വെളുക്കാന്‍ തേച്ചത് എല്‍.ഡി.എഫിനും യു.ഡി.ഫിനും ഒരുപോലെ പാണ്ടായ കാര്യം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് വിശദീകരിക്കുന്നു
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്ക് ഇതുപോലൊരു അബദ്ധം പറ്റിയിട്ടുണ്ടാവുമോ എന്നറിയില്ല. നരേന്ദ്ര മോഡി ഇവിടെയെത്തി കേരളത്തിലെ പട്ടിക വർഗക്കാർക്കിടയിലെ പ്രത്യേകിച്ച് ആദിവാസികൾക്കിടയിലെ പട്ടിണിമരണം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതിന്റെ പിന്നാലെ അവരും ഓടിപ്പോയി. ആ വാർത്ത ആദ്യം നന്നായി റിപ്പോർട്ട് ചെയ്ത ഉമ്മൻ ചാണ്ടിയുടെ സ്വന്തം പത്രവും കൂട്ടരുമാണ് പിറ്റേന്ന് അതൊരു വിഷയമാക്കാൻ ഉത്സാഹം കാണിച്ചത്. മോഡിക്കെതിരെ ഉമ്മൻ ചാണ്ടി തെരുവിലിറങ്ങിയപ്പോൾ കേട്ട പാതി കേൾക്കാത്ത പാതി എന്നവണ്ണം സിപിഎമ്മും പിന്നാലെ കൂടി. മോഡിയെ എതിർക്കാൻ ഉമ്മൻ ചാണ്ടി തനിച്ചു മത്സരിച്ചാൽ പ്രശ്നമാവും എന്നതാവാം സഖാക്കളെ ചിന്തിപ്പിച്ചത്. സിപിഎം കൂടി ഉമ്മൻ ചാണ്ടിക്കൊപ്പം മുന്നിട്ടിറങ്ങുകയും മോഡി വിരുദ്ധ നീക്കം ശക്തമാക്കുകയും ചെയ്തപ്പോൾ എല്ലാം ഭദ്രം………ആർക്ക് ; ഉമ്മൻ ചാണ്ടിക്ക്. കഴിഞ്ഞ കുറെ മാസങ്ങളായി സിപിഎമ്മും ഇടതു പക്ഷവും ഉന്നയിച്ചുവരുന്ന എല്ലാ കുംഭകോണ വാർത്തകളും ഇവിടെ മുങ്ങിപ്പോയി. എല്ലാം മോഡിയും സൊമാലിയയും.
ഇതിനായി ഉമ്മൻ ചാണ്ടി ഇറങ്ങിപ്പുറപ്പെട്ട സമയം കൂടി ഒന്ന് ഓർക്കുക. അന്നാണ് സരിത നായർ “ചില സുപ്രധാന ഡിജിറ്റൽ തെളിവുകളു”മായി സോളാർ കമ്മീഷന് മുന്നിലെത്തിയത്. അതുകൂടി മുങ്ങാൻ വേണ്ടിയാവണം സോമാലിയയിൽ കയറിപ്പിടിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായത്. അതുമാത്രമല്ല, ഒരു മന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണം, അത് സംബന്ധിച്ച ഫയലുകൾ മുക്കിയത് ……. ഇതൊക്കെ സിപിഎം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതാണ് . അതും പുറം ലോകം അറിഞ്ഞില്ല. ഒറ്റ വാചകത്തിൽ ഉമ്മൻ ചാണ്ടി ഇപ്പോൾ സിപിഎമ്മിനെയും ഇടതു മുന്നണിയെയും അക്ഷരാർഥത്തിൽ കുടത്തിൽ അടച്ചിരിക്കുന്നു. രാഷ്ട്രീയമായി ഇതുപോലോരു പതനം അവർക്ക് ഇതിനുമുൻപു സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. അത്രമാത്രം ദയനീയമായ രാഷ്ട്രീയമായ തകർച്ച. രാഷ്ട്രീയ നേതൃത്വത്തിന്റെ പാളിച്ചയാണ് അത് എന്നതിൽ സംശയമേയില്ല. ഇനി അവർക്ക് പഴയപോലെ, തങ്ങളുയർത്തി കൊണ്ടുവന്ന വിഷയങ്ങളുമായി, ജനങ്ങളിൽ സ്വാധീനം ചെലുത്താൻ വോട്ടെടുപ്പിന് അവശേഷിക്കുന്ന ഈ ഏതാനും മണിക്കൂറിൽ കഴിയുമോ…….. ഇല്ല എന്ന് പറയാൻ പാഴൂര് പടിപ്പുരയിലോന്നും പോകേണ്ടതില്ല. പെരുമ്പാവൂരിലെ ജിഷ വധം അടക്കമുള്ള വിഷയങ്ങൾ ബഹുജന മനസ്സിൽ നിന്ന് അകറ്റാൻ സിപിഎമ്മിന്റെ സഹായത്തോടെ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു എന്നർഥം.
