രൂക്ഷമായ വരള്‍ച്ച കൊണ്ട് പൊറുതി മുട്ടുന്ന കേരളത്തില്‍ നിന്ന് ഒരു ദുഃഖ വാര്ത്ത കൂടി, കേരളത്തിലെ എറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ ഏതാണ്ട് മൂന്നിലൊന്നു ഭാഗം കരയായി മാറി, അനുദിനം മരിച്ചു കൊണ്ടിരിക്കുന്നു. കൊല്ലം ജില്ലയ്ക്കാകെ കുടിവെള്ളം സംഭാവന ചെയ്യുന്ന ശാസ്താംകോട്ടയിൽ ഇന്ന് കുടിവെള്ളം പണം കൊടുത്തു വാങ്ങുകയാണ്. കഠിനമായ വരള്‍ച്ചക്കൊപ്പം തിരഞ്ഞെടുപ്പ് ചൂട് കൂടി ആകുമ്പോൾ കുന്നത്തൂർ മണ്ഡലം തിരഞ്ഞെടുപ്പിൽ പ്രധാന ചര്‍ച്ച ആക്കുന്നത് തടാകത്തിന്‍റെ രാഷ്ട്രീയം കൂടിയാണ്. 2006 ഇൽ ശ്രീ എൻ കെ പ്രേമചന്ദ്രൻ ജലവിഭവമന്ത്രി ആയിരുക്കുമ്പോൾ ആണ് സ്ഥലം എംഎൽഎ ആയ ശ്രീ കോവൂര്‍ കുഞ്ഞുമോന്‍റെ കൂടി പിന്തുണയോടെ ചവറ പന്മന കുടിവെള്ള പദ്ധതിയിലേക്ക് ശാസ്താംകോട്ടയിൽ നിന്ന് ജലം കൊണ്ട് പോകാൻ പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത്.
ഇന്ന് അതെ കോവൂര്‍ കുഞ്ഞുമോനും എൻ കെ പ്രേമചന്ദ്രന്‍റെ പ്രതിനിധി ആയ ഉല്ലാസ് കോവൂരും ആണ് യഥാക്രമം ഇടത് , വലത് സ്ഥാനാർഥികൾ. ശാസ്താംകോട്ട തടാക സംരക്ഷണ സമിതിയുടെ സമരത്തിന്‍റെ ഭാഗമായി നാല് വർഷം മുന്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥലം സന്ദര്ശിച്ചു കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചു എങ്കിലും അത് വെറും “ജലരേഖ” മാത്രം ആയി. കൂടാതെ പടിഞ്ഞാറേ കല്ലട പ്രദേശത്തെ രൂക്ഷമായ ചെളിയെടുപ്പും മണലൂറ്റും ശാസ്താംകോട്ട കായലിനെ മൃതപ്രായയാക്കി. ഇതിലൊന്നും സ്ഥലം എംഎല്‍എയോ എംപിയോ സംസ്ഥാന സർക്കാരോ ഒരു നടപടിയും എടുത്തില്ല എന്നതാണ് കുന്നത്തൂരിൽ ജനം ഉന്നയിക്കുന്നത്. അടുത്തിടെ രണ്ട് തവണ തടാകം സന്ദര്ശിച്ച ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ തടാകം രംസാർ ഉടമ്പടിയിൽ ഉൾപ്പെടുന്ന പ്രദേശം ആയ തടാകത്തിന്‍റെ ദുരവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും, ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയെയും, പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറേയും ബോധ്യപ്പെടുത്തി കേന്ദ്രസര്ക്കാരിനെ കൊണ്ട് നേരിട്ട് ഏറ്റെടുത്തു സംരക്ഷിക്കാനുള്ള നടപടികൾ ചെയ്യുമെന്നു അറിയിച്ചിരുന്നു.
സോഷ്യൽമീഡിയകളിൽ വലിയ പ്രതിഷേധമായി മാറുന്ന തടാകത്തിന്‍റെ ദുരവസ്ഥ ബിജെപി, എൻഡിഎ മുന്നണിയും വൻതോതിൽ പ്രചരണവിഷയമാക്കാനും ആലോചിക്കുന്നുണ്ട്.
