അഭിമുഖം: സുജാത ഭാസ്കര്‍
–നമസ്കാരം സര്‍,
**നമസ്കാരം ചോദിച്ചോളൂ.
–-സര്‍ ആദ്യം തന്നെ അഭിനന്ദനങ്ങള്‍ ഒറ്റയാള്‍ പട്ടാളമായി നിന്ന് ഒരു ചരിത്ര വിജയം നേടിയതിന്.
**ഒറ്റയാള്‍ പട്ടാളം അല്ലായിരുന്നു, ജനങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ ആണ് എന്നെ ജയിപ്പിച്ചതും ഞാന്‍ നിയമസഭയില്‍ ഉണ്ടാവണമെന്ന് തീരുമാനിച്ചതും.മൂന്നു മുന്നണികളുടെയും പിന്തുണയില്ലാതെയാണ് ഞാന്‍ പൂഞ്ഞാറില്‍ ജനപക്ഷം ആയി നിന്ന് മത്സരിച്ചത്. കേരള വ്യാപകമായി ജനപക്ഷതുള്ള ഒരു മുന്നണിയായി മാറാനാണ് തീരുമാനം. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഈ പുതിയ പാര്‍ട്ടി വിപുലീകരിക്കാനുമാണ് ശ്രമം. അഴിമതിക്കെതിരെ പോരാടും, അതാണ് ലക്‌ഷ്യം.
–സാര്‍ അപ്പോള്‍ നിയമസഭയില്‍ ഒരു പ്രതിപക്ഷമായി ഇരിക്കുമെന്നാണോ സൂചനകള്‍ നല്‍കുന്നത്?
** ഞാന്‍ പ്രതിപക്ഷവും ഭരണ പക്ഷവും അല്ല . ന്യൂട്രല്‍ ആണ്. ശരി പക്ഷമാണ്. എന്റെ പക്കല്‍ ശരി ഉണ്ട്. അതുകൊണ്ട് തന്നെ ശരിപക്ഷമാണ്. ഞാന്‍ ജനപക്ഷമായ് നിന്ന് ശരിക്കുവേണ്ടി പോരാടും.പൂഞ്ഞാറിലെ ജനങ്ങള്‍ ഞാന്‍ ശരിയാണെന്ന് പറഞ്ഞിരിക്കുന്നു. അത് ഞാന്‍ കേരളം മുഴുവന്‍ ജനങ്ങളെ കൊണ്ട് പറയിക്കണം എന്നതാണ് ലക്‌ഷ്യം.
–ഖജനാവ് കാലിയാണെന്നാണല്ലോ തോമസ് ഐസക് സാര്‍ പറയുന്നത്?
** എന്ത് അസംബന്ധമാണ് ഇവര്‍ ഈ പറയുന്നത്? ഖജനാവില്‍ പണമില്ലെങ്കില്‍ പിന്നെങ്ങനെയാണ് ഏകദേശം 50 ലക്ഷത്തിനു മുകളില്‍ ചിലവായ സത്യപ്രതിജ്ഞാ മാമാങ്കമൊക്കെ നടത്തിയത്? ആ പൈസ ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക് കുടിവെള്ളത്തിനു ഉപയോഗിക്കാമായിരുന്നു? എത്ര പാവപ്പെട്ടവര്‍ക്ക് പട്ടിണി മാറ്റാമായിരുന്നു? ദേശീയ പത്രങ്ങള്‍ ഉള്‍പ്പെടെ പിണറായിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പരസ്യം കൊടുത്തതിന്റെ 4 കോടിയിലേറെ തുക എങ്ങനെയുള്ളതാണ്? പാവപ്പെട്ടവന്റെ നികുതിപ്പണം അല്ലെ ഇതൊക്കെ? ഇത്തരം പരസ്യങ്ങള്‍ പാടില്ലെന്ന് നിയമം ഉള്ളപ്പോള്‍ അത് കാറ്റില്‍ പരത്തിയല്ലേ ഇതൊക്കെ നടപ്പിലാക്കിയത്? കേരളത്തിന് വെളിയില്‍ പിണറായി ഒരു ദേശീയ നേതാവല്ല. പിന്നെ ദേശീയ ശ്രദ്ധയിലേക്ക് കേരളത്തിലെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെന്തു പ്രസക്തി? തൊട്ടയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ജയലളിത സത്യപ്രതിജ്ഞ ഏറ്റെടുത്തു പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ ഉത്തരവും ഇട്ടു. ഇവിടെ ഇപ്പോഴേ ഖജനാവ് കാലിയാണെന്ന് ഒരു വശത്ത് കരയുകയും മറുവശത്ത് ധൂര്‍ത്തുമാണ് നടത്തുന്നത്.
— പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നിരിക്കുകയാണല്ലോ, ജയിച്ചപ്പോള്‍ മുതല്‍ പല അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതിനെപറ്റി? അതൊക്കെ ബിജെപിയുടെയും മറ്റും വെറും ആരോപണമായി കരുതുന്നുണ്ടോ?
** അതൊന്നും വെറും ആരോപണമല്ല. ഞാനും ശരിക്കന്വേഷിച്ചതാണ്.പിണറായിയില്‍ പിണറായി വിജയന്‍റെ സ്വന്തം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ സഖാക്കള്‍ ആക്രമിക്കുകയാണ്. ആദ്യം പിണറായി വിജയന്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് ശരിയാക്കല്‍ തുടങ്ങണം. അക്രമത്തില്‍ നിന്ന് ആ നാടിനെ രക്ഷപെടുത്തട്ടെ, ടി.പിയുടെ വിധവ രമയെ ആക്രമിച്ചതും ഒക്കെ സഖാക്കന്മാര്‍ തന്നെയാണ്.ആക്രമിച്ച അവരെയൊക്കെ ഇനിയെങ്കിലും നിലക്ക് നിര്‍ത്തട്ടെ. പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതാവണം സര്‍ക്കാര്‍. പിണറായി വ്യക്തിവൈരാഗ്യം വെച്ചുപുലർത്തുന്ന ആളാണ്. എന്നോടും വിരോധമുണ്ട്. അതാണ് അന്ന് യു ഡി എഫിൽ നിന്ന് വിട്ടു വന്നപ്പോൾ എൽ.ഡി .എഫിൽ അന്ന് എടുക്കാതിരുന്നത്.അല്ലെങ്കിൽ ബാലകൃഷ്ണ പിള്ള വരെ എൽ.ഡി.എഫിൽ വരില്ലല്ലോ. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഇത്തരം അക്രമങ്ങളെ എതിര്‍ത്ത് ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കട്ടെ. ഈ രാഷ്ട്രീയ കളിയൊക്കെ ജനങ്ങള്‍ മനസ്സിലാക്കും. ഇതുപോലെ സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോൾ ഗവര്‍ണറുടെ അടുത്ത് നിന്ന് സത്യപ്രതിജ്ഞ നടത്തിയാൽ പോരായിരുന്നോ?
— കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ താങ്കള്‍ എൽ ഡി എഫുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് വാർത്ത കണ്ടിരുന്നല്ലോ?
** സത്യമാണ്. അതാണ് എനിക്ക് പറ്റിയ തെറ്റും. അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്റെ ശത്രു ആയതും. ഞാൻ ഒരിക്കലും ആ ഒരു നീക്കം ചെയ്യാൻ പാടില്ലായിരുന്നു.സത്യത്തിൽ എന്നെ ചതിച്ചത് മാണിയാണ്. എനിക്കും ഉമ്മന്‍ ചാണ്ടിക്കും മറ്റു വിരോധങ്ങൾ ഇല്ല . ചേട്ടാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ കാണാറില്ല. കണ്ടാലും ഒരുപക്ഷെ അങ്ങനെ വിളിച്ചുപോകുമായിരിക്കും
— വി എസിനെ മുഖ്യമന്ത്രി ആക്കാതിരുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു? താങ്കൾ വി എസിനെ സന്ദർശിച്ചതിനെ കുറിച്ച്?
