Prathikarana Vedhi

പിഞ്ചുബാല്യം അര്‍ത്ഥപൂര്‍ണ്ണമാക്കിയ യുവത്വത്തിന്‍റെ ആവേശം; മാതൃത്വം സ്ത്രീനിബദ്ധമല്ലെന്ന് കാട്ടിയ മഹനീയ മാതൃക

അഞ്ജു പ്രഭീഷ്

ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്കുന്നത് തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക്‌ പുനരധിവാസം ഒരുക്കിയോ ,അനാഥാലയങ്ങളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന ബാല്യങ്ങള്‍ക്ക്‌ നല്ല ഒരു നാളെയുടെ വസന്തങ്ങള്‍ പണിതുകൊടുത്തു കൊണ്ടോ,സ്ത്രൈണതയ്ക്കുള്ളില്‍ ഒളിപ്പിച്ച പൂതനമാര്‍ക്ക് താക്കീത് നല്‍കിയോ,വേശ്യാതെരുവുകളില്‍ ചിതറിതെറിച്ചുപോയ പെണ്മകള്‍ക്ക് പുതിയ മാനം നല്‍കിയോ അല്ലാ..മറിച്ച് സമൂഹത്തില്‍ യാതൊരുവിധത്തിലുള്ള മാറ്റങ്ങള്‍ക്കും തിരികൊളുതാത്തെ,സ്ത്രീപക്ഷ വാദമെന്നും തുല്യതാനീതിയെന്നും ആര്‍ത്തുവിളിച്ചു കൊണ്ട് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി കാലാകാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന നിരുപദ്രവങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും വെല്ലുവിളിച്ചുകൊണ്ടു സമൂഹത്തില്‍ അരാജകത്വവും വര്‍ഗ്ഗീയതയും ആളിപടര്‍ത്തിയിട്ടാണ്…സ്ത്രീകള്‍ക്ക് തുല്യനീതി വേണമെന്ന് മുറവിളി കൂട്ടുന്ന തൃപ്തി ദേശായിമാരും നാഴികയ്ക്ക് നാല്പതു വട്ടം സ്ത്രീസ്വാതന്ത്ര്യമെന്നു അലറിവിളിക്കുന്ന സ്ത്രീപക്ഷവാദികളും കേട്ടിട്ടുണ്ടോ ഈ ഒരു പേര്?കണ്ടിട്ടുണ്ടോ ഈ ഒരു മുഖം …ഇല്ല..ഒരിക്കലുമില്ല! നിങ്ങള്‍ എന്നും കാണുന്നത് പുരുഷന്റെ നെഗറ്റിവിറ്റി മാത്രം ..പുരുഷവിദ്വേശത്തിന്റെ കനലുകള്‍ ഉള്ളില്‍ പടര്‍ത്തി കുടുംബബന്ധത്തിന്റെ പവിത്രതയെ കാറ്റില്‍പ്പറത്തി പാതിരാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും കണ്ടവരുടെ കൂടെ അഴിഞ്ഞാടി പരസ്യമായി ഉമ്മവയ്ക്കുന്നതും താലി പൊട്ടിച്ചെറിയുന്നതും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യമെന്നു കരുതുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് ഈ പേര് ഉച്ചരിക്കണമെങ്കില്‍ ഒരു നൂറു വട്ടമെങ്കിലും ഗംഗാസ്നാനം നടത്തേണ്ടി വരും..

