ടോക്കിയോ: രണ്ടാം ലോകമഹായുദ്ധകാലത്ത് തന്‍റെ രാജ്യം ഹിരോഷിമയില്‍ അറ്റം ബോംബിട്ടതിന് താന്‍ മാപ്പു പറയില്ലെന്ന് ഹിരോഷിമയില്‍ ചരിത്രപരമായ സന്ദര്‍ശനത്തിന് ഒരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ. ജാപ്പനീസ് ദേശീയ ടെലിവിഷനായ NHK-യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ തന്‍റെ നയം വ്യക്തമാക്കിയത്.
ഹിരോഷിമാ സന്ദര്‍ശനത്തിനിടെ മാപ്പു പറയാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ഒബാമയുടെ മറുപടി ഇപ്രകാരമായിരുന്നു, “ഇല്ല, കാരണം യുദ്ധത്തിനിടയില്‍ രാഷ്ട്രത്തലവന്മാര്‍ എല്ലാത്തരം തീരുമാനങ്ങളും എടുക്കും എന്ന കാര്യം മനസ്സിലാക്കുക എന്നത് പരമപ്രധാനമാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്”.
“ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അവയെപ്പറ്റി പരിശോധിക്കുകയും ചെയ്യുക എന്നത് ചരിത്രകാരന്മാരുടെ ജോലിയാണ്. കഴിഞ്ഞ ഏഴര വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പദവിയില്‍ ഇരിക്കുന്ന ഒരാളെന്ന നിലയില്‍ എല്ലാ നേതാക്കന്മാര്‍ക്കും അത്യന്തം പ്രയാസകരമായ തീരുനാമങ്ങള്‍ എടുക്കേണ്ടതായി വരും – പ്രത്യേകിച്ച് യുദ്ധകാലത്ത് – എന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു,” ഒബാമ പറഞ്ഞു.
1945 അഗസ്റ്റ് 6-ന് 140,000 പേരുടെ മരണത്തിനിടയാക്കിയ ആദ്യത്തെ ആറ്റംബോംബ് ഹിരോഷിമയില്‍ ഇട്ടതിനു ശേഷം അവിടം സന്ദര്‍ശിക്കുന്ന ആദ്യത്തെ സിറ്റിംഗ് യു.എസ്.പ്രസിഡന്‍റായി മാറും ഒബാമ. മൂന്നു ദിവസത്തിനുള്ളില്‍ ദക്ഷിണജപ്പാനിലെ നഗരമായ നാഗസാക്കിയിലും 74,000 പേരുടെ മരണത്തിന് കാരണമായ രണ്ടാമത്തെ ആറ്റംബോംബ് അമേരിക്ക വര്‍ഷിച്ചിരുന്നു. ഇതോടെ രണ്ടാം ലോകമഹായുദ്ധവും അവസാനിച്ചു.
Post Your Comments