കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ചിത്രീകരിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടാണ് വിഎസ് ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തുന്നത്. ‘ഉമ്മന്‍ ചാണ്ടി എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ്’ എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്കിലെ വിഎസിന്റെ കുറിപ്പ്. ഇതുവരെ താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും ഉമ്മന്‍ ചാണ്ടിയോട് വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്നും വിഎസ് പറഞ്ഞു. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തിലെങ്കിലും വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് വിഎസ് ഫെയ്സ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വിഎസിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉമ്മന്‍ ചാണ്ടി എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ്
മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്ന് എടുക്കാന്‍ അനുവാദം നല്‍കിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികള്‍. പാവം പോലെ വന്ന് യാചിച്ച് അധികാരം നേടിയ അഭിനവ വാമനന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷംകൊണ്ട് കേരളം ആകെ അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചു കൊടുത്തു. ഇനി അടുത്ത കാല്‍ നമ്മുടെ തലയില്‍ വയ്ക്കാനായി ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം പരിശോധിച്ചാല്‍ മുഖ്യമന്ത്രി എന്ന പദത്തെക്കാള്‍ ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ യോജിക്കുക ‘റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍’ എന്ന വിശേഷണമാകും. അതും അല്ലറ ചില്ലറ ഭൂമി കച്ചവടം നടത്തുന്ന ചെറുകിട ബ്രോക്കര്‍ അല്ല. ആയിര കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ചുളു വിലയ്ക്ക് അടിച്ചു മാറ്റാന്‍ ഇടനില നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍. ഭൂമി അളക്കാനായി ആകാശത്തോളം വലുതായ ഭീമാകാരനായ വാമനനെ പോലെയാണ് നില്‍പ്പ്. ചോരോം കാ രാജാ എന്നു പറയും പോലെ ‘ബ്രോക്കറോം കാ ബ്രോക്കര്‍” എന്നു പറയുന്നതാവും കൂടുതല്‍ ശരി.
തുടര്‍ ഭരണം വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത് തന്നെ ഇനി ബാക്കിയുളള ഭൂമി കൂടി കച്ചവടം നടത്താനാണ്. ഭരണം തീരാന്‍ പോകുന്നത് അറിഞ്ഞ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഈ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കും മതമേധാവികള്‍ക്കുമായി നടത്തിയ ‘ഭൂമി പതിച്ചു നല്‍കല്‍ ബമ്ബര്‍ മേള”യില്‍ ചിലത് ഞങ്ങളുടെ ശക്തമായ എതിര്‍പ്പിനെയും ഹൈക്കോടതി ഇടപെടലിനെയും തുടര്‍ന്ന് മരവിപ്പിക്കേണ്ടി വന്നു. ഇതിനെല്ലാം അഡ്വാന്‍സ് നല്‍കിയ വന്‍കിട മുതലാളിമാരാണ് ഇപ്പോള്‍ യുഡിഎഫ് പ്രചരണത്തിനായി കോടി കണക്കിന് രൂപ വാരിയെറിയുന്നത്. ആയിര കണക്കിന് കോടി രൂപ വിപണി വില വരുന്ന ഭൂമിക്കു വേണ്ടി ഇപ്പോള്‍ നാനൂറോ അഞ്ഞൂറോ കോടി മുടക്കിയാല്‍ നഷ്ടമില്ലെന്നകണക്കുകൂട്ടലിലാണിവര്‍.
പക്ഷെ, ഇതു കേരളമാണെന്നും മലയാളികളെ കാശിറക്കി അങ്ങനെ പറ്റിക്കാനാവില്ലെന്നും 19 ന് രാവിലെ ഈ ഉത്തരേന്ത്യന്‍ മുതലാളിമാര്‍ തിരിച്ചറിയും. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി തിരിച്ചു പിടിക്കുകയും പാവപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ സര്‍ക്കാര്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി മൊത്ത കച്ചവടം നടത്തുകയാണ്. കായലും കാടും പുഴയോരവും തണ്ണീര്‍ തടങ്ങളും നെല്‍പ്പാടങ്ങളും പതിച്ചു നല്‍കുകയാണ്.
കേരളത്തിന്റെ മണ്ണും ജലവും കാടും സംരക്ഷിക്കാന്‍ ഇടതു മുന്നണി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ഇതെല്ലാം വിറ്റ് തുലയ്ക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്. മെത്രാന്‍ കായലില്‍ 378 ഏക്കര്‍, കടമക്കുടിയില്‍ 47 ഏക്കര്‍, വൈക്കത്ത് ചെമ്ബില്‍ 150 ഏക്കര്‍, ഇടുക്കി ഹോപ്പ് പ്ളാന്റേഷന്‍സിന് 724 ഏക്കര്‍ തുടങ്ങീ തീരുമാനം എടുത്തതും മരവിപ്പിച്ചതുമായ ഭൂമി ഇടപടുകളുടെ പട്ടിക നീണ്ടതാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് നാലിന് പത്ത് ഉത്തരവുകളിലായി 18 ഏക്കര്‍ ഭൂമിയാണ് വിവിധ മതസംഘടനാ നേതാക്കളെ പ്രീണിപ്പിക്കാനായി പതിച്ചു നല്‍കിയത്.
മുമ്ബ് ശ്രീമാന്‍ എ.കെ.ആന്റണിയെ ചവിട്ടിയിറക്കി കുറച്ചു നാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്മാര്‍ട്ട് സിറ്റിയെ റിയല്‍ എസ്റ്റേറ്റാക്കി മാറ്റാന്‍ അന്ന് ചെറുകിട ബ്രോക്കര്‍ ആയിരുന്ന ഇദ്ദേഹം ശ്രമിച്ചിരുന്നു. ”ഇടയ്ക്ക് ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് സൈറ്റുകള്‍ ഒക്കെ ഒന്ന് നോക്കിക്കോണേ, സെക്രട്ടറിയേറ്റും നിയമസഭയും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടോന്ന് അറിയാനാ” ഒരു എഫ്.ബി സുഹൃത്ത് അയച്ചു തന്ന തമാശയാണ്. ശ്രീ.ഉമ്മന്‍ ചാണ്ടിയുടെ ഭൂമി കച്ചവടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടാല്‍ ഇത് തമാശയായി തോന്നില്ല.
ശ്രീ. ഉമ്മന്‍ ചാണ്ടിയോട് ഒരു അപേക്ഷ. ഇതുവരെ ഞാന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും അങ്ങ് വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ‘നിങ്ങളല്ലേ കോഴിയെ കട്ടത് ?” എന്ന് ചോദിക്കുമ്ബോള്‍ ‘എനിക്ക് എരിവുളള കോഴിക്കറി ഇഷ്ടമല്ലെന്ന് അറിഞ്ഞു കൂടേ” എന്ന മട്ടിലുളള മറുപടിയാണ് അങ്ങ് നല്‍കുന്നത്. ഇനിയും ഇതുവഴി വരല്ലേ… ഇത്തരം ഉഡായിപ്പുകളും തെളിച്ചു കൊണ്ട്… ഇതിനെങ്കിലും കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.
Post Your Comments