സ്ത്രീസ്വാതന്ത്ര്യവും ലിംഗതുല്യതയും ആരാധനാലയങ്ങളിലെ പ്രവേശനവും ഇന്ന് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഓരോ മലയാളിയും അഭിമാനിക്കേണ്ടുന്ന ചരിത്രസാക്ഷ്യങ്ങളുണ്ട് കേരളചരിത്രത്തില്‍.അതില്‍ ഏറ്റം പ്രധാനം,പുരോഗമനവാദം കൊണ്ടോ സ്ത്രീപക്ഷവാദം കൊണ്ടോ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും മായ്ക്കാന്‍ കഴിയാത്ത കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ച്ചിത്രമാണ്..ഇന്ത്യാമഹാരാജ്യത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ആദ്യമായി വൈദേശികമതവിശ്വാസങ്ങളെ ആദരിച്ചു ആനയിച്ച ജനവിഭാഗമാണ് നമ്മള്‍ മലയാളികള്‍..റോമില്‍ ക്രിസ്തുമതത്തിനു തുല്യം ചാര്‍ത്തുന്നതിനു മുമ്പേ കേരളത്തിലെത്തിയ സെന്റ് തോമസിനും ക്നാനായി തൊമ്മനും ഭൂമിയുംപണവും നല്‍കി ആദരിച്ചവരാണ് നമ്മുടെ നാട്ടുരാജാക്കന്മാര്‍..അതിനൊപ്പം തന്നെ ആദ്യക്രിസ്ത്യന്‍ പള്ളി പണിയാനുള്ള അനുവാദവും നല്‍കി..വ്യാപാരത്തിനൊപ്പം വിശ്വാസവും കേരളത്തിലെത്തിച്ച അറബ് കച്ചവടക്കാര്‍ക്ക് പരവതാനി വിരിച്ചു സ്വീകരിച്ച കോഴിക്കോട് സാമൂതിരി ആദ്യത്തെ മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദവും നല്‍കി..ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിനു പറയാന്‍ ഇങ്ങനെയെത്ര കഥകള്‍ ബാക്കി..അര്‍ത്തുങ്കല്‍ പള്ളിയെയും വാവരുപള്ളിയെയും കടന്നുപോകുന്ന ശബരിമല തീര്‍ത്ഥാടനം മതാതീതമായ വിശ്വമാനവികതയുടെ മകുടോദാഹരണമാണ്..സ്ത്രീവാദത്തെയും തുല്യതയെയും അണിനിരത്തി പുരോഗമനം പ്രസംഗിക്കുന്നവര്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ-ഇല്ലാത്ത വര്‍ഗ്ഗീയതയും അസഹിഷ്ണുതയും പറഞ്ഞുപരത്തി ഇവിടുത്തെ മതസൌഹാര്‍ദം തകര്‍ക്കുകയെന്ന ഒരൊറ്റ ലക്‌ഷ്യം മാത്രം…ഇന്ന് തൃപ്തി ദേശായിയും അവരുടെ സംഘടനയും ശബരിമലയിലെ വിലക്ക് ഭേദിച്ചുകൊണ്ട് സന്നിധാനത്ത് പ്രവേശിക്കുമെന്ന് പരസ്യമായി വെല്ലുവിളിക്കുമ്പോള്‍ ഒരു വിശ്വാസിയെന്നതിലുപരി ഒരു മലയാളി സ്ത്രീയെന്ന നിലയ്ക്ക് കുറെയേറെ ചോദ്യങ്ങള്‍ ചോദിക്കേണ്ടതായി വരുന്നു ..ഒപ്പം എന്താണ് നമ്മുടെ പൈതൃകമെന്നും സംസ്കാരമെന്നും ചൂണ്ടിക്കാണിക്കേണ്ടിയും വരുന്നു .
കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ആചാരങ്ങളെ വെല്ലുവിളിച്ചു കൊണ്ട് നിങ്ങള്‍ ശബരിമലയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്.ആദ്യം ഈ കൊച്ചുകേരളത്തെകുറിച്ച്,ഇവിടുത്തെ സംസ്കാരത്തെ കുറിച്ച്,മതസൌഹാര്‍ദ്ദത്തെ കുറിച്ച്,സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച്,കുറഞ്ഞ പക്ഷം മലയാളികളായ സ്ത്രീകളെക്കുറിച്ച് നന്നായി അറിയുക..ഗൂഗിള്‍ മാമ്മന്റെ സഹായത്തോടെ ഒരൊറ്റ സെക്കന്‍ഡിനുള്ളില്‍ ആവശ്യമായ വിവരങ്ങള്‍ മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും എന്താണ് കേരളമെന്നും എന്താണ് ഞങ്ങളുടെ സംസ്കാരമെന്നും..സ്ത്രീപക്ഷവാദത്തിന്റെ പേരും പറഞ്ഞുകൊണ്ട് ഇവിടുത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ ഇങ്ങോട്ട് വരുന്നതിനും മുമ്പ് ഒന്ന് മനസ്സിലാക്കുക-ഇത് നിങ്ങള്‍ കണ്ട മഹാരാഷ്ട്ര അല്ല..അവിടെ ജാതീയതയും വര്‍ഗ്ഗീയതയും കലക്കിയൊഴിച്ചു കൊണ്ട് നിങ്ങള്‍ക്ക് അരാജകത്വം സൃഷ്ടിക്കാം..പക്ഷേ അതേ വീഞ്ഞും കൊണ്ട് ഇങ്ങോട്ട് വരുമ്പോള്‍ ഒന്നോര്‍ക്കുക ഇത് നിങ്ങള്‍ കണ്ട മഹാരാഷ്ട അല്ല..ഇത് കേരളമാണ്. കേരളത്തിന് എന്നും ഒരു പ്രബുദ്ധത അവകാശപ്പെടാനുണ്ടായിരുന്നു. ഏത് ഇരുളില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പരിവേഷങ്ങളില്‍ നിന്നും നന്മയെ വേര്‍തിരിച്ചെടുക്കാനുളള കഴിവ് നമുക്കുണ്ടായിരുന്നു… ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ അമാവാസിയെ നാം പ്രതിരോധിച്ചത്പറയിപെറ്റ പന്തിരുകുലം എന്ന മഹത്തായ പൌര്‍ണ്ണമിയെ കൊണ്ടായിരുന്നു..ഇരുപത്തൊന്നുവട്ടം ക്ഷത്രിയവംശത്തെ മുടിച്ച് അവരുടെ രക്തംകൊണ്ട് സ്യമന്തപഞ്ചകം തീര്‍ത്ഥമുണ്ടാക്കിയ മാതൃഹന്താവായ പരശുരാമനെ കേരളത്തിന്‍റെ സ്രഷ്ടാവായി ഐതിഹ്യവത്കരിച്ചിട്ടുപോലും നാമൊരു ഉത്സവമൊരുക്കിയില്ല..പരശുരാമന്‍റെ പേരില്‍ ഒരു കേരളപ്പിറവി ആഘോഷം തുടങ്ങാത്തതും വിവേചനബുദ്ധികൊണ്ടാണ്.
