ചത്തീസ്ഗഡ് : സോഷ്യല്‍ മീഡിയയില്‍ നിന്നും ഒളിച്ചോടാന്‍ ആര്‍ക്കും സാധ്യമല്ല. ഒരാളെ വളര്‍ത്താനും തളര്‍ത്താനും അപാര കഴിവുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. ഇതില്‍ ഏറ്റവും പുതിയതായി വന്നത് ചത്തീസ്ഗഡിലെ ഒരു കലക്ടറിനു സംഭവിച്ച അബദ്ധമാണ്. യുവകലക്ടര്‍ ജഗദീഷ് സോങ്കര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ രോഗികളുടെ കട്ടിലിന്റെ വശത്ത് കാല് പൊക്കി വച്ചു സംസാരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. രോഗികളോടു സംസാരിക്കുന്നതിനിടയില്‍ മാന്യത കാണിക്കാതെ കാല് ഉയര്ത്തിവച്ചു സംസാരിച്ചതിലൂടെ ജഗദീഷിന്റെ ധാര്‍ഷ്ട്യമാണു വ്യക്തമാകുന്നതെന്ന രീതിയിലാണ് ഓണ്‍ലൈനില്‍ ചിത്രം പരന്നത്. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ജഗദീഷ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവിച്ചതു തെറ്റാണെന്നും മാപ്പു ചോദിക്കുകയാണെന്നും ജഗദീഷ് പറഞ്ഞത്.
സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളിലും പ്രചരിച്ച ഫോട്ടോയുടെ പേരിലുള്ള മാപ്പുചോദിക്കലാണിത്. അതൊരിക്കലും ബോധപൂര്‍വം ചെയ്തതായിരുന്നില്ലെന്നും ഒഴിവാക്കാമായിരുന്നതായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. സിവില്‍ സര്‍വീസ് സാഹോദര്യത്തിന്റെ പ്രതിഛായയെ ആ ഫോട്ടോ വിപരീതമായി ബാധിച്ചിട്ടുണ്ട്. എല്ലാവരോടും ഞാന്‍ മാപ്പു ചോദിക്കുകയാണ്. ഇത്തരമൊരു കടുത്ത പരീക്ഷണ ഘട്ടത്തിലൂടെ പോകുമ്പോള്‍ എനിക്കൊപ്പം നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും കൂട്ടുകാര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. സിവില്‍ സര്‍വീസിന്റെ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് ഞാന്‍ വീണ്ടും ഉറപ്പു നല്‍കുകയാണ്. ആ ചിത്രം ആരെയൊക്കെ വേദനിപ്പിച്ചുവോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്നും തനിക്കൊപ്പം നിന്നവര്‍ക്കുള്ള നന്ദി അറിയിക്കുന്നുവെന്നും ജഗദീഷ് പറഞ്ഞു. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ജഗദീഷ് പോസ്റ്റില്‍ വ്യക്തമാക്കി.
മെഡിക്കല്‍ ഡിഗ്രിയുള്ള ജഗദീഷ് ഒരു സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെയുള്ള ചിത്രമായിരുന്നു അത്. ജഗദീഷ് സോങ്കാറിന്റേത് ഇന്ത്യന്‍ അരോഗന്റ് സര്‍വീസ് ആണെന്ന രീതിയിലും പ്രചാരണമുണ്ടായിരുന്നു.
Post Your Comments