News Story

താളബദ്ധമായ പ്രകൃതിയ്ക്കൊത്താടാം…..നമുക്കും

ജ്യോതിര്‍മയി ശങ്കരന്‍

“Everything in the Universe has a Rhythm. Everything Dances………”

ഇന്ന് ഇന്റർനാഷണൽ ഡാൻസിനായി മാറ്റി വച്ചിരിയ്ക്കുന്ന ദിവസം.ജീൻ ജോർജ്ജസ് നൊവെരെ എന്ന ഫ്രഞ്ചു നർത്തകന്റെ ജന്മദിനമാണ് നാം ഇന്റർനാഷണൽ നൃത്തദിവസമായി കൊണ്ടാടുന്നത്. രാവിലെത്തന്നെ വാട്ട്സാപ്പിൽ കിട്ടിയ മനോഹരമായ സന്ദേശവും ചിത്രവും മനസ്സിൽ സന്തോഷം നിറച്ചു. എത്ര അർത്ഥവത്തായ വരികൾ! ഞാനും, ഈ പ്രപഞ്ചവും, അതിലെ സകല ചരാചരങ്ങളും പരസ്പരം ബന്ധപെട്ടിരിക്കുന്നുവെന്ന നഗ്ന സത്യത്തെ വിളിച്ചോതുന്ന വരികൾ. ഏതോ അദൃശ്യമായ ശക്തിയ്ക്കു കീഴിൽ നാമെല്ലാവരും ഒരുപോലെയാണെന്ന തോന്നലിനൂക്കം നൽകുന്ന വരികൾ. ഏതു ചലനവും താളബദ്ധമായ നൃത്തം മാത്രമാണെന്ന തിരിച്ചറിവു സൃഷ്ടിയ്ക്കുന്ന ചിന്താധാര നൃത്തത്തിന്നാവശ്യമായ ഊർജ്ജം നമ്മിലേയ്ക്ക് ഒഴുകിയെത്താൻ നമ്മെ സഹായിയ്ക്കുന്നു.

പ്രപഞ്ചത്തിലെ ഏതു ചലനവും താളാനുസാരിയായ നൃത്തമാണെങ്കിൽ, ഏതു നൃത്തവും താളാനുസാഇയായ ചലനങ്ങൾ മാത്രം ആകുമല്ലോ. എല്ലാ ചലനങ്ങൾക്കും അതിന്റേതായ അഴകുണ്ടെന്ന സത്യം നാം പലപ്പോഴും മനസ്സിലാക്കുന്നില്ല. എന്നാൽ നൃത്തത്തിലെ ചെറു ചലനങ്ങൾ പോലും നമ്മെ ആകൃഷ്ടരാക്കുന്നു. എന്തായിരിയ്ക്കാം ഇതിനു കാരണം? മനസ്സു കളിയ്ക്കുന്ന വിചിത്രമായ കളികൾ!കാരണം ഈ താളം തന്നെ. ഇതു തന്നെയല്ലേ ജീവതാളവും? ഈ താളത്തെ കാണാൻ ശ്രമിയ്ക്കാതെ ജീവിയ്ക്കാനുള്ള തത്രപ്പാടിൽ ചുറ്റുമുള്ള ചലനങ്ങളിലെ ഭംഗിയാസ്വദിയ്ക്കാൻ നാം പലപ്പോഴും മറന്നു പോകുന്നു. അഥവാ നമുക്കതിനുള്ള സമയം കിട്ടുന്നില്ല. എന്നാൽ അതേ ചലനം തന്നെ നൃത്തം കാണുകയാണെന്ന ബോധത്തോടെ നാം വീക്ഷിയ്ക്കുമ്പോൾ നമുക്കതിലെ ഭംഗി ദർശിയ്ക്കാനാകുന്നുവെന്നതാണു സത്യം.

