NewsIndia

ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ്‌ ജമ്മു-കാശ്മീരില്‍ നിന്ന്!

ജമ്മു-കാശ്മീര്‍ സ്വദേശിനിയായ ആയിഷ അസീസ്‌ ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ്‌ ആയി. ജമ്മു കശ്മീരിലെ ബരാമുള്ള സ്വദേശിനിയാണ് ആയിഷ. കുട്ടിക്കാലം മുതലേ ആയിഷയുടെ ആഗ്രഹം ഒന്നു മാത്രമായിരുന്നു, ഒരു പൈലറ്റ് ആവുക.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റും കശ്മീരില്‍ നിന്നുള്ള ആദ്യ മുസ്‌ലീം വനിത പൈലറ്റുമാണ് ഈ ഇരുപതുകാരി ഇപ്പോള്‍.

മുംബൈയിലെ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കാലത്ത് ആയിഷ നാസ സന്ദര്‍ശിച്ചു. ഇത് ആയിഷയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു. അവിടെ വെച്ച് താന്‍ ഏറെ ആരാധിക്കുന്ന ജോണ്‍ മക്‌ബ്രൈബിയെ കാണാന്‍ സാധിക്കുകയും ഒരു വൈമാനികന്‍ അറിഞ്ഞിരിക്കേണ്ട സ്‌കൂബ ഡൈവിങ്, മൂണ്‍ വാക്കിങ്, ബണ്ണി വാക്ക് എന്നിവയില്‍ പങ്കെടുക്കാനും ആയിഷയ്ക്ക് സാധിച്ചു.

പിന്നീട് തന്റെ മാതൃകാപാത്രങ്ങളിലൊരാളായ സുനിത വില്യംസുമായി കൂടിക്കാഴ്ച്ച നടത്താനും ആയിഷയ്ക്ക് സാധിച്ചു. വളരെ നേരത്തെ തന്നെ പുതിയ കാര്യങ്ങള്‍ ആയിഷയെ പരിചയപ്പെടുത്താന്‍ ആയിഷയുടെ പിതാവ് ശ്രമിച്ചിരുന്നു. ആയിഷയുടെ സ്വപ്‌നം തിരിച്ചറിഞ്ഞ അദ്ദേഹം ആയിഷക്ക് ഫ്ലൈയിംഗ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രചോദനം നല്‍കി. അന്ന് വെറും 15 വയസ്സായിരുന്നു ആയിഷയുടെ പ്രായം. 16-ആം വയസ്സിലാണ് ആയിഷ ആദ്യമായി വിമാനത്തിന്റെ കോക്പിറ്റില്‍ കയറുന്നത്. 2012 ജനുവരിയില്‍ ആയിഷ സെസ്‌ന 172R വിമാനം പറത്തി.

ബോംബെ ഫ്ലൈയിംഗ് ക്ലബില്‍ നിന്നാണ് ആയിഷയ്ക്ക് വിമാനം പറത്തലില്‍ പരിശീലനം ലഭിച്ചത്. അവിടെയുണ്ടായിരുന്ന നാല്‍പ്പത് വിദ്യാര്‍ത്ഥികളില്‍ ഏറ്റവും ഇളയവള്‍. തന്റെ പതിനെട്ടാം വയസ്സില്‍ സെസ്‌ന 152-ഉം സെസ്‌ന 172-ഉം പറത്തി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്ന കടമ്പയും ആയിഷ മറികടന്നു.

shortlink

Post Your Comments


Back to top button