ഓരോ പ്രതിസന്ധിയിലും ജാതിമതരാഷ്ട്രീയഭേദമേന്യേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ സ്വന്തം മക്കളുടെ നാട്..ഇവിടെ ഈ ഇലക്ഷന്‍ സമയത്ത് സ്ത്രീതുല്യതാവാദവും പറഞ്ഞുകൊണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള നിങ്ങളുടെ പൂതി ഉണ്ടല്ലോ അത് ഒരിക്കലും വിലപോകില്ല..ശബരിമലയെന്നതു വിശ്വാസികളായ ഓരോ മലയാളിയുടെയും വികാരമാണ്.ശബരിമലയില്‍ പ്രവേശനം നിഷേധിച്ചത് കൊണ്ട് മാത്രം ജീവിതം വഴിമുട്ടി പോയ സ്ത്രീകള്‍ ഇവിടെയില്ല..ഞങ്ങള്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ഈ വിലക്ക് കൊണ്ട് നാളിതുവരെയും ഒരു ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടില്ല.അതിന്റെ പേരില്‍ സമൂഹത്തില്‍ താഴ്ന്നവളായി തോന്നിയിട്ടില്ല.സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിക്കെപ്പെട്ടുവെന്ന് എങ്ങനെ പറയാന്‍ കഴിയും?പത്തുവയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവവിരാമമായ സ്ത്രീകള്‍ക്കും ഇവിടെ പ്രവേശനം ഉണ്ടല്ലോ.പിന്നെങ്ങനെ അതൊരു നിഷേധമാവും ?പിന്നെ യുവതികളായ എന്നെ പോലുള്ള വിശ്വാസികള്‍ക്ക് ഇതിന്റെ പേരില്‍ യാതൊരു സങ്കടവുമില്ല.കാരണം എട്ടാമത്തെ വയസ്സില്‍ ശബരിമലയില്‍ പോയി അയ്യപ്പനെ കണ്ടിട്ടുള്ള എനിക്ക് അയ്യപ്പനെ കാണണമെങ്കില്‍ ഒന്ന് കണ്ണടച്ചാല്‍ മതി.അതൊരു വിശ്വാസമാണ്.ഭക്തി കൊണ്ട് ആത്മാവില്‍ അടിയുറച്ചുപോയ വിശ്വാസം .അത് തൃപ്തിയെ പോലുള്ള അഭിനവ ഫെമിനിസ്റ്റുകള്‍ക്ക് മനസ്സിലാവണമെന്നില്ല..കേരളത്തില്‍ നൂറോളം ശാസ്താക്ഷേത്രങ്ങള്‍ ഉണ്ട്.ആര്യങ്കാവിലോ അച്ചന്‍കോവിലിലോ പോയാല്‍ ഞങ്ങള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാം .അതിന്റെ പേരില്‍ കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ആചാരങ്ങളെ വെല്ലുവിളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല.അവിടെ ഇടിഞ്ഞുവീഴുന്ന സ്ത്രീത്വത്തിന്റെ മാനാഭിമാനങ്ങളെ നോക്കി പല്ലിളിക്കാന്‍ ഞങ്ങള്‍ക്കറിയാം ..പിന്നെ മതത്തിന്റെ പേരില്‍ വര്‍ഗ്ഗീയത ഇളക്കി വിട്ടു ഇവിടെ കേരളീയ സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കാമെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റിപോയി ..ഇവിടെ ഞങ്ങള്‍ക്കിടയില്‍ ഹിന്ദു,മുസ്ലീം,ക്രിസ്ത്യന്‍ എന്നീ വകഭേദങ്ങള്‍ ഇല്ലതന്നെ ..അതുകൊണ്ടാണ് അമ്മുവും ആയിഷയും അന്നയും ലോകത്തിന്റെ ഏതു കോണിലായാലും ഓണം ആഘോഷിക്കുന്നത് ..ഓണമെന്ന ആഘോഷത്തില്‍ ഹിന്ദുമിത്തോളജിയുടെ പ്രസരമുണ്ടെങ്കില്‍ പോലും അത് ഇവിടുത്തെ മുസ്ലീമിനും ക്രിസ്ത്യനും ബാധകമല്ല തന്നെ ..ഇടപ്പാറ മലദേവര്‍നട അമ്പലം വരെ ഒന്ന് പോയാല്‍ മതി നിങ്ങള്‍ക്ക് ഞങ്ങളുടെ നാടിന്റെ മാഹാത്മ്യം മനസ്സിലാകും.അവിടെ കായംകുളം കൊച്ചുണ്ണിയെന്ന നല്ലവനായ മുസ്ലീം കള്ളനായി പ്രതിഷ്ഠയുള്ള അമ്പലമാണത്..അതുപോലെതന്നെയാണ് ഞങ്ങള്‍ മലയാളികള്‍ ക്രിസ്തുമസും ഈദും ആഘോഷിക്കുന്നത് .മതത്തിന്റെ വേലിക്കെട്ടുകള്‍ നോക്കാതെയാണ് തൃശൂര്‍ പൂരം ഞങ്ങള്‍ ആഘോഷിക്കുന്നത്..സാമൂഹ്യഅനാചാരങ്ങള്‍ക്കെതിരെ പൊരുതിയ ശ്രീനാരായണഗുരുവിന്‍റെയും ചട്ടമ്പിസ്വാമികളുടെയും അയ്യന്‍കാളിയുടെയും ചാവറയച്ചന്‍റെയും വൈക്കം അബ്ദുള്‍ഖാദര്‍മൌലവിയുടെയും നാട്ടില്‍ ഇങ്ങനൊക്കെയാണ് മതസാഹോദര്യം..
