ന്യൂയോര്‍ക്ക്:ന്യൂഹെഡ് പാർക്കിലുളള പ്രവാസി മലയാളി കുടുംബത്തെ മൂന്നു മണിക്കൂറോളം ഫോൺ ഭീഷണിയിലൂടെ മുൾമുനയിൽ നിർത്തി പണം തട്ടിയെടുക്കാൻ ശ്രമം .ന്യൂയോര്‍ക്ക് ട്രാൻസിറ്റ് (സബ്‍വേ) ഉദ്യോഗസ്ഥനും ന്യൂഹെഡ് പാർക്കിൽ സ്ഥിരതാമസക്കാരനുമായ രാജു പറമ്പിലിനും കുടുംബത്തിനുമാണ് ആധുനിക രീതിയിലുളള തട്ടിപ്പ് തന്ത്രങ്ങളും ഭീഷണിയും നേരിടേണ്ടി വന്നത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം തട്ടിപ്പ് പരാജയപ്പെടുത്താൻ കഴിഞ്ഞെങ്കിലും ന്യൂയോർക്കിലും പരിസരങ്ങളിലും ഇത്തരം തട്ടിപ്പുകൾ കൂടിവരുന്നതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവത്തിനു തുടക്കം. രാജു പറമ്പിലിന്റെ ഭാര്യ സുജ ഷോപ്പിംഗിനായി കടയിലായിരിക്കുന്ന സമയത്ത് തന്റെ കോളേജ് വിദ്യാർഥിയായ മകൻ ഷോൺ ന്യൂയോർക്കിലെ ഒരു തസ്കര സംഘത്തിലെ അംഗത്തെ കാറിടിച്ച് അപകടപ്പെടുത്തിയെന്നും, ക്ഷുഭിതരായ തസ്കര സംഘാംഗങ്ങൾ ഷോണിനെ ബന്ധിയാക്കി വച്ചിരിക്കുകയാണെന്നും അപകടപ്പെട്ട തസ്കര അംഗത്തിന്റെ ചികിത്സയ്ക്കായി നിശ്ചിത തുക ഉടനടി നൽകണമെന്ന് ഫോൺ വരികയായിരുന്നു .പണം നിർദ്ദേശിക്കുന്ന രീതിയിൽ ഉടൻ നൽകിയില്ലെങ്കിൽ മകനെ വെടിവെച്ച് കൊല്ലുമെന്നും ഭീഷണി ഉയർത്തി. തന്റെ കൈവശം ആവശ്യപ്പെടുന്ന തുക ഇല്ലെന്നു അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സംസാരത്തിനിടയിൽ വീട്ടിലെയും, ഭർത്താവ് രാജുവിന്റെ ഫോൺനമ്പറും തട്ടിപ്പുകാർ കൈക്കലാക്കിയിരുന്നു. ഫോൺ യാതൊരു കട്ട് ചെയ്യരുതെന്നും താക്കീത് നൽകി. ഇത്ര സമയം തട്ടിപ്പുകാർ ഷോണിനെയും, രാജുവിനെയും വിളിച്ച് ഇതേ തന്ത്രങ്ങൾ പ്രയോഗിച്ച് പണം ആവശ്യപ്പെട്ടു.
ഇതിനിടയിൽ ആരോ പോലീസിൽ വിവരം ധരിപ്പിച്ചു. ഇരുപതോളം പോലീസുകാരും ഡിക്റ്റക്ടീവുമാരും സഹായത്തിന് എത്തി പണം മണിഗ്രാമായി അയയ്ക്കുന്നത് തടഞ്ഞു. മൂന്ന് വിഭിന്ന സ്ഥലങ്ങളിലായിരുന്നു രാജുവും ഭാര്യ സുജയും മകൻ ഷോണും. മണിക്കൂറുകളോളം ഫോൺ കട്ട് ചെയ്യാതെ തട്ടിപ്പുകാരുടെ നിർദ്ദേശം സ്വീകരിച്ചതു മൂലം മറ്റാർക്കും ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.പോലീസ് ഡിക്റ്റക്ടീവ് രാജു പറമ്പിലിനു നൽകിയ നിർദ്ദേശപ്രകാരം ഫെയ്സ്ബുക്കിലൂടെ ഷോണിന് വിട്ട മെസേജിലൂടെ തങ്ങൾ സുരക്ഷിതരാണെന്നും ആരുടേയും ബന്ധിയല്ലെന്നും തമ്മിൽ അറിഞ്ഞതുമൂലം മൂന്നു മണിക്കൂർ നീണ്ട ഫോൺ തട്ടിപ്പ് പരാജയപ്പെടുകയായിരുന്നു .
Post Your Comments