KeralaNews

ഇന്ത്യാവിഷന്‍ ജീവനക്കാര്‍ക്ക് താത്കാലികാശ്വാസം… ഇലക്ഷനല്ല കാരണം? പിന്നെ…

കൊച്ചി: കേരളത്തിന്റെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ജീവനക്കാര്‍ക്ക് നാല് മാസത്തോളം ശമ്പളം ലഭിയ്ക്കാനുണ്ടായിരുന്നു അപ്പോള്‍. ആ തുക ഇതുവരെ കൊടുത്തു തീര്‍ക്കാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് ഇന്ത്യാവിഷന്റെ സ്ഥാപക ചെയര്‍മാനും ഓഹരി ഉടമയും ആയ മന്ത്രി എം.കെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ചാനലിലെ ഡ്രൈവര്‍ ആയിരുന്ന എ.കെ സാജന്‍ മത്സരിയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഡിഷ് ആന്റിന ചിഹ്നത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സാജന്‍ മത്സരിയ്ക്കുന്നത്. സാജന്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.
ഇന്ത്യാവിഷനില്‍ നിന്ന് ഇതുവരേയും രാജി വച്ച് പോകാത്ത ജീവനക്കാരെ വിളിച്ച് ചേര്‍ത്ത് റെസിഡന്റ് ഡയറക്ടര്‍ മെയ് ആറിന് കൊച്ചിയില്‍ യോഗം നടത്തിയിരുന്നു. ഈ യോഗം സമ്പൂര്‍ണ പരാജയമായിരുന്നു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവശേഷിയ്ക്കുന്ന നൂറോളം ജീവനക്കാര്‍ക്ക് പതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കി. കഴിഞ്ഞ മാസം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുമായി കോഴിക്കോട് വച്ച് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ പണം ശമ്പള കുടിശ്ശികയല്ലെന്നും താത്കാലിക ആശ്വാസം എന്ന നിലയില്‍ നല്‍കുന്നതാണെന്നും ആണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കിയതിന് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും ലഭിയ്ക്കാത്ത താത്കാലിക ആശ്വാസം ഇപ്പോഴെങ്ങനെ നല്‍കിയെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം.
മെയ് ആദ്യവാരം തന്നെ ജീവനക്കാരുടെ യോഗം വിളിയ്ക്കാമെന്നും നിശ്ചിത തുക താത്കാലികാശ്വാസമായി അവര്‍ക്ക് നല്‍കാമെന്നും ചാനല്‍ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നതായി പത്രപ്രവര്‍ത്തക യൂണിയനും സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പണം നല്‍കിയ കാര്യം പത്രപ്രവര്‍ത്തക യൂണിയനെ ചാനല്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബറോടെ ചാനല്‍ പ്രവര്‍ത്തനം പുനരാരംഭിയ്ക്കാനാകും എന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. ചാനലില്‍ നിന്ന് രാജിവച്ച് പോയവര്‍ക്കുള്ള ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് തന്നെ നല്‍കും. രാജിവയ്ക്കാതെ തുടരുന്നവരുടെ കാര്യത്തില്‍ ചര്‍ച്ച ചെയ് തീരുമാനമെടുക്കും എന്നൊക്കെയാണ് വിവരം.

shortlink

Post Your Comments


Back to top button