ഇനി ഞങ്ങള്‍ മലയാളികളായ സ്ത്രീകളെക്കുറിച്ച് രണ്ടു വാക്ക്..ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഞങ്ങള്‍ മലയാളി സ്ത്രീകള്‍ വിദ്യാഭ്യാസത്തിലും സ്വയം പര്യാപ്തതയിലും മുന്നിലാണ്.സ്ത്രീ-പുരുഷ ആനുപാതത്തില്‍ കേരളത്തിലെ സ്ത്രീകള്‍ പുരുഷന്മാരുടെ എണ്ണത്തെക്കാള്‍ മുമ്പിലാണ്.അല്ലെങ്കില്‍ത്തന്നെ കുടുംബഭദ്രതയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആനുപാതത്തിന്റെ അളവ് നോക്കി അഭിമാനിക്കാന്‍ നേരമില്ല.ഞങ്ങള്‍ക്ക് പുരുഷന്മാരില്‍ നിന്നും സ്വാതന്ത്ര്യം വേണ്ട..കാരണം ഞങ്ങളെ ഇവിടെ യാതൊരു ചങ്ങലക്കെട്ടുകള്‍ കൊണ്ടും ബന്ധിച്ചിട്ടില്ല..പിന്നെന്തിനു ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം..സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ പുരുഷന്മാരുടെ പുറത്തു കുതിര കയറാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.കാരണം മുത്തച്ഛന്റെ വാത്സല്യവും അച്ഛന്റെ കരുതലും ആങ്ങളമാരുടെ സ്നേഹവും ഭര്‍ത്താവിന്റെ സംരക്ഷണവും ആവോളം അനുഭവിക്കുന്ന ഞങ്ങളെ പോലുള്ള സ്ത്രീജനങ്ങള്‍ക്ക് എന്തിന്റെ പേരിലാണ് ഇനിയും സ്വാതന്ത്ര്യം വേണ്ടത്?ഇനി ഞങ്ങള്‍ മലയാളി സ്ത്രീകള്‍ക്ക് ആഘോഷിക്കാന്‍,ഞങ്ങളുടെ സ്വത്വത്തിന്റെ പേരില്‍ അഭിമാനിക്കാന്‍ ഞങ്ങളുടേതു മാത്രമായ ആഘോഷങ്ങള്‍ ഉണ്ട്..നിങ്ങള്‍ കേട്ടിട്ടുണ്ടോ ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച്?സ്ത്രീകള്‍ക്ക് മാത്രമായി ഉള്ള ഒരുത്സവം.ഞങ്ങളുടെ പുരുഷന്മാര്‍ അവര്‍ക്കും വേണം പൊങ്കാലയെന്നു ഇന്ന് വരെ ആവശ്യപ്പെട്ടിട്ടില്ല..അത് പോലെ തന്നെ ഞങ്ങള്‍ക്ക് ഉണ്ട് തിരുവാതിര..ആര്‍ത്തവത്തെ ആഘോഷമാക്കുന്ന അമ്പലം പോലും ഞങ്ങള്‍ക്കുണ്ട്.അതാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്ത്..പാര്‍വതിദേവിക്ക് ആര്‍ത്തവമാകുന്നുവെന്ന സങ്കല്പത്തില്‍ ദേവിക്ക് തൃപ്പൂത്ത് ആയിയെന്ന ആഘോഷം തുടങ്ങുന്നു..ഇനി മണ്ണാറശാലയിലെ അമ്മ പൂജാരിണിയെ കുറിച്ച് കൂടി അറിയേണ്ടേ?പ്രശസ്തമായ നാഗക്ഷേത്രത്തിലെ അമ്മ പൂജാരിണിയാണ് നാഗങ്ങളുടെ അമ്മ എന്ന സങ്കല്പത്തില്‍ ഇവിടെ എല്ലാ പൂജകളും ചെയ്യുന്നത്..