KeralaNews

വി.എസ് വോട്ട് ചെയ്യുമ്പോള്‍ ഒളിഞ്ഞുനോക്കിയെന്നുള്ള ആരോപണം : പാര്‍ട്ടിപത്രത്തിനെതിരെ രോഷാകുലനായി ജി.സുധാകരന്‍

ആലപ്പുഴ: വി.എസും ഭാര്യയും വോട്ട് ചെയ്യുമ്പോള്‍ താന്‍ ഒളിഞ്ഞു നോക്കിയെന്ന ആരോപണം തള്ളി സി.പി.എം. നേതാവും അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ജി. സുധാകരന്‍.
താന്‍ ചട്ടലംഘനം നടത്തിയിട്ടില്ല, വീഴച്ച ഉണ്ടായത് പോലീസിന്റെ ഭാഗത്താണ്. വോട്ട് ചെയ്യാന്‍ വന്ന വി.എസിനും കുടുംബത്തിനുമൊപ്പം സ്ഥാനാര്‍ഥിയായ തനിക്കും പോളിംഗ് ബൂത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും കാഴ്ച്ചക്കാരുമായി നൂറുകണക്കിന് ആളുകള്‍ പോളിംഗ് ബൂത്തിലേക്ക് ഇടിച്ചു കയറിയപ്പോള്‍ പോലീസ് അത് തടഞ്ഞില്ല.

പോളിംഗ് ബൂത്തില്‍ ആരേയും അനുമതിയില്ലാതെ കയറ്റാന്‍ പാടില്ലെന്നിരിക്കെ ചെന്നിത്തലയുടെ പോലീസ് ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയത്. തനിക്കെതിരെ നേരെ ഉയര്‍ന്ന ആരോപണങ്ങളെ നിയമപരമായി നേരിടും. തന്നെ ബോധപൂര്‍വ്വം ചിലര്‍ വേട്ടയാടുകയാണ്. ഇതിന് മുന്‍പ് മാധ്യമങ്ങള്‍ തന്നെ ഇങ്ങനെ വേട്ടയാടിയിട്ടില്ല. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് വേട്ടയാടുമ്പോള്‍ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കുന്നില്ല. തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും ജി. സുധാകരന്‍ പറഞ്ഞു.

വ്യക്തിപരമായിട്ടല്ല സി.പി.എം. നേതാവ് എന്ന നിലയിലാണ് തനിക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുന്നത് എന്നിട്ടും തനിക്ക് സംരക്ഷണം തരാന്‍ പാര്‍ട്ടി പത്രത്തിന് സാധിച്ചില്ല. ദേശാഭിമാനിയുടെ ആലപ്പുഴ നേത്യത്വമാണ് തന്നെ അകറ്റി നിര്‍ത്തുന്നത്. തനിക്കെതിരെ വര്‍ഗ്ഗീയ ചുവയുള്ള നിരവധി ലഘുലേഖകള്‍ എതിരാളികള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിട്ടും ആരും അതിനോട് പ്രതികരിച്ചില്ല.

ആരെന്ത് പറഞ്ഞാലും വെണ്ടയ്ക്കാ അക്ഷരത്തില്‍ കൊടുക്കുന്ന ദേശാഭിമാനിക്ക് തന്റെ നേരെയുണ്ടായ ആക്രമണങ്ങളൊന്നും വാര്‍ത്തയല്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.

തനിക്ക് നേരെ അപവാദപ്രചരണം നടത്തുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. ഏത് നിയമനടപടിയേയും താന്‍ നേരിടും പ്രശ്‌നത്തില്‍ കോടതി ഇടപടട്ടേ, കേസ് സുപ്രീം കോടതി വരെ പോകട്ടേ. യു.ഡി.എഫുകാരുടെ അപ്പൂപ്പന്റെ വകയല്ല സുപ്രീംകോടതി സുധാകരന്‍ രോക്ഷത്തോടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button