** അനിയത്തിയെ കാണിച്ചു ചേടത്തിയെ പെണ്ണ് കെട്ടിക്കുന്ന ഒരേർപ്പാട് പണ്ട് കാലത്ത് കണ്ടു വന്നിരുന്നു. പള്ളിയിൽ കെട്ടാൻ ചെല്ലുമ്പോൾ അവിടെ വെച്ചാണ് ചെറുക്കന് അബദ്ധം മനസ്സിലാവുന്നത്. പിന്നെ ഒഴിഞ്ഞു മാറാൻ കഴിയാറുമില്ല. അതാണ് ഇപ്പോൾ ജനങ്ങളുടെ അവസ്ഥയും. പ്രായമായി എന്ന് പറഞ്ഞ് ഒരാളെ ഇങ്ങനെ മൂലയ്ക്കൊതുക്കിയിട്ടാണല്ലോ ഇപ്പൊ പിണറായി മുഖ്യമന്ത്രി ആയത്.യഥാർത്ഥ ഫാസിസം ആണ് പാർട്ടിയിൽ. പിണറായിയെ എല്ലാവർക്കും ഭയമാണ്. കോടിയേരിക്ക് വരെ. വി എസിനെ ഞാൻ കണ്ടിരുന്നു. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്. അല്ലെങ്കിൽ കേരളത്തിൽ അങ്ങോളമിങ്ങോളം തെരഞ്ഞെടുപ്പു പ്രചാരണവുമായി മുന്നോട്ടു പോകില്ലായിരുന്നല്ലോ? ഒരു ദിവസം തന്നെ അഞ്ചു മണ്ഡലങ്ങളില്‍ വരെ ഓടി നടന്നു പ്രസംഗിച്ചില്ലേ? മുഖ്യമന്ത്രി ആവാന്‍ യോഗ്യനായ ഒരാളെ മൂലയ്ക്കിരുത്തിയാണ് ഇപ്പോള്‍ ഈ മുഖ്യമന്ത്രി സ്ഥാനം.എന്റെ ഒരവയവത്തിനും അസുഖമോ കേടുപാടോ ഇല്ലെന്നാണ് വി എസ് എന്നോട് പറഞ്ഞത്.ആരോഗ്യമില്ലാത്ത ഒരാലായിരുന്നെങ്കിൽ എന്തിനാണ് അങ്ങേരെ പിടിച്ചു എം എൽ എ ആക്കിയത്? ആത് ആ മണ്ഡലത്തിലെ ജനങ്ങളോടുള്ള ദ്രോഹമല്ലേ? പലപ്രാവശ്യം നുണ പറഞ്ഞ് സത്യമാക്കുന്ന ഒരു രീതിയല്ലേ ഇവർ കാണിക്കുന്നത് . സ്റ്റാലിന്റെ തത്വം. ചുരുക്കത്തിൽ പിണറായി പക്ഷ സര്‍ക്കാര്‍ വന്നു. വി എസ് പക്ഷത്തിനെ ഒതുക്കി. ഇനി വി എസ് കേറി വരികയുമില്ല. അങ്ങേരെ മൂലയ്ക്കിരുത്തി.
— വി എസിന് സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനായാണല്ലോ പുതിയ പദവി ഉണ്ടെന്നു വാർത്തയെ പറ്റി??
** അതൊക്കെ കണ്ണില്‍ പൊടിയിടാനല്ലേ, വി എസിന്റെ ഉപദേശം ആരാണ് സ്വീകരിക്കുന്നത്?പിണറായി കേള്‍ക്കുമോ? അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പരിശ്രമിച്ചവരല്ലേ ഇവരൊക്കെ? പിന്നെ ഫിഡല്‍ കാസ്ട്രോ ആണെന്നൊക്കെ വെറുതെ ഒരു മേനിക്കു പറയാം. അതുപോലെ പിണറായിയുടെ വീര ചരിത്രങ്ങളൊക്കെ ഇപ്പോള്‍ പലരും എഴുതി കാണുന്നത് കണ്ടു. പിണറായി അടിയന്തിരാവസ്ഥ കാലത്ത് അടി മേടിച്ചു കാലൊടിഞ്ഞു എന്നൊക്കെ ഇപ്പോള്‍ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് ചിരി വരികയാണ്. എന്തുകൊണ്ട് അന്ന് അടികിട്ടിയതും ജയിലില്‍ പോയതുമൊക്കെ എങ്ങും കണ്ടില്ല? ഇതൊക്കെ ശരിയാണെങ്കില്‍ ഷാ കമ്മീഷനില്‍ ഇതൊന്നും പ്രതിപാദിച്ചു കാണുന്നില്ലല്ലോ? അപ്പൊ ഇതെല്ലാം ശരിയാണോ എന്ന് എനിക്ക് ബലമായ സംശയമുണ്ട്.
–സി.പി.എം അധികാരത്തിൽ വന്നതിനെ കുറിച്ച് പിസിയുടെ അഭിപ്രായം എന്താണ്?
