തിരുവനന്തപുരം:കൊടും ചൂടിന് ആശ്വാസമേകി വേനല്‍ മഴ വരും ദിവസങ്ങിലും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 13 രാവിലെ വരെ ഏകദേശം ഏഴ് സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പലയിടങ്ങളിലും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇടിയോടൊപ്പമുള്ള വ്യാപക മഴയ്ക്കാണ് സാധ്യത.ഇന്നലെ വരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
എട്ട് സെ.മീ മഴയാണ് ഇവിടെ പെയ്തത്. പറമ്പിക്കുളം( പാലക്കാട്) ആറ് സെ.മീ, പെരുമ്പാവൂര്‍ (എറണാകുളം) കോന്നി (പത്തനംതിട്ട) നാല് സെ.മീ, മങ്കൊമ്പ് മൂന്ന് സെ.മീ, ഇരിക്കൂര്‍, പന്നിയൂര്‍, വൈത്തിരി, പട്ടാമ്പി, ആലപ്പുഴ രണ്ട് സെ.മീ വീതവും തളിപ്പറമ്പ്, തലശ്ശേരി, കുപ്പാടി, തൃത്താല, ആലത്തൂര്‍, കുമരകം, മൂന്നാര്‍, പീരുമേട് എന്നിവിടങ്ങളില്‍ ഒരു സെ.മീ വീതവും മഴ ലഭിച്ചു.
ബുധനാഴ്ച വരെ അത്യുഷ്ണ സാധ്യത കാലാവാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയെങ്കിലും വേനല്‍ മഴ എത്താന്‍ തുടങ്ങിയതോടെ ഇതിനുള്ള സാധ്യത ഒഴിവായിട്ടുണ്ട്. വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെന്നും അധികൃതര്‍ അറിയിച്ചു. വേനല്‍ മഴ എത്തിയതോടെ വയനാട് പോലുള്ള ജില്ലകളിലും മറ്റ് ജില്ലകളിലും വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
Post Your Comments