ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബഡ്ജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് 100 ലേറെ പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. സ്പൈസ് ജെറ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക ലാഭമായ 407 കോടി രൂപ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ബോയിംഗ്, എയര്‍ബസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും രണ്ട്-മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡര്‍ നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനിയുടെ ചെയര്‍മാനും എം.ഡിയുമായ അജയ് സിംഗ് പറഞ്ഞു.
എണ്ണ വിലയിൽ കാര്യമായ കുറവ് വന്നതാണ് സ്പൈസ് ജെറ്റ് പോലുളള ചെറിയ എയർലൈനുകൾക്ക് കൂടുതൽ വരുമാനവും ലാഭവും ഉണ്ടാകാന്‍ കാരണം. മാര്‍ച്ച് 2016 ന് അവസാനിച്ച പാദത്തില്‍ 173 കോടി രൂപ സര്‍വീസുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ഒറ്റതവണ ചെലവിനായി മാറ്റിവച്ച ശേഷവും 73 കോടി രൂപ ലാഭം കമ്പനി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 225% വര്‍ധനവാണ് ഉണ്ടായത്.
ബോയിംഗ്, എയര്‍ബസ് കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയാല് ഡെലിവറി ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. എത്രയും വേഗം വിമാനങ്ങൾ ലഭ്യമാവുക എന്നതാണ് സ്പൈസ് ജെറ്റിന്റെ ആവശ്യം. അതിനാല്‍ വിമാനങ്ങള്‍ പാട്ടത്തിന് എടുക്കാനും കമ്പനി ആലോചിക്കുനുണ്ട്.
Post Your Comments