Kerala

ജിഷയുടെ കൊലപാതകം : ഒതുക്കാന്‍ ഇടപെട്ടത് ഉന്നത കോണ്‍ഗ്രസ് നേതാവ്

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടത് ഉന്നത കോണ്‍ഗ്രസ് നേതാവെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പില്‍ ഇത്രയും ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത് തിരിച്ചടിയാകുമെന്ന് കരുതിയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ മൂടിവയ്ക്കാന്‍ ഈ നേതാവ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതത്രേ! ജിഷയുടെ മരണം യു.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നും അതിനാല്‍ വിവാദമാകാതെ സൂക്ഷിക്കണമെന്നും കുറുപ്പംപടി എസ്ഐയെ ഉപദേശിച്ചതായാണ് വിവരം. ജിഷ കൊല്ലപ്പെട്ട വിവരം ഒരു വാര്‍ഡ് മെമ്പര്‍ വഴി അറിഞ്ഞ നേതാവ് പോലീസുമായി ബന്ധപ്പെട്ട് സംഭവം മൂടിവെക്കാനും അവഗണിക്കാനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ജിഷയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ഉടനെ ദഹിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ പോലീസിനെ പ്രേരിപ്പിച്ചതും കോണ്‍ഗ്രസ് നേതാവിന്റെ സമ്മര്‍ദ്ദം മൂലമാണ്. സാധാരണ കൊലപാതകം പോലെയുള്ള സംഭവങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാറില്ല. മൃതദേഹം കത്തിച്ചുകളഞ്ഞതിനാല്‍ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനും തടസമായി. പോലീസ് ആദ്യദിവസങ്ങളില്‍ തെളിവ് ശേഖരിക്കാന്‍ വിമുഖത കാണിച്ചതും ഈ നേതാവിന്റെ ഇടപെടല്‍ മൂലമാണത്രേ!

പെരുമ്പാവൂര്‍ കാരനായ ഈ നേതാവ് ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതും കൊലപാതകത്തിന്റെ പത്താം ദിവസമാണ്. അതിരാവിലെ ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടശേഷം ഉടന്‍ സ്ഥലം വിടുകയും ചെയ്തു. ജിഷയുടെ ക്രൂരമായ കൊലപാതകത്തില്‍ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ പ്രദേശത്ത് നിന്ന് തന്നെയുള്ള ഈ ഉന്നതനേതാവ് ഇതില്‍ നിന്നെല്ലാം അകലം പാലിച്ചത് നേരത്തെ തന്നെ സംശയമുണര്‍ത്തിയിരുന്നു. പെരുമ്പാവൂരിലേയും പരിസരപ്രദേശത്തേയും പോലീസ് സ്ഥലംമാറ്റങ്ങളില്‍ ഈ നേതാവാണ്‌ അവസാന വാക്ക് എന്നതും പരസ്യമായ രഹസ്യമാണ്.

shortlink

Post Your Comments


Back to top button