Kerala

അഞ്ചലിലെ യുവതിയുടെ ആത്മഹത്യ; പിന്നില്‍ കാമുകനായ സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കിയതിലുള്ള മനോവിഷമം

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതി ജീവനൊടുക്കിയത് കാമുകനായ ചലച്ചിത്ര നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതു മൂലമുള്ള മനോവിഷമം മൂലമെന്ന് സൂചന. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തിയേറ്ററിന് സമീപം ലക്ഷ്മീ സദനത്തില്‍ വിനീത നായര്‍ (28) നെയാണ് കഴിഞ്ഞ വ്യാഴാഴ്ച വീടിനുള്ളില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീത അടുത്തിടെ ജീവനൊടുക്കിയ ചലച്ചിത്ര നിര്‍മ്മാതാവ് അജയ് കൃഷ്ണയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. അജയ് കൃഷ്ണന്‍ മരിച്ചതിലുള്ള മനോവിഷമമാണ് വിനീതയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വിനീത എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും ഇത് ശരിവയ്ക്കുന്നു.

“അജയ് ഇല്ലാത്ത ലോകത്തില്‍ ഇനി ഞാനും ജീവിക്കുന്നില്ല” എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി അഞ്ചല്‍ എസ്.ഐ എസ് സതീഷ് കുമാര്‍ പറഞ്ഞു.

28 കാരിയായ വിനീത ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനായി മൂന്ന് വര്‍ഷം ബംഗലൂരുവിലായിരുന്നു. ഇവിടെ വച്ചാണ് അജയ് യെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിനീത നാട്ടില്‍ തന്നെയായിരുന്നു. നേരത്തെ അച്ഛന്‍ മരിച്ചുപോയ വിനീത അമ്മയുടെ സംരക്ഷണത്തിലായിരുന്നു താമസം. സഹോദരി കുടുംബത്തോടൊപ്പം വിദേശത്താണ്.

ആസിഫലി നായകനായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ കൊല്ലം തിരുമുല്ലവാരം സ്വദേശി അജയ് കൃഷ്ണന്‍ ഏപ്രില്‍ 24ന് ആണ് ജീവനൊടുക്കിയത്. അജയ് കൃഷ്ണന്റെ ആത്മഹത്യയുടെ കാരണവും വ്യക്തമല്ല. ആത്മഹത്യാ ചെയ്യാന്‍ തക്ക കാരണമില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സിനിമയുടെ നിര്‍മ്മാണത്തിന് ആവശ്യമായ പണം അജയ് പല സുഹൃത്തുക്കളില്‍ നിന്നായി സമാഹരിച്ചിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അതിന്റെ പകുതി പണം പോലും ചിത്രത്തിന്റെ ഇതുവരെയുള്ള നിര്‍മ്മാണത്തിനായി ചെലവഴിച്ചിട്ടില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ആത്മഹത്യ ചെയ്ത കുട്ടിയെ കാണാന്‍ അജയ് നിരവധി തവണ അഞ്ചലില്‍ പോയിരുന്നതായും പറയപ്പെടുന്നു.

shortlink

Post Your Comments


Back to top button