M0236

ഇത് ആദിത്യാ തിവാരി..പേര് സൂചിപ്പിക്കുന്നത് പോലെ ഉദാത്തസ്നേഹത്തിന്റെ കിരണങ്ങള്‍ കൊണ്ട് ഈ ഭൂമിയില്‍ പ്രകാശിച്ചു നില്‍ക്കുന്ന സൂര്യന്‍..മാനവികതയുടെ സൂര്യനായി ജ്വലിച്ചുയര്‍ന്നിട്ടു പൊടുന്നനവേ പൊലിഞ്ഞുപോയ ഒരു ആദിത്യനെ നമ്മള്‍ മലയാളികള്‍ക്ക് അറിയാം.പാവങ്ങളുടെ ഡോക്ടര്‍ ഷാനവാസ്.പക്ഷേ ഇത് മാതൃത്വമെന്ന വികാരം വെറും സ്ത്രീനിബദ്ധമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച പൂനെയിലെ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍.രാഷ്ട്രീയതിമിരവും വര്‍ഗ്ഗീയമരവിപ്പും ബാധിച്ച ഇന്ത്യന്‍ യുവത്വം മാതൃകയാക്കേണ്ടത് ആദിത്യനെ പോലെയുള്ളവരെയാണ്..ഇദ്ദേഹം ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് രാജ്യദ്രോഹികള്‍ക്ക് ജയ്‌ വിളിച്ചുകൊണ്ടോ വര്‍ഗ്ഗീയവിഷം ചാലിച്ച്കൊണ്ട് പ്രസ്താവനകളിറക്കിയതുകൊണ്ടോ രാജ്യസ്നേഹത്തിന്റെ ലേബലില്‍ കൂടപ്പിറപ്പുകളോടു പാക്കിസ്ഥാനിലേക്ക് പോകാന്‍ വിളിച്ചുപറഞ്ഞുകൊണ്ടോ കാലാകാലങ്ങളായി അനുവര്‍ത്തിച്ചുപോകുന്ന ചില നിരുപദ്രവകരമായ ആചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടോ ആയിരുന്നില്ല.മറിച്ചു നിയമപോരാട്ടത്തിനൊടുവില്‍ ഡൌന്‍സ് സിണ്ട്രോം ബാധിച്ച കുരുന്നിനെ ദത്തെടുക്കുന്ന ആദ്യത്തെ അവിവാഹിതനായ ചെറുപ്പക്കാരന്‍ എന്ന നിലയിലാണ്.ഇന്ന് അവ്നാഷ് എന്ന ആ രണ്ടുവയസ്സുകാരനു ജന്മം നല്‍കാതെ തന്നെ അച്ഛനും അമ്മയും ആയി മാറിയ സ്നേഹത്തിന്റെ പ്രതീകമാണ് ആദിത്യയെന്ന ഈ ഇരുപത്തെട്ടുകാരന്‍..

Kunjju

അച്ഛന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പൂനെയില്‍ നിന്നും ഇന്‍ഡോറിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാലയത്തില്‍ എത്തിയ ആദിത്യന്റെ ശ്രദ്ധ ചെന്നെത്തിയത് അവിടെയുണ്ടായിരുന്ന ബിന്നിയെന്ന ആറുമാസം പ്രായമുള്ള കുട്ടിയിലായിരുന്നത് വിധിയുടെ നിയോഗമാകാം.ആ ആറുമാസം പ്രായമുള്ള കുട്ടി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായത് ഒരു ക്രോമസോമിന്റെ വികൃതികൊണ്ടായിരുന്നു.ഡൌണ്‍സിണ്ട്രോം മാത്രമല്ല ദൈവം അവനായി നല്‍കിയത് മറിച്ചു ഹൃദയത്തിലെ ഒരു കുഞ്ഞു സുഷിരം കൂടിയായിരുന്നു.അന്ന് ആദിത്യന്‍ അവനെ ദത്തെടുക്കാന്‍ തീരുമാനിച്ചത് മറ്റുള്ള കുട്ടികളെ ദത്തെടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാലും ഇത്തരത്തിലുള്ള കുഞ്ഞിനെ സ്വന്തമാക്കാന്‍ ആരും വരില്ലെന്ന നീറുന്ന യാഥാര്‍ത്ഥ്യം മനസ്സിലായപ്പോള്‍ ആയിരുന്നു.ഒപ്പം ആദിത്യനെ ഞെട്ടിച്ച മറ്റൊരു സത്യം കൂടിയുണ്ടായിരുന്നു.അത് ബിന്നിയെന്ന അവിനാശിന്റെ പഠിപ്പും സാമ്പത്തികശേഷിയുമുള്ള മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നുവെന്ന നഗ്നമായ സത്യം.ജനിതകവൈകല്യം ബാധിച്ച മകനെ അവര്‍ ഒഴിവാക്കുകയായിരുന്നു.അതൊരു വലിയ തിരിച്ചറിവായിരുന്നു.കവികള്‍ പാടിപുകഴ്ത്തുന്ന മാതൃത്വത്തിനു ഇങ്ങനെയും ഒരു മുഖമുണ്ടെന്നു തിരിച്ചറിഞ്ഞ ആദിത്യന്‍ ഒരുറച്ച തീരുമാനം എടുത്തു.മാനവികതയേക്കാളും ഉദാത്തമായ മനുഷ്യസ്നേഹത്തെക്കാളും വലുതല്ല ഭൂമിയിലെ ഒരു വികാരവുമെന്നു ലോകത്തിനു കാട്ടികൊടുക്കുക.ആ ലക്ഷതിലെത്താന്‍ ആദിത്യനു താണ്ടേണ്ടി വന്ന കടമ്പകള്‍ പലതാണ്.അവിവാഹിതനായ ചെറുപ്പക്കാരന്റെ ഈ പ്രവൃത്തിയെ വിമര്‍ശിച്ചവരും ഏറെ.പക്ഷേ ആ തളരാത്ത നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എതിര്‍പ്പുകളുടെ മുള്ളുകള്‍ ഒന്നൊന്നായി മുനയറ്റപ്പോള്‍ ആദിത്യന്‍ മാനവികതയുടെ സന്ദേശം ലോകത്തിനായി നല്‍കി..

