റാഞ്ചി: ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ ജാര്‍ഖണ്ഡിലേക്കുണ്ടായ മദ്യപരുടെ ഒഴുക്കു നിയന്ത്രിക്കാന്‍ പട്ടാളത്തില്‍ നിന്നു വിരമിച്ച ആയിരം ജവാന്മാരെ എക്‌സൈസ് വകുപ്പ് ഗാര്‍ഡുമാരായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. എക്‌സൈസ് വകുപ്പ് മതിയായ ജീവനക്കാരില്ലാതെ വിഷമിക്കുന്ന സാഹചര്യത്തിലാണിത്. ബിഹാറില്‍ മദ്യനിരോധനം നിലവില്‍ വന്നതുമുതല്‍ അനേകംപേര്‍ ജാര്‍ഖണ്ഡിലെത്തി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിര്‍ത്തി ഗ്രാമങ്ങള്‍ വഴി മദ്യകടത്ത് വ്യാപകമായിട്ടുമുണ്ട്.
ജാര്‍ഖണ്ഡില്‍ നിന്ന് ബിഹാറിലേക്ക് വന്‍തോതില്‍ അനധികൃത മദ്യം ഒഴുകുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിതിഷ്‌കുമാര്‍ ആവശ്യപ്പെട്ടിരുന്നു. വിരമിച്ച പട്ടാളക്കാരുടെ സഹായത്തോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പരിശോധനയും റെയ്ഡും വ്യാപകമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ നീക്കം. ബിഹാറില്‍ നിന്നു മദ്യപിക്കാനായി ജാര്‍ഖണ്ഡിലെത്തുന്നവരെ കണ്ടെത്തി തിരിച്ചയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിഹാറില്‍നിന്നു നേപ്പാള്‍ അതിര്‍ത്തി കടന്ന് മദ്യപിച്ചവരെ അറസ്റ്റു ചെയ്തിരുന്നു.
Post Your Comments