Uncategorized

എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ഞാന്‍ തയാര്‍; ഉമ്മന്‍ ചാണ്ടിക്ക് പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയാറാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സി.പി.എം ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നില്ല. വികസനത്തിന്റെ വഴിയിലേക്കുള്ള കാഴ്ചപ്പാടാണ് സിപിഎമ്മിന്‍റേത്. ഭരണമെന്നാല്‍ അഴിമതിയെന്ന് മനസിലാക്കുന്നവര്‍ക്ക് അത് ശ്രദ്ധയില്‍ പെടണമെന്നില്ലെന്നും പിണറായി വിമര്‍ശിക്കുന്നു. വികസന നേട്ടത്തെക്കുറിച്ച്‌ തുറന്ന ചര്‍ച്ചയ്ക്ക് പിണറായിയെ മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായി ഫെയ്സ്ബുക്കിലെ ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റിനു താഴെ പിണറായി മറുപടിയിട്ടത്.

പിണറായി വിജയന്റെ മറുപടിയുടെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ ചാണ്ടി,

കാസര്‍കോട്ടു നിന്നുള്ള യാത്രയ്ക്കിടയിലാണ് ഞാന്‍ താങ്കളുടെ ഈ പോസ്റ്റ് കാണുന്നത്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെ ഐക്യവും യോജിച്ച മുന്നേറ്റവും തകര്‍ക്കാനുള്ള താങ്കളുടെ കൗശലം തിരുത്തുകയോ അവസാനിപ്പിക്കുകയോ വേണമെന്ന് ആദ്യമായി അഭ്യര്‍ഥിക്കട്ടെ.

ഞങ്ങള്‍ ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നില്ല എന്നത് പലവട്ടം പരസ്യമായി പറഞ്ഞ വസ്തുതയായിരിക്കെ, ഏതെങ്കിലും ഒരു വ്യക്തിയെ ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് അഭിസംബോധന ചെയ്യാന്‍ താങ്കള്‍ക്കു ഒരവകാശവുമില്ല. അത് ഔചിത്യവും അല്ല.
താങ്കളെയും താങ്കളുടെ ഉപജാപ രാഷ്ട്രീയത്തെയും കേരളം ഏറെക്കാലമായി കാണുന്നുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ അത്തരം ഇടപെടലുകള്‍ താങ്കള്‍ നടത്തിയതിന്റെ ചരിത്രവും മറക്കാവുന്നതല്ല. ഏറ്റവും ഒടുവില്‍ പാമൊലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ നിന്ന് വന്ന പരാമര്‍ശവും അതിന്റെ പശ്ചാത്തലവും താങ്കള്‍ മറച്ചു വച്ചാലും ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഇവിടെ താങ്കള്‍ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച്‌: നാലാമത് കേരള പഠന കോണ്‍ഗ്രസ്സിലൂടെയും തുടര്‍ന്ന് നടത്തിയ നവ കേരള മാര്‍ച്ചിലൂടെയും പ്രകടന പത്രികയിലൂടെയും ഞങ്ങള്‍ മുന്നോട്ടു വെക്കുന്നത് കേരളത്തിന്റെ പുരോഗതിയിലേക്ക് നയിക്കുന്ന വികസനത്തിന്റെ വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. ഭരണം എന്നാല്‍ അഴിമതി എന്ന് മനസ്സിലാക്കുന്ന താങ്കളുടെ ശ്രദ്ധയില്‍ അത് പെട്ടിട്ടുണ്ടാകണം എന്നില്ല. ഭൂമി പതിച്ചു കൊടുക്കലിന്റെയും കേസുകള്‍ ഒതുക്കുന്നതിന്റെയും തിരക്കിനിടയില്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

സോഷ്യല്‍ മീഡിയയില്‍ നിന്ന് വിവരശേഖരണം സാധ്യമാകുമെങ്കില്‍, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍, നവ കേരള മാര്‍ച്ച്‌ നയിച്ച്‌ ഒരു മാസം ഞാന്‍ ദിനംപ്രതി നടത്തിയ പത്ര സമ്മേളനങ്ങളുടെ ക്ലിപ്പിങ്ങുകള്‍ അങ്ങേയ്ക്ക് കാണാനാവുന്നതേ ഉള്ളൂ. ഞങ്ങള്‍ പറയുന്നത് താങ്കള്‍ക്ക് പരിചയമുള്ള കാര്യങ്ങള്‍ ആകണം എന്നില്ല – അത് നാടിനെയും ജനങ്ങളെയും നാളെയിലേക്ക് നയിക്കാനുള്ള വികസനത്തെ കുറിച്ചാണ്. അഴിമതിയുടെയും തട്ടിപ്പിന്റെയും വികസനത്തെ കുറിച്ചല്ല. എന്തായാലും താങ്കള്‍ ക്ഷണിച്ച സ്ഥിതിക്ക്, ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് – എന്റെ ഫെയ്സ്ബുക്ക് പേജിലൂടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button