KeralaNews

സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും, ഇനി വെറും പ്രാദേശിക പാര്‍ട്ടി!

ന്യൂഡല്‍ഹി : കേരളത്തില്‍ 91 സീറ്റുകളുമായി ഭരണം പിടിച്ചെങ്കിലും സി.പി.എമ്മിന് സന്തോഷിക്കാന്‍ വകയില്ല. കോണ്‍ഗ്രസുമായി കൂട്ടുകൂടിയ ബംഗാളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് മാത്രമല്ല, തമിഴ്‌നാട്ടില്‍ ആകെ ഉണ്ടായിരുന്ന 10 സീറ്റുകള്‍ നഷ്ടമായതും പാര്‍ട്ടിക്ക് തിരിച്ചടിയായി. തമിഴ്‌നാട്ടിലെ സീറ്റുകള്‍ കൈവിട്ട സി.പി.എമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവിയും നഷ്ടമാകും. ഇനി ഒരു പ്രാദേശിക പാര്‍ട്ടി മാത്രമാകും സി പി എം.

തമിഴ്‌നാട്ടില്‍ കുറഞ്ഞത് 7 സീറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍ മാത്രമേ സി.പി.എമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും നേടാന്‍ സി.പി.എമ്മിന് സാധിച്ചില്ല. ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്‍കിയ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് എന്ന മുന്നണിയുടെ ഭാഗമായിട്ടാണ് സി.പി.എമ്മും സി.പിഐയും ഇത്തവണ മത്സരിച്ചത്. എന്നാല്‍ രണ്ടുപേര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. ഇത് രണ്ടാമത്തെ തവണയാണ് സി.പിഎമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടുന്നത്. 2000 ത്തിന്റെ തുടക്കത്തില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമായ സി.പി.എമ്മിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവുകളെത്തുടര്‍ന്നാണ് ഈ സ്ഥാനം തിരിച്ചുകിട്ടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 6 ശതമാനം വോട്ടുകളും കുറഞ്ഞത് 11 സീറ്റുകളും വേണം ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി കിട്ടാന്‍. നാല് സംസ്ഥാനങ്ങളില്‍ 30ന് ഒന്ന് കണക്കില്‍ അസംബ്ലി സീറ്റുകള്‍ ജയിക്കുകയാണ് ദേശീയ പാര്‍ട്ടി പദവി ലഭിക്കാനുള്ള മറ്റൊരു വഴി. ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമാണ് സി.പി.എമ്മിന് ഇതുള്ളത്. തമിഴ്‌നാട്ടില്‍ കുറഞ്ഞത് 7 സീറ്റുകളെങ്കിലും കിട്ടിയിരുന്നെങ്കില്‍ സി പി എമ്മിന് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനാകുമായിരുന്നു. എന്നാല്‍ ജയലളിതയുമായി പിരിഞ്ഞത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button