dean
ജീൻ ജോർജ്ജസ് നൊവെരെ

ജനനവും മരണവും ജീവിതവും ജീവിതചര്യകളും സുഖങ്ങളും ദുഃഖങ്ങളും,മഞ്ഞും മഴയും, വെയിലും കാറ്റും, വെളിച്ചവും നിഴലും രാവും പകലും എന്നു വേണ്ട നമുക്കു ചുറ്റുമുള്ള എല്ലാം തന്നെ വെറും ചലനങ്ങളാകെ, അവയുടെ ആഴവും വ്യാപ്തിയും ഫലങ്ങളും പല വിധത്തിൽ നമ്മെ ബാധിച്ചെന്നിരിയ്ക്കാം. ദുഃഖ സമ്മിശ്രങ്ങളെ മറക്കാനും സുഖകരമായവയെ ഓർക്കാനും ആസ്വദിയ്ക്കാനും നമുക്ക് പ്രത്യേക കഴിവുണ്ട്. പക്ഷേ ഇവയൊന്നും തന്നെ സ്ഥായിയായുള്ളതല്ലെന്നോർക്കാൻ നാം പലപ്പോഴും മറന്നു പോകുന്നു. ഇവിടെ പ്രശ്നങ്ങൾക്കു നാം തന്നെ തുടക്കമിടുന്നു. സുഖകരമായ ചില ചലനങ്ങളെ നിലനിർത്താൻ നാം വ്യാമോഹിയ്ക്കുന്നു, അവ തന്റെ വരുതിയിലല്ലെങ്കിൽക്കൂടി സുഖ-ദുഃഖസമ്മിശ്രമാണു ജീവിതമെന്ന സത്യത്തെ മാറ്റാൻ വൃഥാ ശ്രമിയ്ക്കുന്നു. എല്ലാത്തിനും പുറകിലെ അദൃശ്യശക്തിയെ സന്തോഷിപ്പിയ്ക്കാൻ നെട്ടോട്ടമോടുന്നു. ഓരോ ചലനവും പരസ്പ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്ന പരമാർത്ഥത്തെ ഓർക്കാതിരിയ്ക്കാൻ ശ്രമിയ്ക്കുന്നു. ഫലമോ, അസന്തുഷ്ടിയുടെ പുതിയ ചലനങ്ങൾ മാത്രം!

ശരിയ്ക്കു പറഞ്ഞാൽ നമ്മുടെ ഓരോ പ്രവർത്തിയും സൃഷ്ടിയ്ക്കുന്ന ചലനങ്ങൾ അന്യനെക്കൂടി ബാധിയ്ക്കാമെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ജീവിതത്തിലെ താളം തെറ്റാതിരിയ്ക്കാൻ അതേറെയാവശ്യമാണ്. കവിതകളിലെ വരികളിൽ തുളുമ്പി നിൽക്കുന്ന സൌന്ദര്യത്തിനു കാരണം അതിന്റെ താളമാണ്, വാക്കുകൾ മാത്രമല്ല. അതിനെ നാം നൃത്തത്തിലൂടെ അവതരിപ്പിയ്ക്കുമ്പോഴോ ചലനത്തിന്റെ ഭാവം നമുക്കുൾക്കൊള്ളാനുമാകുന്നു.കവിത മധുരിയ്ക്കുന്നു.

ശരിയ്ക്കു ശ്രദ്ധിച്ചാൽ മാറ്റങ്ങൾക്കു വിധേയമായി സ്വന്തം ചട്ടക്കൂട്ടിനകത്തു നിന്നു തന്നെ താളബദ്ധമായി നൃത്തം ചെയ്യുന്ന പ്രകൃതിയുടെ ഭാവങ്ങളെ ന്മുക്കാസ്വദിയ്ക്കാനാകും. സമയം തെറ്റാതെയെത്തുന്ന മഴയ്ക്കും, ഉരുകുന്ന ചൂടിനും, തഴുകാനെത്തുന്ന മന്ദമാരുതനും,പച്ചപ്പു പരത്തുന്ന പുൽക്കൊടികൾക്കുംആകാശത്തു പറക്കുന്ന പറവകൾക്കും , കളകളം പാടുന്ന പുഴകൾക്കുമെല്ലാം തന്നെ.സ്വന്തമായൊരു താളമുണ്ട്. എല്ലാം ചടുല നൃത്തങ്ങൾ മാത്രം…പ്രകൃതിയുടെ ഹൃദയത്തുടിപ്പുകൾ മാത്രം.

നൃത്തം ചെയ്യുമ്പോൾ ഒന്നേ ഓർക്കാനുള്ളൂ, കാൽ വയ്ക്കാനുള്ള ഇടത്തിനായല്ല, മറിച്ച് നൃത്തത്തിന്റെ ഓരോ ചുവടും ആസ്വദിയ്ക്കാനായാണ് നാമെത്തിയിരിയ്ക്കുന്നത് എന്ന സത്യം.

(When you dance, your purpose is not to get to a certain place on the floor. It’s to enjoy each step along the way. Wayne Dyer)

shortlink

Related Articles

Post Your Comments

Related Articles


Back to top button