ദുബായ്: ഡ്രൈവിങ് പരിശീലന പാഠ്യപദ്ധതിയില്‍ പ്രാഥമിക, അടിയന്തര ആരോഗ്യ ശുശ്രൂഷകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. വാഹനമോടിക്കുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും പരിഗണിച്ചാണിതെന്ന് ആര്.ടി.എ. ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു.
ഡ്രൈവിങ് പഠിതാക്കള്‍ക്കുള്ള പരിശീലന പരിപാടി നവീകരിക്കുന്നതിന്റെ ഭാഗമായി ചെറിയ കോഴ്സ് എന്ന രീതിയിലായിരിക്കും പ്രാഥമിക, അടിയന്തര ശുശ്രൂഷകളില്‍ പരിശീലനം നല്‍കുക. വാഹനം ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍മാര്‍ക്ക് ഹൃദയസ്തംഭനം അടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നത് കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതടക്കം ഉള്‍പ്പെടുത്തിയുള്ള കോഴ്സ് ഉടന്‍ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്നും ബഹ്റൂസിയാന്‍ പറഞ്ഞു.
യാര്‍ഡ് ടെസ്റ്റ് ആധുനികവത്കരിക്കുന്നതിനായി പ്രത്യേക യാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന്മാര് എക്സാമിനര്‍മാരായി വരുന്നതിന് പകരം, സ്മാര്‍ട്ട് സംവിധാനത്തിലൂടെ പഠിതാവിനെ വിലയിരുത്തുന്ന രീതിയാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. വിലയിരുത്തലില്‍ നൂറുശതമാനം കൃത്യത ഉറപ്പാക്കുന്ന സ്മാര്‍ട്ട് സംവിധാനം ദുബായ് ഡ്രൈവിങ് സെന്ററില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
മാനുവല്‍ യാര്‍ഡില്‍ പരിശീലനം നല്‍കിയതിന് ശേഷം, സ്മാര്‍ട്ട് യാര്‍ഡിലും പരിശീലനം നല്‍കും. തുടര്‍ന്നായിരിക്കും ടെസ്റ്റിന് വിടുക. തെക്കന്‍ കൊറിയയില്‍ നടപ്പാക്കുന്ന രീതിയാണ് ദുബായ് ഡ്രൈവിങ് സെന്റര്‍ പിന്തുടരുന്നത്. എക്സാമിനര്‍മാര്‍ക്ക് ഉണ്ടാകാവുന്ന മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാനും പഠിതാവിന്റെ ചെറിയ പിഴവുകള്‍പോലും കണ്ടെത്താനും സ്മാര്‍ട്ട് സംവിധാനം വഴി സാധിക്കും. പലര്‍ക്കും എക്സാമിനര്‍മാരുടെ സാന്നിധ്യം ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതായി മനസ്സിലാക്കിയതും പുതിയ തീരുമാനത്തിന് പ്രേരകമായി.
അവസാനവട്ട റോഡ് ടെസ്റ്റിലും ഇത്തരത്തിലുള്ള സ്മാര്‍ട്ട് സാങ്കേതികതയിലൂടെ വിലയിരുത്തല്‍ നടത്തും. എന്നാല്‍, റോഡ് ടെസ്റ്റില്‍ എക്സാമിനര്‍മാരുടെ സാന്നിധ്യം പൂര്‍ണ്ണമായും ഒഴിവാക്കില്ലെന്നും ബഹ്റൂസിയാന്‍ വ്യക്തമാക്കി.
Post Your Comments