ദോഹ: ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഖത്തറില്‍ ഫിലമെന്റ് ബള്‍ബുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലായി. ഇന്‍കാന്‍ഡസെന്റ് ഇനത്തില്‍പ്പെട്ട 100, 75 വാട്‌സ് ബള്‍ബുകളുടെ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും രാജ്യത്ത് ഇനി മുതല്‍ കുറ്റകരമായിരിക്കും. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍കോര്‍പ്പറേഷന്‍(കഹ്‌റമാ), നഗരസഭാ, പരിസ്ഥിതി മന്ത്രാലയം എന്നിവ രാജ്യത്തെ ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ചാണ് നിരോധനം നടപ്പാക്കുന്നത്.
താരതമേന വൈദ്യുത ഉപഭോഗം കുറഞ്ഞ എല്‍.ഇ.ഡി. ഉത്പന്നങ്ങളായിരിക്കും മെയ് ഒന്ന് മുതല്‍ പ്രാബല്യത്തിലാകുക. ഫിലമെന്റ് ബള്‍ബുകളുടെ ഉപയോഗം കാരണം പരിസ്ഥിതിക്കുണ്ടാകുന്ന അപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന് പുറമെ ഊര്‍ജം ലാഭിക്കുകയെന്നതും ഇതിന്റെ പിന്നിലുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. എല്‍.ഇ.ഡി. ബള്‍ബുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. തുടക്കംകുറിച്ചിട്ടുണ്ട്.
ഫിലമെന്റ് ബള്‍ബുകള്‍ നിരോധിച്ചതിലൂടെ 80 ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ഇ.ഡി. ബള്‍ബുകള്‍ക്ക് മണിക്കൂറില്‍ 11 വാട്ട് വൈദ്യുതിയാണ് ചെലവാകുന്നതെങ്കില്‍ ഫിലമെന്റ് ബള്‍ബുകള്‍ക്ക് മണിക്കൂറില്‍ 60 വാട്ട് വേണം. എല്‍.ഇ.ഡി. ഉപയോഗത്തിലൂടെ മണിക്കൂറില്‍ 49 വാട്ട് ലാഭിക്കാനാകും. പഴയ മോഡല്‍ വിന്റോ എ.സികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫിലമെന്റ് ബള്‍ബുകള്‍ കൂടുതല്‍ താപം പ്രസരിപ്പിക്കുന്നുണ്ട്, ഇത് എയര്‍ കണ്ടീഷനിങ്ങിനെ പ്രതികൂലമായി ബാധിക്കും. ഫിലമെന്റ് ബള്‍ബുകളുടെ കാലദൈര്‍ഘ്യത്തേക്കാള്‍ എട്ടിരട്ടി കൂടുതലാണ് എല്‍.ഇ.ഡി. ബള്‍ബുകളുടേത്. ഒരു ദിവസം അഞ്ച് മണിക്കൂര്‍ വീതം നാല്‍പ്പത് ബള്‍ബുകള്‍ ഉപയോഗിക്കുന്ന നാല്‍പ്പത് വീടുകള്‍ കേന്ദ്രീകരിച്ച് പഠനം നടത്തുകയും ഈ വീടുകളില്‍ നിലവിലുള്ള ബള്‍ബുകള്‍ക്ക് പകരം എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരു വര്‍ഷം 450 മെഗാവാട്ട് വൈദ്യുതിവരെ ലാഭിക്കാനാകുമെന്ന് പഠനത്തില്‍ തെളിയുകയും ചെയ്തിരുന്നു.
ഖത്തര്‍ വിപണിയില്‍ ഉന്നത ഗുണനിലവാരമുള്ള ഇലക്ട്രിക് ഉത്പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുകയെന്നതും നിരോധനത്തിന്റെ മറ്റൊരു ലക്ഷ്യമാണെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ ഇറക്കുമതിക്കാരും കച്ചവടക്കാരും നിരോധനം നടപ്പാക്കാനുളള മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Post Your Comments