** സ്റാലിൻ കമ്മ്യൂണിസത്തിലെക്കു പോകാതെയിരുന്നാൽ പാർട്ടിക്ക് നല്ലത്. കഴിഞ്ഞ 2011 ലെ ഇലക്ഷനിൽ സി.പി.എം മ്മിനു കിട്ടിയ വോട്ടിനേക്കാൾ 2% കുറവാണ് ഇത്തവണ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ തോറ്റ മുന്നണിയെക്കാൾ 2 ശതമാനം കുറവാണ് ഇപ്പോഴത്തെ വോട്ട് . ഇതൊക്കെ ഒരു കണക്കിന്റെ അഡജെസ്റ്റ് മെന്റ് കൊണ്ട് കേറി വന്നു എന്നേയുള്ളൂ. അത് കണ്ടു അഹങ്കരിക്കണ്ട. നല്ല കമ്മ്യൂണിസ്റ്റിനെ ഒക്കെ മൂലയിൽ ഒതുക്കി കഴിഞ്ഞു. 91 സീറ്റ് കിട്ടിയെങ്കിലും സിപിഎം ഇപ്പൊ ഒരു റീജിയണൽ പാർട്ടിയായി മാറി. ദേശീയ പദവി നഷ്ടപ്പെട്ടു കഴിഞ്ഞു. ആൾ ഇന്ത്യ പാർട്ടി അല്ല. റൌഡിസം ഒക്കെ നിർത്തണം എന്റെ ഒരു പ്രവര്‍ത്തകനെ വഴിയിൽ പിടിച്ചു നിരത്തി ഷര്‍ട്ടും വലിച്ചു കീറി പയ്യനെ പിടിച്ചു അടിച്ചു, ഓടി ചെന്ന പെങ്ങന്മാരെ പോലും അടിച്ചു. വേറെ ഒരു പ്രവർത്തകനെ മാല വലിച്ചു പറിച്ചു. മദ്യപിച്ചിട്ടിട്ടാണ് ഇതൊക്കെ ചെയ്തത്. പേര് സിപിഎം നേതാവ് എന്നും. പക്കാ കൊള്ളക്കാരെ പോലെ പെരുമാറുന്നതാണോ ജനാധിപത്യം? ഞങ്ങളാണ് ഭരിക്കുന്നതെന്നാണ് പറയുന്നത്. ഇതിനെ ഒക്കെ തടഞ്ഞില്ലെങ്കിൽ ഈ സര്‍ക്കാര്‍ അധിക കാലം മുന്നോട്ടു പോകാൻ കഴിയില്ല. ഈ സര്‍ക്കാര്‍ വലിയ ആയുസ്സുള്ള സര്‍ക്കാര്‍ ആണെന്ന് എന്റെ മനസ്സ് പറയുന്നില്ല. വാഴത്തോട്ടം നശിപ്പിച്ചും കണ്ട ബി.ജെ.പിക്കാരെ ഒക്കെ പിടിച്ചു തല്ലിയും വെട്ടിയും സാധനങ്ങൾ തീയിട്ടും ഒരു ഭീതി ഉണ്ടാക്കിയാൽ എക്കാലവും ജനം കൂടെ നിൽക്കില്ല.
–പിണറായിയിൽ കള്ളവോട്ട് നടന്നെന്നു കേട്ടല്ലോ?
**17000 കള്ള വോട്ടാണ് നടന്നിരിക്കുന്നത്. ഇലക്ഷൻ കമ്മീഷൻ അതൊക്കെ പറയട്ടെ.
— സുധാകരൻ ഒളിഞ്ഞു നോക്കിയെന്നും വിവാദമായല്ലൊ?
** അത് പൊക്കക്കുറവായത് കൊണ്ടാവും,എത്തി നോക്കിയത്. പിന്നെ പത്രത്തിൽ ഫോട്ടോ വന്നത് അതാ പറ്റിപ്പോയ അബദ്ധം. സുധാകരൻ ഒരു നല്ല മനുഷ്യനാണ്. മാന്യനാണ്. വല്ല ആകാംഷയും തോന്നി നോക്കിയതായിരിക്കും.
— വി എസിന്റെയും ഭാര്യയുടെയും വോട്ട് ചെയ്യുന്നത് നോക്കി എന്നാണ് കണ്ടത്.?
** അത് രണ്ടുപേരും ഒരാൾക്കാണോ ചെയ്തതെന്ന് നോക്കിയതാവും. (ചിരിക്കുന്നു)
–ബി ഡി ജെ എസിനെപറ്റി?
** ബി ഡി ജെ എസിന് പ്രത്യേകിച്ച് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്നു തോന്നുന്നില്ല.വർഗീയത വിലപ്പോവില്ലെന്ന് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കാണിച്ചു തന്നതാണല്ലോ?
— സർ , ഇനി പൂഞ്ഞാറിൽ ആണോ താമസം അതോ?
** ഞാൻ തിരുവനന്തപുരത്ത് എം എൽ എ ക്വാർട്ടെഴ്സിലാണ് താമസിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
— മക്കൾ സജീവ രാഷ്ട്രീയത്തിൽ ആണോ?
**മൂത്തവൻ ഷോൺ സജീവ രാഷ്ട്രീയത്തിൽ ആണ്. ഇളയവൻ ഷെയ്ൻ പഠിക്കുന്നു ഭാര്യ ഹൌസ് വൈഫ് ആണ്.
–നന്ദി സർ ഇത്രയും സമയം ഞങ്ങള്ക്ക് വേണ്ടി തന്നതിൽ
**നമസ്കാരം..
Post Your Comments