തിരുവനന്തപുരം● ആരോഗ്യ രംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ളവയുടെ പോരായ്മകള്‍ പരിഹരിക്കും. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ അപര്യാപ്ത ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനായി നിയനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കും. സാങ്ക്രമിക രോഗങ്ങളെ ചെറുക്കാനാണ് ഒന്നാമത്തെ പരിഗണന നല്‍കുന്നത്. മാലിന്യ നിര്‍മാര്‍ജനം നടത്തി കൊതുകു നിവാരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി ജനങ്ങളും ശ്രദ്ധിക്കണം. പാരമ്പര്യ രോഗങ്ങളിളേയും ജീവിത ശൈലീ രോഗങ്ങളേയും ചെറുക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കും.മാനസികമായും ശാരീരികമായും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി ആരോഗ്യ മേഖലയും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
കേരളത്തിലെ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് കാഴ്ചവയ്ക്കുന്നത്. അതിനാലാണ് അധികാരമേറ്റെടുത്ത തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലെ ഏറ്റവും പ്രധാന മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തന്നെ ആദ്യമായി സന്ദര്‍ശിക്കാന്‍ തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ പ്രതീക്ഷയാണിത് ഈ മെഡിക്കല്‍ കോളേജ്. ലോകോത്തരമായ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളേജ് വിജയിച്ചിരിക്കുകയാണ്. ഇവിടത്തെ സാധ്യതകള്‍ കണ്ടറിഞ്ഞ് ഏറ്റവും അത്യാധുനികമായ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കും. ഇതിനായി ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാവരും ഒത്തൊരുമിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദ് ഐ.എ.എസ്., ഡി.എം.ഇ. ഡോ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ കുമാരി, സീനിയര്‍ എ.ഒ. എ. ഷെരിഫുദ്ദീന്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, എസ്.എ.ടി. സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ശ്രീനാഥ്, ഡോ. രമേഷ് രാജന്‍, ഡോ. സുല്‍ഫിക്കര്‍, വിവിധി വിഭാഗങ്ങളിലെ മേധാവികള്‍ എന്നിവര്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിയുന്ന ബഷീറിന്റെ ഭാര്യ ജുമൈല ബീവിയേയും ബന്ധുക്കളേയും മന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ വിവിധ വാര്‍ഡുകളും മന്ത്രി സന്ദര്‍ശിച്ചു.
Post Your Comments