പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിലേക്ക്. കുടുംബവുമായി ബന്ധമുള്ളയാളാകാം കൃത്യം നിർവഹിച്ചതെന്ന സൂചനയുടെ അടിസ്ഥാനലാണ് അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്ക് നീളുന്നത്. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് അന്യസംസ്ഥാനക്കാരനായ ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു. കഞ്ചാവ് വില്പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്.
ഒരാള്‍ തനിച്ചാണ് കൃത്യം നടത്തിയതെന്നും ഇതിനായി കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും എഡിജിപി പത്മകുമാറും ഐജി മഹിപാൽ യാദവുംവ്യക്തമാക്കിയിരുന്നു. പക്ഷേ എന്തിന് എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴക്കുന്നത് . ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം കണ്ടെത്തുകയാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി.
പരിസരവാസികളുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ മൂലം പോലീസിന് കൃത്യമായൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനുപയോഗിച്ച ആയുധം ഇനിയും കണ്ടെത്താനായിട്ടില്ല വീട്ടിൽ നിന്ന് ലഭിച്ച ആയുധങ്ങളല്ല കൊലയ്ക്കുപയോഗിച്ചതെന്ന് അന്വേഷണസംഘത്തിന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു . കൊലയാളിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പാണ് അന്വേഷണസംഘത്തിന്റെ കൃത്യതയുള്ള ഏക തൊണ്ടി മുതല്‍. കുറുപ്പുംപടി കോടതിയിൽ സൂക്ഷിച്ചിരുന്ന ചെരിപ്പ് അന്വേഷസംഘം ഇന്നലെ കോടതിയുടെ അനുമതിയോടെ വാങ്ങിയത് അന്വേഷണത്തില്‍ കൃത്യത വന്നതിന്റെ സൂചനയായി കരുതപ്പെടുന്നു.
Post Your Comments