ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ യൂട്യൂബിന്‍റെ മാതൃകയില്‍ വിഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗൂഗ്ളിന്‍റെ ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുട്യൂബിന് ആമസോണ്‍ വിഡിയോ ഡയറക്റ്റ് വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
ഉപയോക്താക്കള്‍ക്ക് വിഡിയോകള്‍ കാണാനും സ്വന്തം വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും ഷെയര്‍ ചെയ്യാനുമെല്ലാം സാധിക്കുന്ന വിധത്തിലാണ് ഇതിന്‍റെ രൂപകല്‍പ്പന. ആമസോണ്‍ അക്കൗണ്ടുള്ള ആര്‍ക്കും സൈറ്റില്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും. വ്യത്യസ്ത രീതികളില്‍ വിഡിയോ കാണുന്നതിന് അവസരമുണ്ട്. പരസ്യങ്ങളോടു കൂടിയ വിഡിയോകള്‍ സൗജന്യമായി കാണാം. അല്ലെങ്കില്‍, പണംമുടക്കി കാണുകയോ വിലക്ക് വാങ്ങുകയോ ചെയ്യാം. ഇതിനായി സബ്സ്ക്രിപ്ഷനും ആമസോണിന്‍റെ പ്രത്യേക പാക്കേജും ലഭ്യമാണ്.
യൂട്യൂബിലേതു പോലെതന്നെ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് വിഡിയോയുടെ പ്രകടനത്തിന നുസരിച്ച് പ്രതിഫലവും ലഭിക്കും. വില്‍ക്കപ്പെടുന്നതും സബ്സ്ക്രൈബ് ചെയ്യപ്പെടുന്നതുമായ വിഡിയോകള്‍ക്കും പരസ്യങ്ങള്‍ ഉള്ള വിഡിയോകള്‍ക്കും അവയുടെ വരുമാനത്തിന്‍റെ 50 ശതമാനം വരുമാനമായി ലഭിക്കും.
നൂറു കോടിയിലധികം ഉപയോക്താക്കളുള്ള യുട്യൂബ്, പരസ്യങ്ങളോടെയുള്ള വിഡിയോകള്‍ സൗജന്യമായാണ് നല്‍കുന്നത്. യുട്യൂബ് റെഡ് എന്ന പേരില്‍ പ്രതിമാസ സബ്സ്ക്രിപ്ഷനിലും യുട്യൂബ് വിഡിയോകള്‍ നല്‍കുന്നുണ്ട്.
Post Your Comments