പാട്ന: രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറ് വരെ പാചകം ചെയ്യരുതെന്നും പൂജകള്‍ ചെയ്യരുതെന്നും ബീഹാര്‍ സര്‍ക്കാര്‍. കടുത്ത ചൂടും വരണ്ടകാലാവസ്ഥയും മൂലം തീപിടുത്തം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പരിഹാര മാര്‍ഗങ്ങളുമായി ബീഹാര്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്.
രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയുള്ള സമയത്ത് ആരും പാചകം ചെയ്യരുതെന്നും തീകത്തിക്കേണ്ടി വരുന്ന പൂജകള്‍ ചെയ്യരുതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കാറ്റ് അടിക്കുമ്പോള്‍ അടുപ്പിലുള്ള തീ കുടിലുകളിലേക്ക് പടരുമെന്നതിനാലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലുണ്ടായ തീപിടുത്തത്തില്‍ 300 ഓളം വീടുകള്‍ കത്തി നശിച്ചിരുന്നു. തീപിടുത്തമുണ്ടായ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അതേ സമയം പുതിയ ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്നുള്ള ആശങ്കയിലാണ് അധികൃതര്‍.
തീപിടുത്തത്തില്‍ വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്. തീപിടുത്തത്തെ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും തീരുമാനമായി.
Post Your Comments