എന്താണ് റംസാർ ഉടമ്പടി ?
യുനസ്കോ അംഗീകരിച്ച പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ലോകത്തെ തണ്ണീർത്തടങ്ങളുടെ എണ്ണം 2065 ആണ്. കായലുകൾ, പുഴകൾ, ചതുപ്പുകൾ, അഴിമുഖങ്ങൾ, കുളങ്ങൾ, നെൽവയലുകൾ, മരുപ്പച്ചകൾ എന്നിവയൊക്കെ തണ്ണീർത്തടങ്ങളുടെ പരിധിയിൽ വരും. ലോകത്താകെ തണ്ണീർത്തടങ്ങളുടെ പകുതിയും നശിച്ച് കഴിഞ്ഞു. തണ്ണീർത്തടങ്ങളുടെ നിലനിൽപ്പാണ് ഭൂമിയിൽ പ്രകൃതി സന്തുലിതാവസ്ഥ നിലനിർത്തുന്നത്. കാർഷിക മേഖലയെ സംരക്ഷിച്ച് നിർത്തുന്നതിനും പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിച്ച് ഭൂമിയെ സംരക്ഷിക്കുന്നതിനും തണ്ണീർത്തടങ്ങളുടെ പങ്ക് വലുതാണ്. വൈവിധ്യങ്ങളായ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതും അതിലൂടെ മനുഷ്യരാശി ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ സംരക്ഷണം നൽകാനും തണ്ണീർത്തടങ്ങൾക്ക് കഴിയുന്നു. അമിതചൂട് നിയന്ത്രിച്ച് ജീവന് അനുകൂലമായ കാലാവസ്ഥയെ പരിപാലിച്ച് പോരുന്നതും ഈ നീർത്തടങ്ങളുടെ സംഭാവനകളാണ്.
തണ്ണീർത്തടങ്ങളുടെ അതിവേഗത്തിലുള്ള നാശം ഭൂമിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തിയപ്പോൾ അതിൽ നിന്നുളള കടുത്ത ആശങ്കകൾക്ക് പരിസ്ഥിതി ശാസ്ത്രജ്ഞന്മാരെയും വിവിധ രാജ്യങ്ങളിലെ ഭരണ കർത്താക്കളെയും ഒരു ലോക കൂട്ടായ്മക്ക് നിർബന്ധിച്ചു. 1971 ഫെബ്രുവരി 2ന് ഇറാനിൽ കാസ്പിയൻ കടൽത്തീരത്തുള്ള റംസാർ എന്ന സ്ഥലത്ത് ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്നു ലോകത്തെ തണ്ണീർത്തടങ്ങളെ സംരക്ഷിക്കാൻ ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. പക്ഷേ ഉടമ്പടി പ്രാവർത്തികമായത് 1975ൽ യുനസ്കോ ഇതിന് അംഗീകാരം നൽകിയതിന് ശേഷമാണ്.
പിന്നീട് പല പ്രാവശ്യം ഈ ഉടമ്പടിക്ക് ഭേദഗതികൾ ഉണ്ടായി. 1997 മുതൽ ഫെബ്രുവരി 2 എല്ലാവർഷവും തണ്ണീർത്തട ദിനമായി ആചരിക്കാൻ യുനസ്കോ തീരുമാനിച്ചു. ഒരു ആവാസ വ്യവസ്ഥയെ ലക്ഷ്യമാക്കിയുളള ലോകത്തെ ആദ്യത്തെ ഉടമ്പടിയാണിത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ലോകത്തെ തണ്ണീർത്തടങ്ങളുടെ ഒരു പട്ടിക യുനസ്കോ തയാറാക്കി. പട്ടികയിൽ പറയുന്ന സ്ഥലങ്ങളെ റാംസർ സൈറ്റുകൾ എന്നു പറയുന്നു.
