Gulf

സൗദിയില്‍ വന്‍ മദ്യശേഖരം പിടികൂടി

റിയാദ് : സൗദി അറേബ്യയില്‍ സ്വദേശിയുടെ ഗോഡൗണില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി. 22,000 ത്തോളം കുപ്പി മദ്യമാണ് റിയാദില്‍ നിന്ന് പോലീസ് പിടികൂടിയത്. സൗദി പൗരനും രണ്ട് പാക് സ്വദേശികളും ചേര്‍ന്ന് അനധികൃത വ്യാപാരത്തിനായി എത്തിച്ചതാണ് മദ്യമെന്നു വ്യക്തമായിട്ടുണ്ട്.

പ്രമുഖ ബാന്‍ഡ് മദ്യങ്ങളുടെ ബ്രാണ്ടി സ്റ്റിക്കറുകള്‍ പതിച്ച കുപ്പികളാണ് പിടികൂടിയത്. ഇത് രാജ്യത്തേക്ക് കടത്തിക്കൊണ്ടുവന്നതാണോ സൗദിയില്‍ തന്നെ വ്യാജമായി നിര്‍മ്മിച്ചതാണോ എന്ന് പരിശോധിച്ചുവരികയാണ്. ഇത് കണ്ടെത്തിയാല്‍ മാത്രമേ മദ്യത്തിന്റെ ഉറവിടവും നിര്‍മ്മാണ യൂണിറ്റും കണ്ടെത്താന്‍ കഴിയുകയുളളൂവെന്ന് മയക്കുമരുന്ന് നിയന്ത്രണ ഡിറക്ടറേറ്റ് വക്താവ് കേണല്‍ അബ്ദുല്‍ അസീസ് കദാഷ് പറഞ്ഞു.

ഈ വര്‍ഷം പിടികൂടിയ ഏറ്റവും വലിയ മദ്യശേഖരമാണിത്. ഇതിനു മുമ്പ് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വന്‍ വാറ്റുകേന്ദ്രങ്ങള്‍ പിടികൂടിയിരുന്നു. സൗദിയില്‍ മദ്യം നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.

shortlink

Post Your Comments


Back to top button