NewsInternational

മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യെമനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. വൈദികന്‍ ഐ.എസ് ഭീകരരുടെ കൈയിലില്ല, യെമനിലെ ഭരണകൂടവിരുദ്ധ സേനയുടെ കൈയിലാണെന്ന് വ്യക്തമായി. മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഓഫിസ് അറിയിച്ചു.

ഫാ.ടോം ഉഴുന്നാലില്‍ ഉടനെ മോചിതനാകുമെന്നു ജര്‍മന്‍ പത്രമായ ‘ബില്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹിന്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിവായത്.

ക്രൈസ്തവര്‍ മാത്രമല്ല, ലോകത്തെ കോടിക്കണക്കിനു മറ്റു ജനങ്ങളും ഫാ.ടോമിന്റെ മോചനം ആഗ്രഹിച്ചുവരികയാണെന്നു ബിഷപ് പറഞ്ഞു. ഫാ. ഉഴുന്നാലിലിനെ എവിടെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു കഴിഞ്ഞയാഴ്ച വിവരം ലഭിച്ചിരുന്നു. അദ്ദേഹം ഉടനെ മോചിതനാകും. അതിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലുവര്‍ഷമായി അദ്ദേഹം യെമനിലാണ്. നേരത്തെ ബെംഗളൂരുവിലും കര്‍ണാടകയിലെ കോളാറിലും സേവനം ചെയ്തിരുന്നു.

രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ മാര്‍ച്ചിലേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button