റാസല്‍ഖൈമ: താമസയിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃതമായി കരിമരുന്ന് വില്‍പന നടത്തിവന്ന നാലുപേരെ റാസല്‍ഖൈമ പൊലീസ് പിടികൂടി. റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍ എമിറേറ്റുകളിലെ രണ്ട് വില്ലകളിലായി ഒളിപ്പിച്ച 50 ടണ്‍ പടക്കവും വെടിമരുന്നുകളുമാണ് പിടികൂടിയത്.
റാക് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ‘സ്‌നാപ് ചാറ്റ്’ എന്ന പേരിലായിരുന്നു അന്വേഷണ നടപടി. പ്രതികള്‍ സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതാണ് സി.ഐ.ഡി. ഉദ്യോഗസ്ഥരെ അന്വേഷണത്തിലേക്ക് നയിച്ചത്. ആദ്യം പിടിയിലായത് വീഡിയോ പോസ്റ്റ് ചെയ്ത പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് ഇമാറാത്തി യുവാക്കളാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് റാസല്‍ഖൈമയിലെ വില്ലയില്‍ നടത്തിയ പരിശോധനയിലാണ് കരിമരുന്ന് കണ്ടെടുത്തത്.
ഉമ്മുല്‍ഖുവൈനിലാണ് പ്രധാന വിതരണക്കാരന്‍ താമസിച്ചിരുന്നത്. ഉമ്മുല്‍ഖുവൈന്‍ പൊലീസിന്റെ സഹായത്തോടെ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലും പടക്കങ്ങള്‍ പിടിച്ചെടുത്തു. വീട് വെയര്‍ഹൗസായി ഉപയോഗിച്ചുവരുകയായിരുന്നു ഇയാള്‍. കിടപ്പുമുറിയിലും അടുക്കളയിലും കുളിമുറിയിലും വരെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. റമദാന്‍ കാലത്ത് വില്‍പന നടത്താന്‍ ഉദ്ദേശിച്ചാണ് ഇവര്‍ ഇത്രയും കരിമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് റാക് സി.ഐ.ഡി. ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അലി അല്‍ മുന്‍കീസ് പറഞ്ഞു. കുട്ടികളെ വളരെയെളുപ്പത്തില്‍ അപകടപ്പെടുത്താവുന്ന ഒന്നാണിത്. വിദഗ്ധമായി പ്രതികളെ പിടികൂടിയ സി.ഐ.ഡി., ഉമ്മുല്‍ഖുവൈന്‍ പൊലിസ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
2015ല്‍ ദുബൈയില്‍ 10 ടണ്‍ പടക്കശേഖരം പിടികൂടിയിരുന്നു. നാലു വര്‍ഷത്തിനുള്ളില്‍ മൊത്തം 40 ടണ്‍ ആണ് പിടിയിലായിരുന്നത്. ഇത്തരത്തില്‍ ഒരൊറ്റ ഓപ്പറേഷനിലൂടെ ഇത്രയും വലിയ തോതില്‍ സ്‌ഫോടക ശേഖരം പിടികൂടുന്നത് ഇതാദ്യമാണ്. ഈദ്, റമദാന്‍ ആഘോഷങ്ങളില്‍ കരിമരുന്നുകളും പടക്കങ്ങളും ഉള്‍പ്പെടുത്തുന്നത് അപകടകരമാണെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി.
Post Your Comments