ന്യൂഡല്‍ഹി : പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാന്‍ ഇനി ഒരു നമ്പര്‍. അടിയന്തര സേവനങ്ങള്‍ക്ക് ഒറ്റ നമ്പര്‍ എന്ന ആശയത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 112 എന്ന നമ്പറില്‍ വിളിച്ചാല്‍ ഈ മൂന്ന് സേവനങ്ങളും ലഭ്യമാകും.
അടിയന്തര ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നതിന് കോള്‍ സെന്റര്‍ മാതൃകയില്‍ സംവിധാനം ഒരുക്കും. അമേരിക്കയില്‍ 911 എന്ന നമ്പറിലാണ് എല്ലാ അടിയന്തര സേവനങ്ങളും ലഭ്യമാക്കുന്നത്. ഇതേ മാതൃക പിന്തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അടുത്ത വര്‍ഷം ജനുവരി മുതല്‍ പുതിയ സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
എസ്എംഎസ് വഴിയും ആശയവിനിമയം സാധ്യമാവുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. എസ്എംഎസ് അയച്ചാല്‍ അത് ഏത് സ്ഥലത്തു നിന്നാണെന്ന് സ്ഥിരീകരിച്ച ശേഷം അവിടുത്ത ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും പാനിക് ബട്ടണ്‍(അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന്) നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതു വഴിയും 112 ലേക്ക് വിളിക്കാനാവും. 2018 മുതല്‍ ഇന്‍ബില്‍ട്ട് നാവിഗേഷന്‍ സംവിധാനം എല്ലാ ഫോണുകളിലും നിര്‍ബന്ധമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
ഔട്ട് ഗോയിംഗ് സൗകര്യമില്ലാത്ത മൊബൈല്‍, ലാന്‍ഡ് ഫോണിലും ഈ സേവനം ലഭ്യമാകും. നിലവില്‍ പോലീസ്(100), ഫയര്‍ ഫോഴ്‌സ്(101), ആംബുലന്‍സ്(102), ദുരന്തനിവാരണം(108) എന്നിവയ്ക്കായി വ്യത്യസ്ത ഫോണ്‍ നമ്പറുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാവുന്നതോടെ പഴയ നമ്പറുകളെല്ലാം ഇല്ലാതാവും. 112ല്‍ വിളിക്കുന്ന എല്ലാ വിളികളും അതാത് വകുപ്പുകളിലേക്ക് കൈമാറണമെന്ന നിര്‍ദേശം ടെലികോം കമ്പനികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ട്.
Post Your Comments