ന്യൂഡല്‍ഹി : 2002 ലെ ഗോധ്ര ട്രെയിന്‍ ആക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഫാറൂഖ് മൊഹമ്മദ് ഭാനയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 2002 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. ഗോധ്രയ്ക്ക് സമീപം വച്ച് സബര്‍മതി എക്സ്പ്രസ് ട്രെയിനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ 59 പേര് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭാനയെ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.
ഗോധ്ര തീവണ്ടി കത്തിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ഭാനയെന്ന് ഒരു എ.ടി.എസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ട്രെയിന്‍ ആക്രമണത്തെ തുടര്‍ന്ന് ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗോധ്ര സ്റ്റേഷന് സമീപമുള്ള അമാന്‍ ഗസ്റ്റ് ഹൗസില്‍ ഭാനയും മറ്റു പ്രതികളും ചേര്‍ന്ന യോഗത്തില്‍ വച്ചാണ് സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഭാനയുടെ പേരിലെടുത്ത എഫ്.ഐ.ആറില്‍ പറയുന്നു.
കേസിലെ മുഖ്യ ആസൂത്രകനും പിന്നീട് കോടതി വിട്ടയക്കുകയും ചെയ്ത മൌലാന ഉമര്‍ജിയുടെ നിര്‍ദ്ദേശമനുസരിച്ച് ഭാനയും മറ്റൊരു കൂട്ടാളിയായ ബിലാല്‍ ഹാജിയും മറ്റുള്ളവര്‍ക്ക് ട്രെയിന്‍ കത്തിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് 2011 ഫെബ്രുവരിയില്‍ കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തത്തിനും ശിക്ഷിക്കുകയും ചെയ്തിരുന്നു.
Post Your Comments