സ്ത്രീകളുടെ സ്വയം പര്യാപ്തതയെ കുറിച്ച് അറിയണമെങ്കില്‍ “കുടുംബശ്രീ”യെ ക്കുറിച്ച് അറിയാതെ പോകരുത്. സ്ത്രീശാക്തീകരണം എന്തെന്ന് മനസ്സിലാവണമെങ്കില്‍ തൃപ്തിയും കൂട്ടരും ഇവിടുത്തെ ഏതെങ്കിലും കുടുംബശ്രീ യൂണിറ്റു വരെയൊന്നു പോകണം..അവിടെ നിങ്ങള്‍ക്ക് കാണാം സ്വയംപര്യാപ്തത കൈവരിച്ച സ്ത്രീരത്നങ്ങളെ..അന്തസ്സും ആഭിജാത്യവും അദ്ധ്വാനവും കൈമുതലാക്കി,കുടുംബഭദ്രതയും സമൂഹവികസനവും ഒരുമിച്ചു കൊണ്ടുപോകുന്ന ഞങ്ങളുടെ കൊച്ചുകേരളത്തിലെ അമ്മ പെങ്ങന്മാരെ കാണുമ്പോള്‍ നിങ്ങളും നിങ്ങളുടെ സംഘടനയും ലജ്ജിച്ചു തലതാഴ്ത്തും.കാരണം സ്ത്രീപക്ഷവാദത്തിന്റെ മറവില്‍ നിങ്ങള്‍ ലക്ഷ്യമിടുന്നത് വെറും മൂന്നാംകിട പുബ്ലിസിറ്റി മാത്രമാണ്.
തൃപ്തി ദേശായിയും നിങ്ങളുടെ സംഘടനയും നിലക്കൊള്ളുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ് എന്നാണല്ലോ മാധ്യമങ്ങള്‍ വാഴ്ത്തുന്നത്.വിലക്കപ്പെട്ട അമ്പലങ്ങളിലും ദര്‍ഗ്ഗകളിലും പ്രവേശനം നേടിക്കൊടുത്താല്‍ അത് കൊണ്ട് സ്ത്രീകള്‍ക്ക് എന്ത് ഉന്നമനം?ആ പ്രവേശനം കൊണ്ട് ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന സ്ത്രീകള്‍ക്ക് എന്ത് നേട്ടം?ഈ സ്ത്രീതുല്യതാവാദം എന്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്ക് ആയിക്കൂടാ ? എന്തിനു വിശ്വാസങ്ങള്‍ക്ക് മേല്‍ കടിഞ്ഞാണിട്ടുവലിക്കുന്നു.? നിങ്ങള്‍ക്കും നിങ്ങളുടെ സംഘടനയ്ക്കും സ്ത്രീകള്‍ക്ക് വേണ്ടി ഉപകാരപ്രദമായ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും ?ഈ തുല്യതാവാദം എന്തുകൊണ്ട് സ്ത്രീകള്‍ക്കായി പ്രത്യേക മൂത്രപ്പുരയെന്ന ആശയത്തിന് കൊടുക്കുന്നില്ല ?സ്ത്രീകള്‍ക്കായി പ്രത്യേക ബസ് സര്‍വീസ്,അഥവാ പ്രത്യേക ട്രെയിന്‍ കോച്ചുകള്‍ തുടങ്ങിയവയ്ക്കായി പോരാടുന്നില്ല ?2010ല്‍ രൂപീകരിച്ച ഭൂമാതാ ബ്രിഗേഡ് എന്ന സംഘടന സ്ത്രീകള്‍ക്കായി ഇതുവരെ എന്ത് ചെയ്തു?നിങ്ങള്‍ പ്രജ്വല എന്നൊരു സംഘടനയെ ക്കുറിച്ച് കേട്ടിട്ടുണ്ടോ ?അതിന്റെ നടത്തിപ്പുകാരിയായ സുനിതാകൃഷ്ണന്‍ എന്ന മലയാളിയെ ക്കുറിച്ചും..നിങ്ങള്‍ സ്വയം അവരുമായി താരതമ്യം ചെയ്യുക.