സ്മാര്‍ട്ട്‌ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും യുഗം അവസാനിക്കാന്‍ പോകുന്നുവെന്ന് ഇന്ത്യക്കാരനായ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുടെ മുന്നറിയിപ്പ്. ചരിത്രത്തിലാദ്യമായി ആപ്പിള്‍ ഉത്പന്നങ്ങള്‍ വില്‍പനയിലും ലാഭത്തിലും ഇടിവ് രേഖപ്പെടുത്തിയ വിവരം പുറത്തുവന്നതിനൊപ്പമാണ് സുന്ദര്‍ പിച്ചൈയുടെ വിലയിരുത്തലും വരുന്നത്. കമ്പ്യൂട്ടറുകള്‍ ഇന്റലിജന്റ് അസിസ്റ്റന്റുകള്‍ക്ക് വഴിമാറുമെന്നാണ് ഗൂഗിളിന്റെ ഓഹരി പങ്കാളികള്‍ക്കുള്ള പ്രതിവര്‍ഷത്തില്‍ സുന്ദര്‍ പിച്ചൈ സൂചിപ്പിക്കുന്നത്.
കമ്പ്യൂട്ടറുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുമെല്ലാം ഗൂഗിള്‍ മാറുന്നുവെന്ന വ്യക്തമായ സൂചനയും സുന്ദര്‍ പിച്ചൈ നല്‍കുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും കമ്പ്യൂട്ടര്‍ എന്നാല്‍ ഡെസ്‌ക് ടോപ്പുകളായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഈ മേഖലയില്‍ വന്നത്. കമ്പ്യൂട്ടറുകളുടെ വലിപ്പവും വിലയും കുറയുകയും ജനകീയമാവുകയും ചെയ്തു. ഏറ്റവും ഒടുവിലായി കമ്പ്യൂട്ടറുകള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ രൂപത്തില്‍ നമ്മുടെ പോക്കറ്റില്‍ ഒതുങ്ങി. ഭാവിയില്‍ ഇത്തരം പ്രത്യേകം ‘യന്ത്രം’ എന്ന ആശയം തന്നെ ഇല്ലാതാകുമെന്നാണ് സുന്ദര്‍ പിച്ചൈ പറയുന്നത്.
കമ്പ്യൂട്ടര്‍ ഒരു യന്ത്രം എന്ന നിലയില്‍ നിന്നും നിരന്തരം നിങ്ങളെ സഹായിക്കുന്ന ഒന്നായി, ഇന്റലിജന്റ് അസിസ്റ്റന്റായി മാറാന്‍ പോവുകയാണ്. കമ്പ്യൂട്ടറുകളുടെ ലോകത്തില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്തേക്ക് ഗൂഗിളും മാറിക്കൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റാണ് ഈ രംഗത്തെ പ്രധാനികള്‍. ചിത്രങ്ങള്‍ തിരിച്ചറിയുന്നതിനും മനുഷ്യരെ പോലെ സംസാരിക്കുന്നതിനും കളിക്കുന്നതിനും കഴിവുള്ള സോഫ്റ്റ്‌വെയറിന്റെ പണിപ്പുരയിലാണ് ആല്‍ഫബെറ്റ്.
Post Your Comments