Kerala

പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്ന് അലമുറയിടുന്ന മുഖ്യമന്ത്രിയ്ക്ക് സി.കെ.ജാനുവിന്റെ തുറന്നകത്ത്

സുല്‍ത്താന്‍ ബത്തേരി ● പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്ന് അലമുറയിടുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരളത്തിലെ ആദിവാസി മേഖലകളിലേക്ക് വന്നാല്‍ നൂറ് സോമാലിയകൾ താന്‍ കാണിച്ചു തരാമെന്ന് ആദിവാസി നേതാവും ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സി.കെ.ജാനു. സോമാലിയയേക്കാൾ കഷ്ടമാണ് കേരളത്തിലെ ആദിവാസി ഊരുകളുടെ അവസ്ഥ. പ്രധാനമന്ത്രി പറഞ്ഞതിലും ഭീകരമാണത്. അത് മനസിലാകണമെങ്കിൽ എപ്പോഴെങ്കിലും ഏതെങ്കിലും ആദിവാസി ഊരുകളിലെത്തണമെന്നും ജാനു പറഞ്ഞു.

മരിച്ചു വീഴുന്ന ആദിവാസി കുട്ടികളുടെ രക്തത്തിൽ ഭരണാധികാരിയായ താങ്കൾക്കും പങ്കില്ലേ . ഭൂമിയില്ലാതെ, വീടില്ലാതെ, ഭക്ഷണമില്ലാതെ നരകിക്കുന്ന പതിനായിരക്കണക്കിന് ആദിവാസികൾക്ക് എന്ത് അഭിമാനമാണ് അഞ്ച് വർഷത്തെ ഭരണം കൊണ്ട് താങ്കളുണ്ടാക്കിയത്. മൃതദേഹം മറവ് ചെയ്യാൻ വീട് പൊളിക്കേണ്ടി വരുന്ന, മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണം തെരയേണ്ടി വരുന്ന, ഏറിയാൽ ഒറ്റമുറി വീടിന്റെ ഔദാര്യത്തിലൊതുങ്ങുന്ന ഞങ്ങൾ ഏത് കേരളത്തെ ഓർത്താണ് അഭിമാനിക്കേണ്ടത് – ജാനു ചോദിച്ചു.

പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ താങ്കളുടെ അഭിമാനം വാനോളം ഉയരുകയാണോ ചെയ്തതെന്നും ജാനു തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ചോദിച്ചു.

അഞ്ച് വർഷത്തെ ഭരണത്തിൽ അഭിമാനമെന്ന വാക്ക് പോലും ഉച്ചരിക്കാൻ യോഗ്യതയില്ലാത്ത തരത്തിൽ അധപതിച്ച താങ്കളാണ് മുഖ്യമന്ത്രി കേരളത്തിന്റെ അപമാനം. കേരളത്തിലെ ആദിവാസികളുടെ നരകജീവിതത്തെ തുറന്ന ചർച്ചക്ക് വിഷയമാക്കിയ പ്രധാനമന്ത്രിയിലാണ് ഉമ്മൻചാണ്ടി ഞങ്ങളുടെ വിശ്വാസമെന്നും സി.കെ. ജാനു കൂട്ടിച്ചേര്‍ത്തു.

ജാനുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി
കേരളത്തിൽ നൂറ് സോമാലിയകൾ ഞാൻ കാണിച്ചു തരാം
പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്ന് അലമുറയിടുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി, താങ്കൾ ആദിവാസി മേഖലകളിലേക്ക് വരൂ, നൂറു സോമാലിയകൾ ഞാൻ കാണിച്ചു തരാം. സോമാലിയയേക്കാൾ കഷ്ടമാണ് കേരളത്തിലെ ആദിവാസി ഊരുകളുടെ അവസ്ഥ. പ്രധാനമന്ത്രി പറഞ്ഞതിലും ഭീകരമാണത്. അത് മനസിലാകണമെങ്കിൽ എപ്പോഴെങ്കിലും ഏതെങ്കിലും ആദിവാസി ഊരുകളിലെത്തണം. ഇപ്പോൾ കേരളത്തിന്റെ അഭിമാനത്തെക്കുറിച്ച് താങ്കൾ പറയുമ്പോൾ അതേ കേരളത്തിലല്ലേ മുഖ്യമന്ത്രി അട്ടപ്പാടി ഉള്ളത്. മരിച്ചു വീഴുന്ന ആദിവാസി കുട്ടികളുടെ രക്തത്തിൽ ഭരണാധികാരിയായ താങ്കൾക്കും പങ്കില്ലെ. ഭൂമിയില്ലാതെ, വീടില്ലാതെ, ഭക്ഷണമില്ലാതെ നരകിക്കുന്ന പതിനായിരക്കണക്കിന് ആദിവാസികൾക്ക് എന്ത് അഭിമാനമാണ് അഞ്ച് വർഷത്തെ ഭരണം കൊണ്ട് താങ്കളുണ്ടാക്കിയത്. മൃതദേഹം മറവ് ചെയ്യാൻ വീട് പൊളിക്കേണ്ടി വരുന്ന, മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണം തെരയേണ്ടി വരുന്ന, ഏറിയാൽ ഒറ്റമുറി വീടിന്റെ ഔദാര്യത്തിലൊതുങ്ങുന്ന ഞങ്ങൾ ഏത് കേരളത്തെ ഓർത്താണ് അഭിമാനിക്കേണ്ടത്. അതോ കേരളത്തിന്റെ അഭിമാനമെന്ന് പറയുമ്പോൾ അതിൽ ആദിവാസികൾ ഇല്ലെന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്. പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ താങ്കളുടെ അഭിമാനം വാനോളം ഉയരുകയാണോ ചെയ്തത്. അതിൽ സർക്കാർ സ്വീകരിച്ച അലംഭാവം കേരളത്തെ മുഴുവൻ അപമാനമാനിക്കുന്നതായിരുന്നില്ലെ. രണ്ട് ആഴ്ചയായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തത് ആരുടെ കുഴപ്പം കൊണ്ടാണ്. താങ്കൾ ഓർക്കുന്നുണ്ടാകും ഞങ്ങൾ നടത്തിയ നിൽപ്പ് സമരം. അന്ന് നൽകിയ ഉറപ്പുകളിൽ ഒന്നെങ്കിലും പാലിക്കാൻ താങ്കൾക്ക് സാധിച്ചോ. അതിനും മുൻപ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്ത മണ്ണിന്റെ മക്കളെ താങ്കളുടെ പാർട്ടിയുടെ തന്നെ ഭരണകാലത്ത് നരനായാട്ട് നടത്തി കൊന്നതും കേരളത്തിന്റെ അഭിമാനം ഉയർത്തുന്നതിന് വേണ്ടിയായിരുന്നോ. ആദിവാസികൾ എങ്ങനെ ജീവിക്കുന്നുവെന്ന് പോലും ഇതുവരെ ചിന്തിക്കാതിരുന്ന താങ്കൾ പ്രധാനമന്ത്രി സത്യം വിളിച്ചു പറഞ്ഞപ്പോൾ എന്തിനാണ് ബഹളം വയ്ക്കുന്നതെന്ന്് സാധാരണക്കാർക്ക് മനസിലാകും. അഞ്ച് വർഷത്തെ ഭരണത്തിൽ അഭിമാനമെന്ന വാക്ക് പോലും ഉച്ചരിക്കാൻ യോഗ്യതയില്ലാത്ത തരത്തിൽ അധപതിച്ച താങ്കളാണ് മുഖ്യമന്ത്രി കേരളത്തിന്റെ അപമാനം. കേരളത്തിലെ ആദിവാസികളുടെ നരകജീവിതത്തെ തുറന്ന ചർച്ചക്ക് വിഷയമാക്കിയ പ്രധാനമന്ത്രിയിലാണ് ഉമ്മൻചാണ്ടി ഞങ്ങളുടെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button