എന്നിട്ട് സ്വയം വിലയിരുത്തുക…ഞങ്ങള്‍ മലയാളികള്‍ക്ക് അറിയാം എത്തരത്തിലുള്ളവരെയാണ് ബഹുമാനിക്കെണ്ടതെന്നും ആരെയൊക്കെയാണ് കല്ലെറിയേണ്ടതെന്നും..അതുകൊണ്ടാണ് സുനിതകൃഷ്ണനും സുഗതകുമാരിക്കും അവരുടെ സംഘടനകളായ പ്രജ്വലയ്ക്കും അഭയയ്ക്കും പൂമാലകള്‍ ഞങ്ങള്‍ അര്‍പ്പിക്കുന്നത് .അതുപോലെ തന്നെ ചുംബനസമരത്തിനും താലിപൊട്ടിക്കല്‍ സമരത്തിനും അര്‍ഹിക്കുന്ന അവജ്ഞ നല്‍കി കല്ലെറിഞ്ഞു ഓടിച്ചതും …
ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ഒന്നോര്‍ക്കുക.ഇത് കേരളമാണ്..ദൈവത്തിന്റെ സ്വന്തം നാട്..അല്ലാതെ മതത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാന്‍ ഇനിയും വിവേകം ഉദിച്ചിട്ടില്ലാത്ത വടക്കേയിന്ത്യയല്ല.പ്രായത്തിന്റെ ചുളിവുകളെ ചായം പൂശി ഒളിപ്പിച്ച അഭിനവഫെമിനിച്ചികളെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുണ്ടാവൂ..അതല്ലാതെ എന്താണ് യഥാര്‍ത്ഥ സ്ത്രീസ്വാതന്ത്ര്യമെന്നു സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന പെണ്‍കരുത്തുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല.കുടുംബബന്ധങ്ങളുടെ മൂല്യത്തെ സ്വയം ആവാഹിച്ചുകൊണ്ട് സ്വന്തംകാലില്‍ നില്‍ക്കുകയും ഒപ്പം സ്ത്രീത്വമെന്തെന്നു സമൂഹത്തിനു കാട്ടികൊടുക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ പെണ്‍മുഖങ്ങളെ കണ്ടിട്ടുണ്ടാവില്ലല്ലോ..അത് കാണണമെങ്കില്‍ ഇങ്ങ് തെക്ക് ഈ കൊച്ചുകേരളത്തില്‍ പോരൂ.എന്നിട്ട് എന്താണ് സ്ത്രീപക്ഷവാദമെന്നു കണ്ടു പഠിക്കൂ..മറിച്ചു കാലാകാലങ്ങളായി ചെയ്തുപോരുന്ന ആചാരങ്ങളെ ചോദ്യം ചെയ്യുവാന്‍ വേണ്ടിയാണ് ഈ വരവെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് പൂമാലകളാവില്ല..ചുരികത്തലപ്പു കൊണ്ട് അനാചാരങ്ങളെ എതിര്‍ത്ത ഉണ്ണിയാര്‍ച്ചയുടെയും വെള്ളക്കാരന്റെ തോക്കിനുമുന്നില്‍ അടിപതറാതെ ഭരിച്ച ഉമയമ്മറാണിയുടെയും നാട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത് താന്‍പോരിമയും അന്തസ്സും ആഭിജാത്യവും അലങ്കാരമാക്കിയ മലയാളിസ്ത്രീകളുടെ കൈകളിലെ ചൂലുകളാണ്..
Post Your Comments