ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു. 13 ജില്ലകളിലായി 1900 ഹെക്ടര്‍ വനഭൂമി കത്തിയമര്‍ന്നു. വേനല്‍ കടുത്തതും ശക്തമായ കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണം. കാട്ടുതീയിലകപ്പെട്ട് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ കൊല്ലപ്പെട്ടു. തീ നിയന്ത്രണാതീതമായതോടെ ബദരിനാഥിലേക്കുള്ള ദേശീയപാത 58 അധികൃതര്‍ താല്‍ക്കാലികമായി അടച്ചു.
ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലും തീ പടര്‍ന്നിട്ടുണ്ട്. ഇവിടെ 198 ഹെക്ടര്‍ വനത്തിലാണ് കാട്ടുതീ പടര്‍ന്നത്. ജിംകോര്‍ബെറ്റ് ദേശീയോദ്യാനം കടുവാ സംരക്ഷിത പ്രദേശം കൂടിയാണ്. ഇതിന് പുറമെ രാജാജി ടൈഗര്‍ റിസര്‍വിന്റെ 70 ഹെക്ടര്‍ പ്രദേശത്തും തീപടര്‍ന്നിട്ടുണ്ട്. കരടി സങ്കേതമായ കേദാര്‍നാഥില്‍ 60 ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്.പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. തീ നിയന്ത്രിക്കാനാകാത്ത തരത്തില്‍ പടര്‍ന്നിരിക്കുകയാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്‌നിശമനസേനാ പ്രവര്‍ത്തര്‍. ബുധനാഴ്ച രാവിലെയാണ് കാട്ടുതീ പടരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബിജ്‌റാണി, കാലഗഡ്, സോനാനദി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുതീ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Post Your Comments