Kerala

സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂർ ഭദ്രാസനാധിപന്റെ ആഹ്വാനം

ചെങ്ങന്നൂർ: സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂരിലെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജ്ജിന്റെ പേര് എടുത്ത് പറയാതെ ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിന്റെ പരോക്ഷ ആഹ്വാനം. ചെങ്ങന്നൂർ പുത്തൻതെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ നടക്കുന്ന ധ്യാനത്തിനിടെയാണ് സഭയോട് വിശ്വാസവും കൂറുമുള്ള മകളെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ചെങ്ങന്നൂർ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വാസികളും വികാരികളുമാണ് ധ്യാനത്തിൽ പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിക്കാനും ഭദ്രാസനാധിപൻ മറന്നില്ല. സഭാ തർക്കത്തിൽ ഉമ്മൻചാണ്ടി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായാണ് നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പി.സി വിഷ്ണുനാഥിനെതിരെ വിമതയായി മത്സര രംഗത്തെത്തിയ ശോഭനയെ പിന്തിരിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള സഭ പരസ്യനിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.സി വിഷ്ണുനാഥിനെതിരെ വിമതയായി മത്സര രംഗത്തെത്തിയ ശോഭനയെ പിന്തിരിപ്പിക്കാൻ സഭയും ഇടപെട്ടിരുന്നു. അന്ന് സഭയ്ക്ക് നൽകിയ ഉറപ്പുകൾ ബന്ധപ്പെട്ടവർ പാലിച്ചില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭയുടെ പരോക്ഷമായ പിന്തുണയോടെ ശോഭനാ ജോർജ്ജ് മത്സര രംഗത്ത് എത്തിയത്. മൂന്നുതവണ എം.എൽ.എ ആയ ശോഭനയ്ക്ക് മണ്ഡലത്തിൽ ജനങ്ങളുടെ ഇടയിൽ കാര്യമായ സ്വാധീനമുണ്ട്. കഴിഞ്ഞ 25 വർഷമായി ചെങ്ങന്നൂർ നിയോജക മണ്ഡലം കോൺഗ്രസ്സിന്റെ കുത്തകയാണെങ്കിലും എൽ.ഡി.എഫിനും ബി.ജെ.പിക്കും ഇവിടെ നിർണ്ണായകമായ സ്വാധീനമാണ് ഉള്ളത്. ശോഭനാജോർജ്ജ് മത്സര രംഗത്തെത്തിയതോടെ മണ്ഡലത്തിൽ ചതുഷ്ക്കോണ മത്സരത്തിന് കളമൊരുങ്ങുകയും ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button