Guinnez

സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്ത്രീപക്ഷവാദികളെ,നിങ്ങളോട് ചില ചോദ്യങ്ങള്‍..മാതൃത്വം സ്ത്രീനിബദ്ധമെങ്കില്‍ എന്തുകൊണ്ട് അവ്നാഷ് എന്ന ബിന്നി അനാഥാലയത്തില്‍ എത്തപ്പെട്ടു?ചതിയുടെ ചിലന്തിവല്യ്ക്കുള്ളില്‍ കുരുങ്ങി സ്വന്തം രക്തത്തെ അമ്മതൊട്ടിലില്‍ ഉപേക്ഷിക്കേണ്ടി വരുന്ന അമ്മമനസ്സുകളുടെ വേദന ഒരു പരിധിവരെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും..പക്ഷേ പത്തുമാസം നൊന്തു പ്രസവിച്ച സ്വന്തം ചോരയെ ഒരു ക്രോമസോം പിണങ്ങി പോയതിന്റെ പേരില്‍ അനാഥത്വത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചു തള്ളുന്ന മാതൃത്വത്തെ എന്ത് പേര് ചൊല്ലി വിളിക്കണം ?ഇത്തരക്കാര്‍ക്കെതിരെ പട നയിക്കാന്‍ കെല്‍പ്പുണ്ടോ നിങ്ങളുടെ സംഘടനയ്ക്ക്?കാമപൂരണത്തിന് വേണ്ടി സ്വന്തം ചോരയെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്ന നരഭോജികള്‍ക്കെതിരെ ശബ്ദിക്കാന്‍ ശക്തിയുണ്ടോ നിങ്ങളുടെ നാവുകള്‍ക്ക് ?ഇല്ല അല്ലെ ?ശനി ക്ഷേത്രത്തിലും ദര്‍ഗയിലും പ്രവേശനം കിട്ടിയതുകൊണ്ട് മാത്രം ഇവിടുത്തെ സ്ത്രീജനങ്ങളുടെ ജന്മം സഫലം ആകുമോ ?അതുകൊണ്ട് തെരുവുകളിലെ ബാല്യങ്ങള്‍ക്ക്‌ വെളിച്ചം ലഭിക്കുമോ ?സ്വയം പര്യാപ്തത കൈവരിക്കുന്നതും സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്നതും തന്നാല്‍ കഴിയുന്ന രീതിയില്‍ സാമൂഹ്യസേവനം നടത്തുന്നതും അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യം..എല്ലാറ്റിനുമുപരി കുടുംബത്തിന്റെ കാര്യങ്ങള്‍ വേണ്ടരീതിയില്‍ നോക്കിനടത്താന്‍ കഴിയുന്ന സന്നദ്ധതയുമാണ്‌ പെണ്ണത്തം..കുടുംബത്തിന്റെ നടത്തിപ്പിനൊപ്പം എങ്ങനെ സാമൂഹികപരമായുംപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ബോധവല്‍ക്കരണമാണ് സ്ത്രീപക്ഷവാദികള്‍ ചെയ്യേണ്ടത്.അല്ലാതെ പുരുഷന്റെ മേല്‍ എങ്ങനെ കുതിര കയറാമെന്ന ഗവേഷണം നടത്തുകയല്ല വേണ്ടത്.അനാവശ്യ ഇടപെടലുകളിലൂടെ സമൂഹത്തില്‍ മതവിദ്വേശത്തിന്റെ വിത്തുകള്‍ പാവുകയല്ല വേണ്ടത് ..

