തിരുവനന്തപുരം: അയവയ ദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവിതം നല്കി കൊല്ലം ആനയടി സ്വദേശി അഡ്വ. ശശി(52) വിട പറഞ്ഞു. കരള്‍, രണ്ട് വൃക്ക എന്നിവയാണ് ദാനം നല്‍കിയത്.
മേയ് നാലാം തീയതി റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് ഫോണ്‍ വിളിക്കുകയായിരുന്നു ശശി. ആസമയം അതുവഴി കടന്നുവന്ന മെമു ട്രയിനിന്റെ ശക്തമായ കാറ്റടിച്ച് ശശി തെറിച്ച് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതം സംഭവിക്കുകയും കൈ ഒടിയുകയും ചെയ്തു. ഉടന്‍ തന്നെ ശശിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അതിനുശേഷം അഞ്ചാം തീയതി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം (പത്താം തീയതി) ശശിയുടെ മസ്തിഷകമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരണാന്തര അവയവദാന സാധ്യതകളെപ്പറ്റി ഡോക്ടര്‍മാര്‍ ശശിയുടെ ബന്ധുക്കളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി അവയവദാനത്തിനുള്ള സമ്മതം അറിയിച്ചു.
ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയെ ഇക്കാര്യം അറിയിച്ചു. മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനം ഏകീകരിച്ചു. തുടര്‍ന്ന് ശശിയുടെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി അവര്‍ക്ക് അവയവമെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ്, വിനോദ് എന്നിവരടങ്ങുന്ന സംഘം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കരളും ഒരു വൃക്കയും ചേര്‍ച്ചയായത് അമൃതയിലെ തന്നെ രോഗികള്‍ക്കാണ്. മറ്റൊരു വൃക്ക ലഭിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കാനായി കാത്തിരുന്ന ചടയമംഗലം സ്വദേശി പ്രശാന്ത് ടി. (24)യ്ക്കാണ്. ഡോ. ശിവരാമകൃഷ്ണന്, ഡോ. മധുസൂദനന്, ഡോ. യമുനാറാണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രശാന്തിന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ശശിയുടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടു പോയി.
Post Your Comments