NewsInternationalGulf

ഡിസംബറോടെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഒഴിവാക്കിയേക്കും

ദോഹ: പ്രവാസികളുടെ വരവും താമസവും തിരിച്ചുപോക്കും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം ഡിസംബറോടെ നിലവില്‍വരുമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫൈയ്ത്ത് ഡയലോഗില്‍ (ഡി.സി.ഡ്) ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ പാസ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ് ക്യാപ്റ്റന്‍ അബ്ദുല്ല ഖലീഫ അല്‍ മൊഹന്നദി ആണ് ഇക്കാര്യം വ്യക്തമാക്കിയത് ‘ഖത്തറിലെ വിദേശകുടുംബങ്ങള്‍: അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് ഡിസിഡ് വട്ടമേശാ സമ്മേളനം നടന്നത്.

നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസിയും തൊഴിലുടമയ്ക്കുമിടയില്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ നിയമം നടപ്പാക്കുക. തൊഴിലുടമകളുടെ വീഴ്ചകള്‍ക്ക് പിഴ ഈടാക്കുന്നത് കര്‍ശനമാക്കും. പുതിയ വിസയില്‍ രാജ്യത്ത് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവില്‍ തടസ്സമായുള്ള രണ്ടുവര്‍ഷത്തെ നിരോധനം പുതിയനിയമം വരുന്നതോടെ അസാധുവാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2015 ഒക്ടോബര്‍ 27നാണ് പ്രവാസികളുടെ വരവും താമസവും തിരിച്ചുപോക്കും നിയന്ത്രിക്കുന്നതിനുള്ള പുതിയ 21ാം നമ്പര്‍ നിയമം തയ്യാറാക്കിയത്. ഖത്തറിലെ പ്രവാസിസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രം മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ഡിസിഡ് ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ബിന്‍ സാലേ അല്‍ നുഐമി പറഞ്ഞു.നാലരദശാബ്ദക്കാലത്തിനിടയില്‍ ഖത്തറിലെ ജനസംഖ്യ 23 മടങ്ങ് ഉയര്‍ന്നതായി പെര്‍മെനന്റ് പോപ്പുലേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുല്‍ത്താന്‍ അലി അല്‍ ഖുവാരി പറഞ്ഞു. 2016 മാര്‍ച്ച് 31ന് രാജ്യത്ത് 25,26,994 പേര്‍ ജീവിക്കുന്നതായാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ 85 ശതമാനം പേരും ഉത്പാദനക്ഷമമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അല്‍ ഖുവാരി പറഞ്ഞു.

രാജ്യത്ത് 191 സ്വതന്ത്ര സ്‌കൂളുകളിലും കൂടി 1,08,000 വിദ്യാര്‍ഥികളാണുള്ളതെന്ന് വിദ്യാഭ്യാസഉന്നത വിദ്യാഭ്യാസമന്ത്രാലത്തിനുകീഴിലെ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫൗസിയ അല്‍ ഖാദര്‍ പറഞ്ഞു. അതില്‍ 58 ശതമാനം ഖത്തറികളും ബാക്കി വിദേശികളുമാണ്. 162 സ്വകാര്യ സ്‌കൂളുകളും ഉണ്ട്. 87 സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളും നിലവിലുണ്ട്. 1,72,000 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതില്‍ 18 ശതമാനം മാത്രമാണ് ഖത്തറികുട്ടികള്‍ എന്നും അവര്‍ പറഞ്ഞു.

ഉയര്‍ന്ന വീട്ടുവാടകയും സൗജന്യ വിദ്യാഭ്യാസത്തിന്റെ ലഭ്യതക്കുറവുമാണ് ഖത്തറിലെ വിദേശിസമൂഹം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് വട്ടമേശയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രവാസി പ്രതിനിധികളും അഭിപ്രായപ്പെട്ടു. എങ്കിലും ഉയര്‍ന്ന സുരക്ഷയും സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷവും മൂലം കുടുംബങ്ങള്‍ ഖത്തറില്‍ താമസിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button