മറ്റൊന്നുകൂടി ഉണ്ട്. ഈ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി ഇവിടെ വന്നത് രണ്ടേ രണ്ടു പൊതുയോഗങ്ങളിൽ പ്രസംഗിക്കാനാണ് . ആ രണ്ടു പരിപാടികളും ശരാശരിയിൽ കവിഞ്ഞില്ല എന്നത് എല്ലാവർക്കും അറിയാം. രാഹുൽ ഗാന്ധി വരുമെന്ന ഭീഷണി ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായെ ഇല്ല. പണിയാണ് അദ്ദേഹത്തിന് എന്നാണ് പത്രവാർത്ത. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സോണിയ പരിവാർ എന്നും അതാണ് രാഹുൽ ഒളിച്ചു കളിച്ചതെന്നുമാണ് മറ്റുചില സൂചനകൾ. നാഷണൽ ഹെറാൾദ് കേസിലെ മറ്റൊരു നടപടി ഉണ്ടായത് കഴിഞ്ഞ ദിവസമാണല്ലോ. ഹരിയാന സർക്കാർ മുന് മുഖ്യമന്ത്രി ഹൂഡ അടക്കമുള്ളവർക്കെതിരെ സമർപ്പിച്ച എഫ് ഐ ആർ. ഹെലികോപ്ടർ കുംഭകോണം പിന്നാലെ ഉണ്ട്. ഇനിയും അനവധി തട്ടിപ്പുകൾ, ഒന്നൊന്നായി, പുറത്തേക്ക് വരുന്നു. എയർ ഇന്ത്യക്കായി നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച ചില സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെ രാഹുലിനെ വിഷമത്തിലാഴ്ത്തി എന്ന് കോണ്ഗ്രസ് കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നു. സത്യസന്ധനും പുണ്യവാളനുമായ എ കെ ആന്റണി മുഖത്തു ചോരയില്ലാതെ കേരളത്തിൽ നടക്കുന്നതും ഇതോടൊപ്പം ചേർത്തു വായിക്കണം. ഇതൊക്കെ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ഇത്തരം ചില വാർത്തകളും അഭ്യാസങ്ങളും കോണ്ഗ്രസിന് ആവശ്യമായിരുന്നു. അതവർ ചെയ്തു. അതിനു സിപിഎം സാക്ഷ്യപത്രം നല്കുകയും സ്വയം കുഴിയിൽ ചാടുകയും ചെയ്തു.
അപ്പോഴും സിപിഎം മനസിലാക്കാത്തത്. സോമാലിയ എന്ന പ്രയോഗം ആദ്യം നടത്തിയത് സാക്ഷാൽ വി എസ് അച്യുതാനന്ദൻ ആണ് എന്നതാണ്. അട്ടപ്പാടി സന്ദർശിച്ചപ്പോഴായിരുന്നു അത് അച്യുതാനന്ദൻ പ്രയോഗിച്ചത്. അതിന്റെ ക്ലിപ്പിങ്ങ്സ് ( ഏഷ്യാനെറ്റ് വാർത്ത) ഇതൊന്നിച്ചുണ്ട്. അത് സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയും ഇതോടൊപ്പം വായിക്കാം. ” കുട്ടികളെല്ലാം മരിച്ചുവീഴുന്ന സൊമാലിയയിലേതിനു തുല്യമായ സ്ഥിതിയിലേക്ക് അട്ടപ്പാടിയെ തള്ളി വിട്ടത് യു ഡി എഫ് സർക്കാരാണെന്ന് ” വി എസ് പറഞ്ഞു എന്നാണ് ‘മാതൃഭൂമി’ വാർത്തയിൽ പറയുന്നത്. അത് മാത്രമല്ല, അന്ന് അട്ടപ്പാടി സന്ദർശിച്ച പിണറായി വിജയന് ചോദിച്ചത്, അട്ടപ്പാടി എന്താ എത്യോപ്യയിൽ ആണോ എന്നാണ്. ഒരു പക്ഷെ സോമാലിയ എന്ന് വി എസ് പറഞ്ഞതുകൊണ്ടാണോ എത്യോപ്യ എന്ന് പിണറായി പറഞ്ഞത് എന്നറിയില്ല. അതായതു സോമാലിയ എന്ന് വി എസ് പറഞ്ഞാലും എത്യോപ്യ എന്ന് പിണറായി പറഞ്ഞാലും പ്രശ്നമില്ല; പിന്നെ ” ആദിവാസി കുട്ടികളുടെ കൂട്ട മരണ നിരക്ക് സോമാലിയയിലേക്കാൾ ഭയാനകമാണ് ” എന്ന് നരേന്ദ്ര മോഡി സൂചിപ്പിച്ചാൽ അപകടം; അഭിമാനക്ഷതം; കേരളത്തിനു അപമാനകരം……. രാഷ്ട്രീയം ഇത്രയൊക്കെ അധ:പതിക്കാമൊ? വി എസ് പറഞ്ഞതും പിണറായി സൂചിപ്പിച്ചതും മോഡി പ്രസംഗിച്ചതും തമ്മിലെ വ്യത്യാസം എന്താണ്…… ചുരുങ്ങിയത് സീതാറാം യെച്ചൂരി സഖാവ് എങ്കിലും ഒന്ന് ചിന്തിച്ചിരുന്നുവെങ്കിൽ.
