KeralaNews

ഇന്ന്‍ കുഞ്ചന്‍ ദിനം

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവി കുഞ്ചന്‍ നമ്പ്യാരുടെ ദിനമാണ് ഇന്ന്‍. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ്‌ 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാര്‍.

നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങള്‍ നിറഞ്ഞ കുഞ്ചന്‍ നമ്പ്യാരുടെ ശൈലി ഇന്നും ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യ വിമര്‍ശനരംഗത്ത് ഒരു മഹനീയ മാതൃകയായി നിലകൊള്ളുന്നു.

ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ.

സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന നിര്‍ബന്ധം നമ്പ്യാർക്കുണ്ടായിരുന്നു

“ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും”, എന്നാണ് നമ്പ്യാര്‍ പറഞ്ഞിരിക്കുന്നത്.

മലയാളസാഹിത്യ രംഗത്തെ ഈ അതികായന്‍റെ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണെന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ….

shortlink

Post Your Comments


Back to top button