തിരുവനന്തപുരം : കോണ്‍ഗ്രസ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബുവിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യശാസന. ബേപ്പൂരില്‍ നടത്തിയ മതവിദ്വേഷപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം പ്രസംഗവുമായി ബന്ധപ്പെട്ട് അബു നല്കിയ വിശദീകരണം കമ്മിഷന് തള്ളി. കോഴിക്കോട് ഒരു മുസ്ലീം മേയറുണ്ട്, ഇനി ഒരു മുസ്ലീം എം.എല്‍.എയെ ആണ് ആവശ്യം, ഒരു മതപണ്ഡിതന് തന്നോട് ഇക്കാര്യം പറഞ്ഞതായും അതുകൊണ്ട് ബേപ്പൂരിലെ സ്ഥാനാര്‍ത്ഥി ആദം മുല്‍സിയെ വിജയിപ്പിക്കണമെന്നുമായിരുന്നു കോഴിക്കോട് കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റ് കെ.സി അബുവിന്റെ പ്രസംഗം. ഇതിനെതിരെ എല്‍.ഡി.എഫ് പരാതി നല്കി. ഈ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
മാതൃക പെരുമാറ്റ ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ് കെ.സി അബു നടത്തിയതെന്നും മതവിദ്വേഷം നടത്തുന്ന രീതിയിലാണ് അബു സംസാരിച്ചതെന്നും കമ്മിഷന് വിലയിരുത്തി. ആദ്യത്തെ പരാതി ആയതു കൊണ്ട് നടപടിയെടുക്കാതെ ഇത്തരം പരസ്യപ്രസ്താവന വിലക്കുന്നുവെന്നാണ് കമ്മിഷന്റെ വിശദീകരണം. ഇനി ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments