Women

പെരുമ്പാവൂർ പേടിസ്വപ്നമാകുമ്പോൾ

ജ്യോതിര്‍മയി ശങ്കരന്‍

കേരളത്തെ വല്ലാതെയുലച്ച പെരുമ്പാവൂരിലെ സംഭവം വരാനിരിയ്ക്കുന്ന വലിയൊരു പേടിസ്വപ്നത്തിന്റെ സൂചനയാണോ? മാറിക്കൊണ്ടിരിയ്ക്കുന്ന കേരളത്തിന്റെ മിടിപ്പുകളിൽ സുരക്ഷിത്ത്വബോധത്തിന്റെ കുറവ് പ്രകടമായിക്കാണാനാകുന്നു. ഇതുവരെയും ഉണ്ടായിരുന്നതിലേറെ പേടി ഇപ്പോൾ തോന്നിത്തുടങ്ങിയിരിയ്ക്കുന്നു. കേരളത്തിലെ സ്ത്രീകളും പെൺകുട്ടികളും ഭയവിഹ്വലരാണിപ്പോൾ. ഇവിടെ ജീവിയ്ക്കുകയെന്നത് കേരളത്തിനു പുറത്തുള്ള നഗരങ്ങളേക്കാൾ ആപൽക്കരമെന്നു തോന്നിത്തുടങ്ങിയോ?പെരുമ്പാവൂരിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയും നാമേറെ ബഹളമുണ്ടാക്കിയ സൌമ്യാസംഭവം പോലെയായി മറവിയുടെ തിരശ്ശീലയ്ക്കു പിന്നിൽ മറയുമോ? ചിന്തിയ്ക്കാൻ സമയമായിരിയ്ക്കുന്നു.

സദാചാരബോധം നഷ്ടമായ മനുഷ്യൻ ലോകത്തിനു നേരെ അഴിച്ചു വിടപ്പെട്ട ഹൃംസജന്തുവാണെന്ന് ആൽബെർട്ട് കാമു പറഞ്ഞിട്ടുണ്ട്. ആ ജന്തുവിനെ നേരിട്ടു കാണാനിടയാകരുതെന്ന പ്രാർത്ഥനയാണോരോ ചുണ്ടിലുമിപ്പോൾ. സത്യം പറഞ്ഞാൽ തിരഞ്ഞെടുപ്പു ചൂടിനിടയിൽ ഈ സംഭവത്തിനെത്രമാത്രം ശ്രദ്ധ കിട്ടുമെന്നു പോലും പറയാനാകില്ല. നിയമവിദ്യാർത്ഥിയായിരുന്നല്ലോ ജിഷ. വക്കീലന്മാരും നിയമവിദ്യാർത്ഥികളും വേണ്ടത്ര പിന്തുണ കൊടുക്കുമെന്നാശിയ്ക്കാം. പക്ഷേ അതു മാത്രം പോരാ. ഇവിടത്തെ ഓരോ സ്ത്രീയുടെയും പിന്തുണ ആവശ്യപ്പെടുന്ന സംഭവമായി ഇതിനെ ഉയർത്തേണ്ടിയിരിയ്ക്കുന്നു. ആ സ്ഥാനത്ത് സ്വയം അനുഭവിയ്ക്കേണ്ടി വന്നിരുന്നെങ്കിൽ എന്ന ഒരു ചിന്ത മാത്രം മതി അതിനായി.

എന്തുകൊണ്ടിങ്ങനെയൊരു സംഭവത്തിനു കാരണമുണ്ടായി എന്നും ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. വൈകൃതമായ ഒരു മനസ്സിന്റെ ക്രൂരതയാർന്ന ലൈംഗിക പീഡന ശ്രമം മാത്രമാണോ ഇത്? അതോ സമൂഹത്തിലെ സംസ്ക്കാര വ്യതിയാനത്തിന്റെ ബഹിർസ്ഫുരണമായി ഇതിനെ കണക്കാക്കണോ? അതോ വെറും സാഹചര്യം സൃഷ്ടിച്ച ഒരു ഒറ്റപ്പെട്ട സംഭവം മാത്രമോ? പെരുമ്പാവൂരിന്റെ കൂടിക്കൊണ്ടിരിയ്ക്കുന്ന ഇതര സംസ്ഥാനക്കുടിയേറ്റക്കാർക്ക് ഇതുമായി എന്തെങ്കിലും ബന്ധം കാണുമോ?

ദെൽഹിയിൽ പൈശാചികമായ രീതിയിൽ നടന്ന നിർഭയ സംഭവവുമായി പല സമാനതകളും ഉയർത്തിക്കാട്ടുന്നുണ്ടിവിടെ. അന്വേഷണരീതി വഴി തെറ്റിയ്ക്കാൻ മാത്രമുള്ള ഒരു ശ്രമമായിരിയ്ക്കുമോ ഇത്? കൊലയാളി പരിചിത വലയത്തിൽ നിന്നു തന്നെയായിക്കൊടെന്നുമില്ലല്ലോ? സാമാന്യം ജനവസം കുറഞ്ഞ സ്ഥലമാകയാൽ അന്യശ്രദ്ധ തക്ക സമയത്തു കിട്ടാനിടയായില്ലെന്ന ദുഃഖകരമായ സത്യം നമ്മെ കൂടുതൽ വിഷമിപ്പിയ്ക്കുന്നു. ഒരു പക്ഷേ യാതൊരു കാരണവും കൂടാതെ തന്നെ ജിഷയെ തിരഞ്ഞെടുക്കാനും അതൊരു കാരണമായിരുന്നുവോ?

ഒന്നേ പ്രാർത്ഥനയുള്ളൂ..ആരു ചെയ്ത അതിക്രമമായാലും ഈ കേസ് തെളിയണം. അതുമാത്രം പോരാ , തക്കതായ ശിക്ഷ കുറ്റവാളിയ്ക്കു കൊടുക്കുമ്പോൾ ഇനിയിത്തരമൊരു പ്രവർത്തിയ്ക്കാരും തുനിയുകയില്ലെന്നുറപ്പു തരും വിധം പൈശാചികമായൊരു ശിക്ഷതന്നെ വേണം കൊടുക്കുവാൻ. വോട്ടർമാരായ നമ്മൾ ഒന്നിച്ചാൽ കേരളത്തിൽ സുരക്ഷിതത്വബോധം വളർത്താനാവില്ലേ? കരയാം, പൊരുതാം ഒന്നിച്ചു നിന്ന്, ജിഷമാർക്കായി…നീതിയ്ക്കായി, നല്ല നാളെയ്ക്കായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button