Kerala

പെരുമ്പാവൂർ സംഭവത്തിലെ സർക്കാരിന്റെ അനാസ്ഥ അപലപനീയം: ഡോ: റ്റി.എൻ. സീമ

തിരുവനന്തപുരം : പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനിയെ അതിപൈശാചികമായി ബലാത്സംഗം ചെയ്തുകൊന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ താല്പര്യം കാണിക്കാത്ത അധികാരികളുടെ സമീപനം കേരളീയസ്ത്രീത്വത്തെയാകെ ഭയപ്പെടുത്തുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: റ്റി.എൻ. സീമ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തുടരുന്ന അനാസ്ഥ അങ്ങേയറ്റം അപലപനീയമാണെന്ന അവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

നിയമവിദ്യാർത്ഥിനി ആയിരുന്ന ജിഷമോൾ ആക്രമിക്കപ്പെട്ട രീതി കേരളചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തത്ര ക്രൂരമാണ്. കൊല്ലപ്പെടുംമുമ്പ് അവൾ ലൈംഗികാക്രമണത്തിനും ഇരയായി എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. മൂന്ന് വര്‍ഷം മുന്‍പ് രാജ്യത്തെ പിടിച്ചുലച്ച് ഡല്‍ഹിയിൽ ഉണ്ടായ കൂട്ടബലാത്സംഗത്തിൽ നിർഭയ അനുഭവിച്ചതിലും കൊടിയ ആക്രമണമാണ് ജിഷമോൾക്കുനേരെ ഉണ്ടായത്. നിസ്സംഗത വെടിഞ്ഞ് സമൂഹം ഒന്നാകെ ഇതിനെതിരെ പ്രതികരിക്കേണ്ടതാണെന്ന് സീമ പറഞ്ഞു.

പെരുമ്പാവൂരിലെ വട്ടോളിപ്പടി കനാൽ ബണ്ട് പുറമ്പോക്കിലെ രണ്ടു സെന്റിൽ ഒറ്റമുറി വീട്ടിൽ ജീവിച്ച് എൽ.എൽ.ബി. വരെ പഠിച്ച ദളിത് പെൺകുട്ടി പ്രതീക്ഷയുടെ വലിയ പ്രതീകമായിരുന്നു. പണവും രാഷ്ട്രീയസ്വാധീനവുമൊന്നും ഇല്ലാത്തവർക്കു നീതി നിഷേധിക്കുന്നതും അവരുടെ ദുരന്തങ്ങൾ അവഗണിക്കുന്നതും അപകടകരമായ സൂചനയാണു നൽകുന്നത്. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാൻ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് ഡോ: റ്റി.എൻ. സീമ സർക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button