കുവൈത്ത് സിറ്റി● കുവൈത്തിലെ ഖൈത്താനില്‍ ഈജിപ്തുകാരനായ പ്രവാസിയെ ഫ്ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. സ്വന്തം ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം ഇവര്‍ സ്വദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.
കുഞ്ഞിനെ അയല്‍വാസിയായ സ്ത്രീയെ ഏല്‍പ്പിച്ചിട്ടാണ് യുവതി രക്ഷപ്പെട്ടത്. ഒരു സ്ഥലം വരെ പോകാനുണ്ടെന്നും ഉടനെ മടങ്ങിവരുമെന്നും വിശ്വസിപ്പിച്ചാണ് കുഞ്ഞിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് അയല്‍ക്കാരി നടത്തിയ അന്വേഷണത്തില്‍ യുവതി നാട്ടിലേക്ക് കടന്നെന്ന് വ്യക്തമായി. തുടര്‍ന്ന് അയല്‍ക്കാരി പൊലീസില്‍ വിവരമറിയിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ ഏറ്റെടുത്ത് ഈജിപ്‌ത് എംബസിയില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു . ഫ്ലാറ്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പൊലീസുകാര്‍ വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് തലപൊട്ടി മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തുന്നത്.
മൂന്ന് കുട്ടികളുടെ മാതാവായ യുവതി ഭര്‍ത്താവിന്റെ ആശ്രിത വിസയിലാണ് രാജ്യത്തെത്തിയത്. ഇവരില്‍ രണ്ട് കുട്ടികള്‍ മൂന്നു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇളയ കുഞ്ഞിന് പാസ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. ഇതിനാലാണ് കുഞ്ഞിനെ അയല്‍ക്കാരിയെ ഏല്‍പ്പിച്ച് ഇവര്‍ രക്ഷപ്പെട്ടതെന്ന് കരുതുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
Post Your Comments