KeralaNews

ഇറച്ചിയും മീനും തൊട്ടാല്‍ പൊള്ളും: ഇറച്ചിക്കോഴിക്കും തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും പിന്നാലെ മീന്‍, ഇറച്ചി വിലയും കുതിക്കുന്നു. കടല്‍ പ്രക്ഷുബ്ധമായതോടെ മീനിനു ക്ഷാമമായി; കിട്ടുന്നതിനു തീവില! ബ്രോയിലര്‍ ചിക്കന്‍ വില 132 രൂപയിലെത്തി. നാടന്‍ കോഴിയിറച്ചിക്ക് 190 രൂപ നല്‍കണം. ആട്ടിറച്ചിക്ക് 580-600 രൂപ. മാട്ടിറച്ചിക്ക് 280-300 രൂപയായി വില.

ചെറുമീനുകള്‍ കിട്ടാനേയിനില്ലാത്ത സ്ഥിതിയാണ്. ‘ഒരു ചെറിയ മീനല്ലെന്ന്’ തെളിയിച്ച് നത്തോലിയുടെ വില 260 രൂപയായി. അയലയ്ക്ക് 280 രൂപയും മത്തിക്ക് 160 രൂപയും നല്‍കണം.

സാധാരണഗതിയില്‍ ട്രോളിങ് നിരോധനകാലത്താണ് സംസ്ഥാനത്ത് മീന്‍ ക്ഷാമം രൂക്ഷമാകുന്നതും വില ഉയരുന്നതും. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവും മല്‍സ്യലഭ്യതയെ ബാധിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനകാലത്തു പോലും കടലിന്റെ അടിത്തട്ടില്‍ നിന്ന് കോരുവല ഉപയോഗിച്ച് മീന്‍ പിടിത്തം വ്യാപകമായിരുന്നു. ചെറുമീനുകളെ കടലിലേക്കു തിരികെക്കളഞ്ഞിരുന്ന പതിവു മാറി. ഇപ്പോള്‍ അവയെ തൂത്തുവാരി എടുക്കുകയാണ്. വളത്തിനും കോഴിത്തീറ്റക്കുമായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് മുന്‍പെങ്ങും ഉണ്ടാകാത്ത തരത്തില്‍ മീനിന് ക്ഷാമം തുടങ്ങിയത്. ഒരു കിലോ സാധാരണ കൊഞ്ചിന് 450 രൂപയും കരിമീനിനു 350 രൂപയുമാണ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ വില.

കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ക്ഷാമം വീണ്ടും രൂക്ഷമാകുമെന്നും വില ഇനിയും ഉയരുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. കരിമീന്‍ അടക്കം സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന മീന്‍ കഴിക്കുന്നവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്.
ഗുജറാത്ത്, ബംഗാള്‍, ആന്ധ്ര തുടങ്ങിയിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായും മീന്‍ എത്തുന്നത്. പിടിച്ച് ഏറെ ദിവസങ്ങള്‍ക്കു ശേഷം ഇവിടുത്തെ വിപണിയിലെത്തുന്നതു വരെ അമോണിയവും ഫോര്‍മാലിനും പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് മീന്‍ സൂക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button