എപ്പോഴായാലും വരുമെന്ന് അറിയാമെങ്കിലും വന്നു നിക്കുമ്പോള്‍ പ്രതീക്ഷിയ്ക്കാത്ത പോലെ പരിഭ്രമിച്ചു പോകുന്ന ഒന്നാണ് ലേബര്‍ റൂമിലേയ്ക്ക് കയറുന്ന നിമിഷം!!
ആദ്യത്തെ പ്രസവം…ഉറ്റവരെല്ലാം അടഞ്ഞ വാതിലിനപ്പുറത്ത്..വരാന്‍ പോകുന്നത് എന്താണെന്നറിയില്ല..അനുഭവങ്ങളേക്കുറിച്ച് കേട്ടുകേള്‍വി മാത്രമേയുള്ളൂ..ഒറ്റയ്ക്ക് തന്നെ നേരിടേണ്ടുന്ന ഘട്ടം..
വേദന തുടങ്ങിയത് മുതല്‍ ആശ്രയത്തിന് ഒരു മുഖം തേടിക്കൊണ്ടിരുന്നു..അപ്പുറവും ഇപ്പുറവും കൂടിയതും കുറഞ്ഞതുമായ വേദനയാല്‍ നിലവിളിക്കുന്നവര്‍ മാത്രമേ ഉള്ളു..വേദനയുടെ മുഖങ്ങള്‍ മാത്രമേ ചുറ്റുമുള്ളൂ..അമ്മയെ ഒന്ന് കാണണമെന്ന് തോന്നിപ്പോയി..
”സാരമില്ല മോളെ,കുഞ്ഞുവാവയ്ക്ക് വേണ്ടിയല്ലേ…അത് മാത്രം ഓര്ത്താല് മതി. എല്ലാം സഹിക്കാന്‍ പറ്റും..ആ നിമിഷത്തെക്കുറിച്ച് മാത്രം ഓര്ത്താല് മതി കേട്ടോ…”
അതാരാണ് അങ്ങനെ പറഞ്ഞു കയ്യില്‍ തലോടിയത്?
സിസ്റ്ററേ എന്ന് വിളിച്ചെങ്കിലും ഉള്ളില്‍ മദറേ എന്ന് ആണ് പ്രതിദ്ധ്വനിച്ചതെന്നു തോന്നിപ്പോയി…ആ നിമിഷം ചേര്ത്തു പിടിച്ച ആ ദൈവത്തിന്റെ കൈ അവിടുന്നിറങ്ങുന്നത് വരെ കൂടെയുണ്ടായിരുന്നു..
വീണ്ടും നിമിഷങ്ങള്‍ മണിക്കൂറുകള്‍…അര്ദ്ധബോധത്തിന്റെ ഇടയിലുടനീളം ആ സിസ്റ്ററുടെ ശബ്ദം കാതിലുണ്ടായിരുന്നു..ഒടുവില്‍ വേദനയുടെ മൂര്‍ദ്ധന്യത്തില്‍,പ്രാണവേദനയോടെ ശരീരത്തില്‍ നിന്ന് എന്തോ വേര്‍പെട്ടു എന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷത്തിനു ശേഷം ഒരു കുഞ്ഞു മുഖം കവിളിനോട് ചേര്ത്തു വച്ചുകൊണ്ട് സിസ്റര്‍ പറഞ്ഞു…
’നോക്കിക്കേ ഇതാരാണെന്ന്…”ഇപ്പൊ കരയുന്നത് സന്തോഷം കൊണ്ടാണോ,സങ്കടം കൊണ്ടാണോ…?’
“സന്തോഷം കൊണ്ട്..”.
”ആഹാ..ഞാന്‍ പറഞ്ഞില്ലേ…!! “
അന്ന് തോന്നി അമ്മയെ ദൈവം ആ രൂപത്തില് അടുത്തേയ്ക്ക് അയച്ചതാണെന്ന്…വ്യക്തിപരമായ ഇത്തരം അനുഭവങ്ങളിലൂടെയല്ലാതെ ഇതിനപ്പുറം ആത്മാര്ഥ്മായി ഇവരെക്കുറിച്ച് പറയാനാവില്ല..നമുക്ക് ഓരോരുത്തര്‍ക്കും ഇങ്ങനെ പല നല്ല അനുഭവങ്ങള്‍ ഉണ്ടാകും വെള്ളയുടുപ്പിട്ട ഈ സഹോദരിമാരെക്കുറിച്ച്..
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍,രാപ്പകലില്ലാതെ ജോലി ചെയ്യുന്ന,വേദനിക്കുന്നവര്ക്ക് ആശ്വാസമാകുന്ന, കുടുംബത്തിനു താങ്ങാവുന്ന എല്ലാ നേഴ്സ് സഹോദരിമാര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍..
Post Your Comments