കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നാലര പതിറ്റാണ്ട് മുമ്പ് കൈവെച്ച പോലീസുകാരന്‍ ഇന്ന് സി.പി.ഐ പ്രവര്‍ത്തകന്‍. കക്കാട് സ്പിന്നിംഗ് മില്ലിന് സമീപം ഐശ്വര്യയില്‍ വിശ്രമജീവിതം നയിക്കുന്ന വിരമിച്ച പോലീസുകാരന്‍ സി. ജയചന്ദ്രനാണ് കാലം മാറിമറിഞ്ഞപ്പോള്‍ ഇടതുപക്ഷ സഹയാത്രികനായി മാറിയത്.
1975 ല്‍ അടിയന്തരാവസ്ഥക്കാലത്താണ് സംഭവം. അന്ന് തലശ്ശേരിയില്‍ എ.എസ്.ഐ ആയിരുന്ന ജയചന്ദ്രന്‍ ഉള്‍പ്പെട്ട സംഘത്തിനായിരുന്നു പിണറായി വിജയന്‍റെ കെ.എസ്.വൈ.എഫിനെ ഒതുക്കാന്‍ നിര്‍ദേശം കിട്ടിയത്. നന്നായി പെരുമാറാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദേശം ലഭിച്ചിരുന്നതിനാല്‍ ലാത്തിച്ചാര്‍ജ്ജും നടത്തി.
തലശ്ശേരി കോടതിക്ക് മുന്നില്‍ ഇരുനൂറോളം പേര്‍ വരുന്ന സംഘത്തിന്‍റെ പിക്കറ്റിംഗ് ആയിരുന്നു പരിപാടി. സമരക്കാരുടെ നേതാവ് പിണറായി വിജയന്‍ എന്ന യുവാവിനെ മാര്‍ക്ക് ചെയ്തോളാനും നിര്‍ദേശമുണ്ടായിരുന്നു. അടിക്കിടയില്‍ പിണറായിയും സംഘവും വിദഗ്ദ്ധമായി രക്ഷപ്പെടുകയും ചെയ്തു.
ജോലിയില്‍ നിന്നും വിരമിച്ച ശേഷം സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനായി മാറിയിരിക്കുന്ന ജയചന്ദ്രന്‍ പുഴാതി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സീറ്റില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വീട്ടിലിരുന്ന് ടിവിയില്‍ ചടങ്ങ് കാണുന്ന തിരക്കിലായിരുന്നു ഇന്നലെ ജയചന്ദ്രന്‍.
Post Your Comments