടിച്ചതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചത്.
ദക്ഷിണ കൊറിയയിലെ ജിംബോ (കിംബോ) വിമാനത്താവളത്തിലേക്ക് പോകേണ്ട വിമാനത്തിന്റെ എഞ്ചിനാണ് തീപ്പിടിച്ചത്. അഗ്നിശമന വിഭാഗം തീ ഉടന്‍ നിയന്ത്രണവിധേയമാക്കി.
302 യാത്രക്കാരും 17 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫിന് ശ്രമിക്കുമ്പോഴാണ് എഞ്ചിനില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ജാപ്പനീസ് ഗതാഗത മന്ത്രാലയവും വിമാനത്താവള അധികൃതരും അറിയിച്ചു.
യാത്രക്കാരേയും ജീവനക്കാരെയും ഒഴിപ്പിച്ചതായും ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നും അഗ്നിശമന വിഭാഗം അറിയിച്ചു. അതേസമയം, 19 പേര്‍ക്ക് നിസാരമായ പരിക്കേറ്റതായും ഒരു അഗ്നിശമന സേന ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തീയണയ്ക്കുന്നതിനായി ഒരു ഡസനോളം ഫയര്‍ എന്‍ജിനുകള്‍ വിന്യസിച്ചിരുന്നു. തീപ്പിടുത്തത്തെത്തുടര്‍ന്ന് ഈ റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനത്താവളത്തിലെ നാല് റണ്‍വേകളില്‍ മൂന്നെണ്ണം പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, തീപ്പിടുത്തം 50,000 ത്തോളം യാത്രക്കാരെ ബാധിച്ചു. സംഭവത്തെത്തുടര്‍ന്ന് 200 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതാണ് ഇതിനിടയാക്കിയത്.
Post Your Comments