ഇന്ത്യയിൽ റാംസർ സൈറ്റുകളുടെ എണ്ണം 26 ആണ് . കേരളത്തിൽ ഇത്തരത്തിൽ സംരക്ഷിത തണ്ണീർത്തടങ്ങൾ മൂന്നെണ്ണമുണ്ട്. വേമ്പനാട് കോൾ നിലങ്ങൾ, ശാസ്താംകോട്ട ശുദ്ധജലതടാകം, അഷ്ടമുടിക്കായൽ എന്നിവയാണവ 373 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ശാസ്താംകോട്ട തടാകം, കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് . സംരക്ഷിത തണ്ണീർത്തടങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും രണ്ടാമതായി 2002-ൽ ഇടം നേടി. കൊല്ലം നഗരത്തിലെ ജനങ്ങളുടെ കുടിവെള്ള സംഭരണിയാണിത്. ചൂട് നിയന്ത്രിക്കുന്നതിന് ഈ തണ്ണീർത്തടത്തിനുള്ള കഴിവ് അപാരം തന്നെയാണ്. 26-29 ഡിഗ്രിക്കുള്ളിൽ അന്തരീക്ഷതാപനില ക്രമീരിക്കപ്പെട്ടിരിക്കുന്നു. കടൽത്തിരക്ക് സമാനമായ ഓളങ്ങൾ ഉള്ള തടാകത്തിൽ ചെളിയിൽ നിന്ന് ജലം സ്വയം ശുദ്ധീകരിക്കുന്നു. വർഷം 2180 എംഎം മഴ ചുറ്റുമുള്ള പ്രദേശങ്ങളിൽ ലഭിക്കുന്നു. ജൈവ വൈവിധ്യത്തിന്‍റെ കലവറയാണിവിടം.
56ൽപ്പരം വ്യത്യസ്ഥ ഇനം മരങ്ങളും 29 ഇനം വൈവിധ്യമുള്ള കുറ്റിച്ചെടികളും 34 ഇനം അപൂർവ പക്ഷിയിനങ്ങൾ, 13 ഇനം ഷഡ്പദങ്ങൾ, 29 ഇനം മത്സ്യങ്ങൾ എന്നിവയും ഇവിടെ ഉണ്ട്. ഇത്രമാത്രം സ്വാഭാവിക ജീവല്‍വ്യവസ്ഥയെ സംരക്ഷിക്കുന്ന കേരളത്തിന്‍റെ ഈ പൈതൃക സമ്പത്ത് വരും തലമുറകള്‍ക്ക് കൂടി പ്രയോജനപ്രദമാകാന്‍ സംരക്ഷിച്ചേ മതിയാകൂ. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം ഇതിനെതിരെ മുഖംതിരിച്ചു നില്‍ക്കുന്നത് അവര്‍ക്ക് ഈ അമൂല്യ പ്രകൃതിസമ്പത്തിന്‍റെ ആവശ്യകതയെപ്പറ്റി തീരെ ബോധമില്ലാത്തതു കൊണ്ടല്ല, ഇതില്‍നിന്ന്‍ രാഷ്ട്രീയമായ നേട്ടങ്ങള്‍ ഒന്നും ലഭിക്കാന്‍ ഇടയില്ലാത്തതു കൊണ്ടാണ്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ആര്‍ജ്ജവം കാട്ടുന്ന നിലവിലുള്ള ദേശീയ ഭരണനേതൃത്വവും, ബഹുമുഖമായ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിജയിപ്പിച്ച ചരിത്രമുള്ള, രാജ്യസഭയില്‍ കേരളത്തിന്‍റെ ഏറ്റവും പുതിയ മുഖമായ സുരേഷ്ഗോപിയും ശാസ്താംകോട്ടയിലെ ദൈവീക വരദാനമായ തണ്ണീര്‍ത്തടത്തിന്‍റെ സംരക്ഷണത്തിന് അടിയന്തിരമായി ഇടപെടും എന്ന്‍ പ്രത്യാശിക്കാം.
Post Your Comments