Kerala

ഇടുക്കിയെ സമ്പൂർണ്ണ സ്ത്രീ ക്യാൻസർ വിമുക്ത ജില്ലയാക്കാൻ വനിതക്കമ്മിഷൻ പദ്ധതി

ഇടുക്കി : സംസ്ഥാനത്ത് ഏറ്റവുമധികം ക്യാൻസർ രോഗികളുള്ള ഇടുക്കി ജില്ലയിലെ സ്ത്രീകളെ ക്യാൻസറിൽനിന്നു സമ്പൂർണ്ണമായി മോചിപ്പിക്കാനുള്ള പദ്ധതിക്കു കേരള വനിതാക്കമ്മിഷൻ തുടക്കം കുറിക്കുന്നു. മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചൊവ്വാഴ്ച (മേയ് 24 ന്) ചലച്ചിത്രനടി മീര ജാസ്മിൻ പരിപാടി ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയിൽ കമ്മിഷൻ നടപ്പാക്കിവരുന്ന പദ്ധതിയുടെ മാതൃകയിലാണിതു നടപ്പാക്കുക എന്ന് ജില്ലയുടെ ചുമതലയുള്ള കമ്മിഷനംഗം ഡോ: ജെ. പ്രമീളാദേവി അറിയിച്ചു.

സ്ത്രീകളുടെ മരണത്തിനുള്ള പ്രധാനകാരണമായി ക്യാൻസർ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷൻ ഇത്തരമൊരു പരിപാടിക്കു രൂപം നൽകിയത്. തുടക്കത്തിലേ രോഗം കണ്ടെത്താനായാൽ ക്യാൻസർ മരണങ്ങളിൽ 65 – 70 ശതമാനവും ഒഴിവാക്കാനാകും. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. എൻഡോസൾഫാന്റെയും മറ്റും അമിതോപയോഗമുള്ള ജില്ലയിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ വിപത്തിന് ആവർത്തനസ്വഭാവത്തോടെ തുടരുന്ന ദീർഘകാലപദ്ധതി പരിഹാരമാകും എന്നു പ്രമീളാദേവി പറഞ്ഞു.

ജില്ലയിലെ മുഴുന്ന് ആശാവർക്കർമാരുടെയും പാലിയേറ്റീവ് നഴ്സുമാരുടെയും സേവനം പ്രയോജനപ്പെടുത്തി മൂന്നു ഘട്ടമായാണു പരിപാടി നടപ്പാക്കുക. പ്രവർത്തകർക്കുള്ള ബോധവത്ക്കരണമാണ് ആദ്യഘട്ടം. ക്യാൻസറിന്റെ പ്രാഥമികലക്ഷണങ്ങൾ അദ്ധാരമാക്കി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചുള്ള വിവരശേഖരണമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായി, രോഗസാദ്ധ്യത ഉള്ളവരെ സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പുകളിൽ എത്തിച്ചു വിശദപരിശോധനയും രോഗമുള്ളവർക്കു ചികിത്സയും ലഭ്യമാക്കും.

താലൂക്കുതലത്തിലാണു പ്രവർത്തനം ഏകോപിപ്പിക്കുക. എല്ലാ താലൂക്കിലും സമാന്തരമായി നടപ്പാക്കുന്ന പദ്ധതിക്കു ദേവികുളം താലൂക്കിൽ തുടക്കം കുറിക്കും.

കോട്ടയം ജില്ലയിൽ അഞ്ചു താലൂക്കിലും നടപ്പിലാക്കിവരുന്ന പരിപാടി കാഞ്ഞിരപ്പള്ളി താലൂക്കിൽ മൂന്നാം ഘട്ടത്തിലേക്കു കടന്നു. അവിടെ നടത്തിയ ക്യാൻസർനിർണ്ണയ ക്യാമ്പിൽ പ്രാഥമികാവസ്ഥയിലുള്ള രോഗം കണ്ടെത്തിയവർക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ ഉദ്ദേശിച്ചാണു പരിപാടി നടപ്പാക്കുന്നതെങ്കിലും ക്യാമ്പിൽ പങ്കെടുക്കാൻ പുരുഷന്മാരും താല്പര്യം കാണിച്ചതായി പ്രമീളാദേവി പറഞ്ഞു.

shortlink

Post Your Comments


Back to top button