ആദിത്യന്‍ ,ഇത്തരക്കാരാണ് യുവത്വത്തിന്റെ ആവേശമാകേണ്ടാവര്‍.. ഇതല്ലേ നമ്മള്‍ മാതൃകയാക്കേണ്ട ജീവിതം? ആദിത്യനെ പോലുള്ളവരുടെ മുന്നില്‍ ഒരു പുല്‍ക്കൊടിയുടെ വില മാത്രമേ എന്നെ പോലുള്ള യുവതകള്‍ക്ക് ഉള്ളൂ.കാരണം മുഖപുസ്തകത്തിന്റെ നാല്ചു മരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന മാനവികതയും നന്മയും മാത്രമേ എനിക്കുള്ളൂ.നാലാള്‍ അറിയാന്‍ വേണ്ടി കാട്ടിക്കൂട്ടുന്നകോപ്രായങ്ങള്‍ക്ക്‌ കുടപിടിക്കാനേ എന്നെപോലുള്ളവര്‍ ശീലിച്ചിട്ടുള്ളൂ…നിങ്ങള്‍ പൊളിച്ചെഴുതിയത് കുറെ വിശ്വാസങ്ങളെയും ധാരണകളെയുമാണ്‌ ..മാതൃത്വമെന്ന വികാരം അറിയണമെങ്കില്‍ സ്ത്രീയായി ജനിക്കണമെന്ന കാലാകാലങ്ങളായി സമൂഹത്തില്‍ അടിയുറച്ചു പോയ മൂഡധാരണയെയാണ്..പ്രസവവേദനയേക്കാള്‍ മഹത്തരമായി മറ്റൊന്ന് ഭൂമിയില്‍ ഇല്ലെന്ന വിശ്വാസത്തെയായിരുന്നു ..സ്നേഹത്തിന്റെ കിരണങ്ങള്‍ പ്രകാശമാക്കിയ പ്രിയ സുഹൃത്തേ,നിങ്ങള്‍ക്ക് നൂറുകോടി പ്രണാമം…ഇന്ന് മറ്റെന്തിനേക്കാളും ഞാന്‍ അഭിമാനിക്കുന്നത് നിങ്ങളുടെ സുഹൃത്തുകളില്‍ ഒരാളാകാന്‍ എനിക്കും കഴിഞ്ഞുവെന്നതിലാണ്..ഈശ്വരന്റെ പ്രതിരൂപത്തെ ഇന്ന് നിങ്ങളിലൂടെ ഞാന്‍ നേരിട്ട് കാണുന്നു…ഒപ്പം സ്ത്രീത്വത്തിന്റെ പേരില്‍ ഒട്ടൊക്കെ അഹങ്കരിച്ചിരുന്ന ഞാന്‍ തിരിച്ചറിയുന്നു ഞാനെന്ന പുല്‍നാമ്പ് നിങ്ങളെന്ന പുരുഷത്വത്തിനു മുന്നില്‍ ഒന്നുമല്ലെന്ന യാഥാര്‍ഥ്യത്തെയും …

shortlink

Related Articles

Post Your Comments

Related Articles


Back to top button