ബിജെപിക്ക് ഇത് പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയമായി ഗുണകരം ആകുകയും ചെയ്യും. ആദിവാസി സമൂഹത്തെ ഇടതു വലതു മുന്നണികൾ എങ്ങിനെയാണ് ചതിച്ചത് എന്നത് ഇതോടെ പകൽ പോലെ വ്യക്തമാവുകയാണ്. അതുമാത്രമല്ല, കേരളത്തിലെ പട്ടികജാതി, വർഗ മേഖലയിലെ ജന നായകന്മാർ ഇന്നിപ്പോൾ ബിജെപിയുടെ മുന്നണി യിലാണ് . സികെ ജാനു, ടിവി ബാബു, നീലകണ്ഠൻ മാസ്റ്റർ. തുറവൂർ സുരേഷ് തുടങ്ങിയവർ എൻ ഡി എ സ്ഥാനാർഥികളാണ്. അവർ ഈ തിരഞ്ഞെടുപ്പ് വേദികളിൽ ഉന്നയിച്ചുപോരുന്ന ഒരു പ്രശ്നമാണ് മോഡി ചൂണ്ടിക്കാണിച്ചത്. അതുകൊണ്ട് ഈ വിവാദം എൻ ഡി എ യെ സഹായിക്കുകയെ ഉള്ളൂ. അത് അനുഭവേദ്യമായിക്കഴിഞ്ഞു. ഇവിടെ നഷ്ടം സംഭവിച്ചത് ഇടതു പക്ഷത്തിനാണ്സി, സി പിഎമ്മിനാണ് . അവരതു ഇപ്പോഴും മനസിലാക്കുന്നില്ല എന്നതാണ് കഷ്ടം. ഇ എം എസും മറ്റും നയിച്ചിരുന്ന ഒരു കക്ഷി യെച്ചൂരിമാരിലും കോടിയേരിമാരിലും എത്തിപ്പെട്ടപ്പോഴത്തെ ഗതികേട്.
മറ്റൊന്ന് കൂടി പറയട്ടെ. ഇന്നിപ്പോൾ ഉമ്മൻ ചാണ്ടിയും സിപിഎമ്മും കൂടി ചെയ്തുവെക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ അപമാനിക്കലാണ്. ഇവിടത്തെ ഒരു ദുരവസ്ഥ ഓർമ്മിപ്പിക്കുകയാണ് നരേന്ദ്ര മോഡി ചെയ്തത്. അതിനു അദ്ദേഹത്തെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തരാം താണ പണിയായിപ്പോയി. കേരളം അത് ഒരു പ്രധാനമന്ത്രിയോടും ചെയ്യാൻ പാടില്ലായിരുന്നു. എന്തെല്ലാം ആണ് ഈ സർക്കാർ കേരളത്തിനു നല്കിയത് എന്നതുകൂടി ഇക്കൂട്ടര് ഇത്തരം കുപ്രചരണങ്ങൾ തുടങ്ങും മുൻപ് ചിന്തിക്കണമായിരുന്നു. അച്യുതാനന്ദൻ ഇതൊക്കെ ചെയ്‌താൽ മനസിലാക്കാം. അദ്ദേഹത്തിനു ഒരു നിലവാരമുണ്ട്. എന്നാൽ അതിനെക്കൾ തരാം താഴാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുമെന്നു കേരള ജനത കരുതിയിരിക്കില്ല. ആ തെറ്റിദ്ധാരണ ഇപ്പോൾ അവസാനിച്ചു. വിഎസിനെക്കാൾ മോശവും തരം താണതുമാണ് നമ്മുടെ മുഖ്യൻ എന്നത് തെളിയിക്കപ്പെട്ടു.അതുമാത്രമാവും ഈ വിവാദം കൊണ്ടുള്ള ഫലം. ഒന്നുകൂടി പറയട്ടെ, ഇത് ബിജെപിയുടെ ജനപിന്തുണ വര്ധിപ്പിക്കുകയാണ്. അതാണ് നാടെമ്പാടും നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ കാണിക്കുന്നത്. നഷ്ടം സിപിഎമ്മിനും ഇടതു മുന്നണിക്കുമാവും എന്നും ഇതോടെ വ്യക്തമാവുന്നു.
Post Your Comments