Kerala

മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞയാള്‍ പിടിയിലായി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ ആലപ്പുഴ സ്വദേശി വിപിന്‍ (25) പിടിയിലായി. ഇന്ന് വൈകുന്നേരം ഏഴുമണിയോടടുപ്പിച്ചാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിലെ ഒബ്‌സര്‍വേഷന്‍ മുറിയിലാണ് ഇദ്ദേഹം രോഗികളെ പരിശോധിച്ചത്. രണ്ടുമൂന്ന് രോഗികളില്‍ നിന്നും 150 രൂപ വച്ച് ഇദ്ദേഹം വാങ്ങുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി വിഭാഗം ഇദ്ദേഹത്തെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. സ്‌തെസ്‌കോപ്പ്, പള്‍സ് നോക്കുന്ന ഉപകരണം, ചെവി പരിശോധിക്കുന്ന ഉപകരണം, ഗ്യാസ് ഗുളികകള്‍, വ്യാജ ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് പോലീസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടു പോയി.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള എല്ലാ ആശുപത്രി ജീവനക്കാരും ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍ബന്ധമായും സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. സന്ദര്‍ശകര്‍ക്ക് പാസും ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും ആശുപത്രിയില്‍ കടക്കുന്നതിന് നിര്‍ബന്ധമാക്കിയിരിക്കുന്നതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button