NewsInternationalGulf

ഗാര്‍ഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നവര്‍ക്ക് കഠിനശിക്ഷ

റിയാദ്: വീട്ടുവേലക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ അതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്’ സംവിധാനത്തിലൂടെയല്ലാതെ വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യുകയോ താല്‍ക്കാലികമായി വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം

അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫാലിഹ് പറഞ്ഞു.

റമദാന്‍ അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ തൊഴില്‍ വിപണിയില്‍ വീട്ടുവേലക്കാര്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം ഉപയോഗപ്പെടുത്താന്‍ വേലക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും പത്രങ്ങളിലും ഇതര മാധ്യമങ്ങളിലും പരസ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ പരസ്യം നല്‍കുന്നവരെക്കുറിച്ചും അതിന്റെ നിയമസാധുതയെക്കുറിച്ചും അന്വേഷിക്കാന്‍ പൊതുസുരക്ഷ വിഭാഗവും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ധാരണയിലായിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

വേലക്കാരെ ചൂഷണം ചെയ്ത് തൊഴിലുടമയോ സ്ഥാപനമോ ഇടനിലക്കാരോ വേലക്കാരെ കൈമാറ്റം ചെയ്യുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് മനുഷ്യക്കടത്തിന്റെയും കച്ചവടത്തിന്റെയും ഗണത്തില്‍ ഉള്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കും. 15 വര്‍ഷം തടവും പത്ത് ലക്ഷം റിയാലും പിഴയുമാണ് ഇതിന് ശിക്ഷ. തൊഴിലുടമ തൊഴിലാളിയെ ചൂഷണം ചെയ്യാത്ത സാഹചര്യത്തിലും തൊഴിലാളി ഒളിച്ചോടിയതല്ലാത്ത അവസ്ഥയിലും വീട്ടുവേലക്കാരുടെ നിയമാവലിയില്‍ പറഞ്ഞ നിയമലംഘനത്തിനാണ് കേസ് എടുക്കുക. ഒളിച്ചോടിയ തൊഴിലാളി സ്വന്തം ഉത്തരവാദിത്തത്തില്‍ പുറത്ത് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഇഖാമ നിയമലംഘനമനുസരിച്ചാണ് കേസ് എടുക്കുക എന്നും ഡോ. അല്‍ഫാലിഹ് വിശദീകരിച്ചു.

വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനോ താല്‍കാലിക കാലത്തേക്ക് വാടകക്ക് എടുക്കാനോ ഉദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്’ സംവിധാനം വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ 19911 എന്ന നമ്പര്‍ വഴി ബന്ധപ്പെടാവുന്നതാണ്. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 989 എന്ന നമ്പറിലും ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button